ഇടക്കിടെ കോട്ടുവാ ഇടുന്നവരാണോ? ഒളിഞ്ഞിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ
ക്ഷീണിക്കുമ്പോഴോ, മടുപ്പ് തോന്നുമ്പോഴോ, ഉറക്കമുണരുമ്പോഴോ ഒക്കെ നമ്മൾ അറിയാതെ തന്നെ കോട്ടുവാ ഇടാറുണ്ട്. എന്നാൽ, ചില ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് തുടർച്ചയായി കോട്ടുവാ ഇടുന്നതെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു

നമ്മുടെ ദൈനംദിന ജീവിതത്തിൽ സാധാരണയായി കാണുന്ന ഒരു പ്രതിഭാസമാണ് കോട്ടുവാ. ക്ഷീണിക്കുമ്പോഴോ, മടുപ്പ് തോന്നുമ്പോഴോ, ഉറക്കമുണരുമ്പോഴോ ഒക്കെ നമ്മൾ അറിയാതെ തന്നെ കോട്ടുവാ ഇടാറുണ്ട്. ഉറക്കക്കുറവ്, അമിതമായ പകൽ ഉറക്കം, ശാരീരിക പ്രശ്‌നങ്ങൾ തുടങ്ങിയ അവസ്ഥകളിലും കോട്ടുവാ ഉണ്ടാകാൻ സാധ്യതയുണ്ട്. കോട്ടുവാ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നതായി ശ്രദ്ധിച്ചിട്ടില്ലേ, പ്രത്യേക ശാസ്ത്രീയ അടിത്തറയൊന്നുമില്ലെങ്കിലും കൗതകമുണർത്തുന്നതാണ് ഇക്കാര്യം.
ചില ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് തുടർച്ചയായി കോട്ടുവാ ഇടുന്നതെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇടയ്ക്കിടെ അമിതമായി കോട്ടുവാ ഇടുന്നത് തെർമോറെഗുലേറ്ററി പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാലാണെന്ന് സ്ലീപ് ആൻഡ് ബ്രീത്തിങ് എന്ന ജേർണൽ 2009ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശരീരം അതിന്റെ ആന്തരിക താപനില നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നതിനെയാണ് തെർമോറെഗുലേറ്ററി ഡിസ്ഫങ്ഷൻ എന്നുപറയുന്നത്. ഉറക്കവുമായി ബന്ധപ്പെട്ട് മാത്രമല്ല ചില ആരോഗ്യ പ്രശ്‌നങ്ങളുടെ കൂടി സൂചനയാണ് കോട്ടുവായെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.
കോട്ടുവാ ഇടുന്നതിന്റെ കൃത്യമായ കാരണം ഇപ്പോഴും പൂർണമായി മനസ്സിലാക്കിയിട്ടില്ല. എങ്കിലും, പ്രധാനമായും അംഗീകരിക്കപ്പെട്ടിട്ടുള്ള ചില സിദ്ധാന്തങ്ങൾ ഇവയൊക്കെയാണ്;
തലച്ചോറിന് തണുപ്പേകാൻ: കോട്ടുവാ ഇടുന്നത് തലച്ചോറിലെ താപനില നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് ഒരു പ്രധാന സിദ്ധാന്തം. കോട്ടുവാ വഴി നമ്മൾ ഉള്ളിലേക്ക് എടുക്കുന്ന തണുത്ത വായു മുഖ പേശികളിലെ രക്തയോട്ടം വർധിപ്പിക്കുകയും, ഇത് തലച്ചോറിന് തണുപ്പേകാൻ സഹായിക്കുകയും ചെയ്യുന്നു. തലച്ചോറിന് അമിതമായി ചൂടാകുമ്പോൾ കോട്ടുവാ വരാനുള്ള സാധ്യത കൂടുതലാണ്.
കൂടുതൽ ഓക്‌സിജൻ ലഭ്യമാക്കാൻ: വായ തുറന്ന് പിടിച്ച് കൂടുതൽ ഓക്‌സിജൻ ശരീരത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനമാണ് കോട്ടുവായെന്നാണ് മറ്റൊരു സിദ്ധാന്തം.
ഉണർവ് നിലനിർത്താൻ: ക്ഷീണിക്കുമ്പോഴോ മടുക്കുമ്പോഴോ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാകും. ഈ സമയത്ത് ഹൃദയമിടിപ്പ് വർധിപ്പിച്ച്, പേശികളെ വലിച്ചുനീട്ടി, കൂടുതൽ ഉണർവോടെ ഇരിക്കാൻ കോട്ടുവാ സഹായിക്കുന്നു.
ശ്വാസകോശ വ്യായാമം: കോട്ടുവാ നമ്മുടെ ശ്വാസകോശങ്ങളെയും നെഞ്ചിലെ പേശികളെയും വലിച്ചുനീട്ടുകയും, അതുവഴി ശ്വാസകോശത്തിലെ വായുസഞ്ചാരം മെച്ചപ്പെടുത്തുകയും ചെയ്യാം.
ആരെങ്കിലും കോട്ടുവാ ഇട്ടാൽ അടുത്ത് നിൽക്കുന്നവരും കോട്ടുവാ ഇടുന്നത് കണ്ടിട്ടില്ലേ. ഇതിന് പിന്നിൽ നിരവധി കാരണങ്ങൾ വിശദീകരിക്കുന്നുണ്ടെങ്കിലും അവ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ലഭ്യമല്ല. തലച്ചോറിലെ മിറർ ന്യൂറോണുകളുടെ പ്രവർത്തനമാണ് ഇതിന് പിന്നിലെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അമിതമായി കോട്ടുവാ ഇടുന്നതിന്റെ കാരണങ്ങൾ
വളരെ കൂടുതൽ കോട്ടുവാ ഇടുന്നത് പലപ്പോഴും ക്ഷീണത്തിന്റെയോ മടുപ്പിന്റെയോ സൂചനയാകാം. എന്നാൽ, ചില സന്ദർഭങ്ങളിൽ, ഇത് മറ്റ് ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമായേക്കാം.
ക്ഷീണം/ഉറക്കക്കുറവ്: ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുകയോ അമിതമായി ക്ഷീണിക്കുകയോ ചെയ്യുമ്പോൾ കോട്ടുവാ കൂടാം.
മടുപ്പ്: കാര്യമായ ഉത്തേജനം ഇല്ലാത്ത സാഹചര്യങ്ങളിൽ (വിരസമായ ക്ലാസ്സുകൾ, ഡ്രൈവിംഗ്, ജോലി) കോട്ടുവാ കൂടാൻ സാധ്യതയുണ്ട്.
ചില മരുന്നുകൾ: വിഷാദരോഗത്തിനോ, ഉത്കണ്ഠയ്‌ക്കോ ഉപയോഗിക്കുന്ന ചില മരുന്നുകളുടെ പാർശ്വഫലമായി അമിതമായ കോട്ടുവാ ഉണ്ടാകാം.
അമിതമായ കോട്ടുവാ തുടർച്ചയായി അനുഭവപ്പെടുകയാണെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. കാരണം, ഇത് താഴെ പറയുന്ന ചില ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാകാം:
- സ്ലീപ്പ് അപ്നിയ: ഉറക്കത്തിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥ.
- നാർക്കോലെപ്‌സി: അമിതമായ പകലുറക്കം.
- വാഗസ് നാഡിയുടെ ഉത്തേജനം: തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്കും വയറ്റിലേക്കും പോകുന്ന വാഗസ് നാഡിക്ക് ഉണ്ടാകുന്ന അസാധാരണമായ ഉത്തേജനം. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ അപൂർവമായ സൂചനയായിരിക്കാം.
ഇത് കൂടാതെ തലച്ചോറിലെ ചില അവസ്ഥകൾ മൂലവും കോട്ടുവാ ഉണ്ടാകാം. ട്യൂമറുകൾ മൂലം തലച്ചോറിന്റെ താപനിയന്ത്രണം തകരാറിലാകുന്ന സാഹചര്യങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. മസ്തിഷ്‌കാഘാതവുമായി ബന്ധപ്പെട്ട തെർമോൺഗുലേറ്ററി അപര്യാപ്തത കാരണം സ്‌ട്രോക്ക് സംഭവിച്ചവരിൽ അമിതമായ കോട്ടുവാ കാണപ്പെടുമെന്ന് 2014-ൽ ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂറോ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. എപ്പിലെപ്‌സി, മൾട്ടിപ്പിൽ സ്‌ക്ലിറോസിസ്, ശരീര താപനില നിയന്ത്രണത്തിലെ പ്രശ്‌നങ്ങൾ എന്നിവയും അമിത കോട്ടുവായ്ക്ക് കാരണമാകാം.
അമിതമായ കോട്ടുവായോടൊപ്പം മറ്റ് അസാധാരണ ലക്ഷണങ്ങളായ നെഞ്ചുവേദന, തലകറക്കം, ശ്വാസംമുട്ട്, അമിതമായ പകലുറക്കം തുടങ്ങിയവയുണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട് കൃത്യമായ രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്.
Adjust Story Font
16

