താടിയും മുടിയും ഷേവ് ചെയ്യാൻ വരട്ടെ; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും!
വ്യക്തിശുചിത്വത്തിന്റെയോ ആകർഷകമായ ലുക്കിന്റെയോ ഭാഗമായി നമ്മൾ ചെയ്യുന്ന ഈ കാര്യങ്ങൾ യഥാർഥത്തിൽ ചർമ്മത്തിന്റെ ആന്തരിക ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് പലർക്കും അറിയില്ല


നിങ്ങൾ ക്ലീൻ ഷേവ് പേർസൺ ആണോ അല്ലെങ്കിൽ വെട്ടിയൊതുക്കിയ താടിയും മീശയുമുള്ളയാളാണോ? ഇടക്കിടെ താടിയും മുടിയും ഒന്ന് വെട്ടിയൊതുക്കുന്നതും അല്ലെങ്കിൽ ഷേവ് ചെയ്യുന്നതുമൊക്കെ ജീവിതത്തിൽ അത്രയേറെ സാധാരണമായൊരു ശീലമാണ്... വ്യക്തിശുചിത്വത്തിന്റെയോ ആകർഷകമായ ലുക്കിന്റെയോ ഭാഗമായി നമ്മൾ ചെയ്യുന്ന ഈ കാര്യങ്ങൾ യഥാർഥത്തിൽ ചർമ്മത്തിന്റെ ആന്തരിക ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് പലർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം. വിചാരിക്കുന്നതുപോലെ അത്ര ലളിതമായൊരു കാര്യമല്ല ഈ ഷേവിങ് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
രോമങ്ങൾ നീക്കം ചെയ്യുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും, ശരിയായ രീതിയിലല്ല ഇത് ചെയ്യുന്നതെങ്കിൽ ചില ഗുരുതരമായ ചർമപ്രശ്നങ്ങൾക്ക് അത് വഴിതെളിക്കും. പുരുഷന്മാരിലെ ഷേവിങ്, ട്രിമ്മിങ് ശീലങ്ങളുടെ ശാസ്ത്രീയമായ ഗുണദോഷങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം:
ഷേവിങ്ങും ട്രിമ്മിങ്ങും നൽകുന്ന ആരോഗ്യ ഗുണങ്ങൾ
- വിയർപ്പ് നാറ്റം കുറയ്ക്കുന്നു: ശരീരത്തിൽ അമിതമായി രോമമുള്ള ഭാഗങ്ങളിൽ വിയർപ്പ് തങ്ങിനിൽക്കാനും അവിടെ ബാക്ടീരിയകൾ അതിവേഗം വളരാനും സാധ്യതയുണ്ട്. രോമങ്ങൾ വെട്ടി ഒതുക്കുമ്പോൾ ചർമം എപ്പോഴും ഉണങ്ങിയിരിക്കുകയും അണുബാധകൾ ഉണ്ടാകുന്നത് തടയുകയും ചെയ്യും
- ചർമത്തിലെ അസ്വസ്ഥതകൾ ഒഴിവാക്കുന്നു: കഠിനമായ ചൂടുകാലത്ത് രോമങ്ങൾ അമിതമായാൽ ചർമത്തിൽ വായുസഞ്ചാരം കുറയുകയും ഇത് വിയർപ്പുകുരുക്കൾക്കും കടുത്ത ചൊറിച്ചിലിനും കാരണമാവുകയും ചെയ്യും. രോമങ്ങൾ കൃത്യമായി പരിപാലിക്കുന്നത് ഈ പ്രശ്നം കുറയ്ക്കും.
ശ്രദ്ധിച്ചില്ലെങ്കിൽ ഉണ്ടാകുന്ന അഞ്ച് ആരോഗ്യ പ്രശ്നങ്ങൾ
- ഇൻഗ്രോൺ ഹെയർ: ട്രിം ചെയ്യുന്നതിന് പകരം ബ്ലേഡ് ഉപയോഗിച്ച് തുടർച്ചയായി ഷേവ് ചെയ്യുമ്പോൾ രോമങ്ങൾ ചർമത്തിന് ഉള്ളിലേക്ക് വളരാൻ സാധ്യതയുണ്ട്. ഇത് പിന്നീട് ആ ഭാഗത്ത് ചെറിയ കുരുക്കളും കടുത്ത വേദനയും ഉണ്ടാക്കും.
- ഉപകരണങ്ങളുടെ ശുചിത്വം: ഒരേ ബ്ലേഡ് അല്ലെങ്കിൽ ട്രിമ്മർ തന്നെ ശുചിയാക്കാതെ വീണ്ടും ഉപയോഗിക്കുന്നത് വഴി ചർമത്തിൽ ഉണ്ടാകുന്ന ചെറിയ മുറിവുകളിലൂടെ മാരകമായ അണുബാധകൾ ശരീരത്തിൽ പ്രവേശിക്കാൻ കാരണമാകും.
- ട്രിമ്മിങ് ആണ് കൂടുതൽ സുരക്ഷിതം: രോമങ്ങൾ പൂർണമായി ഷേവ് ചെയ്യുന്നതിനേക്കാൾ ട്രിം ചെയ്യുന്നതാണ് ചർമത്തിന് എപ്പോഴും കൂടുതൽ സുരക്ഷിതം എന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ട്രിം ചെയ്യുമ്പോൾ ചർമത്തിന് നേരിട്ട് പരിക്കുകൾ ഏൽക്കുന്നില്ല.
- ഡ്രൈ ഷേവിങ് അരുത്: വരണ്ട ചർമ്മത്തിൽ നേരിട്ട് ബ്ലേഡ് ഉപയോഗിച്ച് ഷേവ് ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് ചർമത്തിന്റെ സ്വാഭാവികമായ ആവരണത്തെ നശിപ്പിക്കും.
- ക്രീമുകളുടെ ഉപയോഗം: ഷേവ് ചെയ്യുന്നവർ നല്ല നിലവാരമുള്ള ഷേവിങ് ക്രീമുകളും മോയ്സ്ചറൈസറുകളും നിർബന്ധമായും ഉപയോഗിക്കേണ്ടതുണ്ട്. ക്രീമുകൾ ഉപയോഗിച്ച് മാത്രം ഷേവ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.
Adjust Story Font
16
