Quantcast

കുട്ടികളുടെ ലഞ്ച് ബോക്സ് എങ്ങനെയൊരുക്കണം? മാതാപിതാക്കൾക്കായി വിദഗ്ധരുടെ നിർദേശങ്ങൾ

കുട്ടികൾ അവരുടെ ഉണർന്നിരിക്കുന്ന സമയത്തിന്‍റെ പകുതിയോളം സ്കൂളിലാണ് ചെലവഴിക്കുന്നത്. ഈ സമയത്ത് അവർ കഴിക്കുന്ന ഭക്ഷണം അവരുടെ ഊർജ്ജനില, ഏകാഗ്രത തുടങ്ങി സമഗ്ര ആരോഗ്യ കാര്യങ്ങളിൽ വരെ നേരിട്ട് സ്വാധീനം ചെലുത്തുന്നുണ്ട്

MediaOne Logo
കുട്ടികളുടെ ലഞ്ച് ബോക്സ് എങ്ങനെയൊരുക്കണം? മാതാപിതാക്കൾക്കായി വിദഗ്ധരുടെ നിർദേശങ്ങൾ
X

രാവിലെ കുട്ടികളുടെ ലഞ്ച് ബോക്സ് ഒരുക്കുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു കടമ്പയാണ്. മക്കളെ സ്കൂളിലേക്ക് അയയ്ക്കാനുള്ള തിരക്കിൽ, പലപ്പോഴും എളുപ്പവഴികൾക്കാണ് മുൻഗണന നൽകുക. ഒരുപായ്ക്കറ്റ് ചിപ്സ്, ഒരു ക്രീം ബിസ്കറ്റ്, അല്ലെങ്കിൽ ലളിതമായി തയ്യാറാക്കാൻ കഴിയുന്ന ചില മധുര പാനീയങ്ങൾ തുടങ്ങിയവയൊക്കെ ഇതിനായി പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ ഇത്തരം എളുപ്പവഴികൾ കുട്ടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഒരുനേരത്തെ ഭക്ഷണമെന്ന നിലയിൽ മാത്രമല്ല സ്കൂൾ ലഞ്ച് ബോക്സിനെ കാണേണ്ടതെന്ന് അവർ പറയുന്നു. അത് കുട്ടികൾക്ക് ദിവസം മുഴുവൻ ആക്ടീവായിരിക്കാനും പഠനകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും നൽകുന്ന പോഷകമാണ്. കുട്ടിക്ക് ദിവസം മുഴുവൻ ആവശ്യമായ ഊർജം പ്രദാനം ചെയ്യുന്നതും അവരുടെ വളർച്ചക്ക് സഹായകമാകുന്നതുമായിരിക്കണം ഉച്ചഭക്ഷണമെന്ന് ഡയറ്റീഷ്യൻ ഡോ. മഞ്ജു പി. ജോർജ് പറയുന്നു. നിർഭാഗ്യവശാൽ ഇന്ന് പല കുട്ടികളുടെയും ഭക്ഷണത്തിൽ പഞ്ചസാരയുടെയും ഉപ്പിന്‍റെയും അനാരോഗ്യകരമായ കൊഴുപ്പിന്‍റെയും അളവ് ഗണ്യമായി വർധിച്ചിരിക്കുന്നതായാണ് കാണുന്നത്. ആവശ്യമായ പോഷകങ്ങളുടെ അസാന്നിധ്യവും പ്രകടമാകുന്നുവെന്ന് ഡോ. മഞ്ജു വ്യക്തമാക്കുന്നു.

സ്കൂൾ ഉച്ചഭക്ഷണം എന്തുകൊണ്ട് അതിപ്രധാനമാകുന്നു?

കുട്ടികൾ അവരുടെ ഉണർന്നിരിക്കുന്ന സമയത്തിന്‍റെ പകുതിയോളം സ്കൂളിലാണ് ചെലവഴിക്കുന്നത്. ഈ സമയത്ത് അവർ കഴിക്കുന്ന ഭക്ഷണം അവരുടെ ഊർജ്ജനില, ഏകാഗ്രത തുടങ്ങി സമഗ്ര ആരോഗ്യ കാര്യങ്ങളിൽ വരെ നേരിട്ട് സ്വാധീനം ചെലുത്തുന്നുണ്ട്. സമീകൃതാഹാരം കഴിക്കുന്ന കുട്ടികൾ പൊതുവെ കൂടുതൽ സജീവമായിരിക്കും. അവർക്ക് ക്ലാസ്സുകളിൽ കൂടുതൽ ശ്രദ്ധിക്കാനും പഠനം എളുപ്പമാക്കാനും സാധിക്കും. കുട്ടിക്കാലത്തെ പോഷക ഗുണമുള്ള ഭക്ഷണ രീതി അവരുടെ ശാരീരിക വളർച്ചയെ മാത്രമല്ല, ബുദ്ധി വികാസത്തെയും സഹായിക്കുന്നുവെന്ന് പീഡിയാട്രീഷ്യൻ ഡോ. എ. അരുൺ പറയുന്നു. സ്കൂൾ സമയത്ത് അവശ്യ പോഷകങ്ങൾ ഒഴിവാക്കുന്നത് കുട്ടികളിൽ തളർച്ചയും ശ്രദ്ധക്കുറവും ഉണ്ടാക്കും.

ആരോഗ്യകരമായ ലഞ്ച് ബോക്സിന്‍റെ അടിസ്ഥാന ഘടകങ്ങൾ

വിലകൂടിയ ഭക്ഷണ പദാർഥങ്ങളോ േചരുവകളോ അല്ല ആരോഗ്യകരമായ ലഞ്ച് ബോക്സിന്‍റെ അടിസ്ഥാനം. മറിച്ച് പോഷകങ്ങളുടെ സന്തുലിതാവസ്ഥയാണ്. കുട്ടികൾക്ക് കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, പഴങ്ങൾ, പച്ചക്കറികൾ, ആവശ്യത്തിന് വെള്ളം എന്നിവ കൃത്യമായ അളവിൽ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. ചപ്പാത്തി, ഇഡ്ഡലി, ദോശ, അപ്പം, അരി കൊണ്ടുള്ള വിഭവങ്ങൾ, മില്ലറ്റ് (ചാമ, തിന തുടങ്ങിയവ) വിഭവങ്ങൾ തുടങ്ങിയ പരമ്പരാഗത ഭക്ഷണങ്ങൾ തിരക്കേറിയ ഒരു സ്കൂൾ ദിനത്തിന് ആവശ്യമായ ഊർജ്ജം നൽകും.

പ്രോട്ടീൻ ഏറെ പ്രധാനമാണെങ്കിലും പലപ്പോഴും അവഗണിക്കപ്പെടാറാണ് പതിവ്. ഇത് കുട്ടികൾക്ക് കൂടുതൽ സമയം വിശപ്പില്ലാതെ ഇരിക്കാൻ സഹായിക്കുന്നതും വളർച്ചയിലും പ്രതിരോധശേഷിയിലും പ്രധാന പങ്ക് വഹിക്കുന്നതുമാണ്. മുട്ട, പനീർ, പരിപ്പ് വർഗ്ഗങ്ങൾ, മുളപ്പിച്ച ധാന്യങ്ങൾ, കടല, തൈര് തുടങ്ങിയ ഭക്ഷണങ്ങൾ കുട്ടിയുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്ന് ഡോ. മഞ്ജു വിശദീകരിക്കുന്നു. ലഞ്ച് ബോക്സുകളിൽ സ്ഥിരമായി പഴങ്ങളും പച്ചക്കറികളും ഉണ്ടായിരിക്കണം. നേന്ത്രപ്പഴം, ആപ്പിൾ, പപ്പായ, ഓറഞ്ച്, തണ്ണിമത്തൻ തുടങ്ങിയ സീസണൽ പഴങ്ങൾ പായ്ക്ക് ചെയ്യാൻ എളുപ്പമുള്ളതും അവശ്യ പോഷകങ്ങളാൽ സമ്പന്നവുമാണ്- ഡോ. മഞ്ജു വ്യക്തമാക്കി.

മാതാപിതാക്കൾ വരുത്തുന്ന പൊതുവായ തെറ്റുകൾ

പായ്ക്കറ്റ് ഭക്ഷണ പദാർഥങ്ങളെ അമിതമായി ആശ്രയിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. ചിപ്സ്, ഇൻസ്റ്റന്‍റ് നൂഡിൽസ്, ക്രീം ബിസ്ക്കറ്റുകൾ, ചോക്ലേറ്റുകൾ, മധുരപാനീയങ്ങൾ എന്നിവ സൗകര്യപ്രദമാണെങ്കിലും അവയിൽ ഉപ്പ്, പഞ്ചസാര, അനാരോഗ്യമായ കൊഴുപ്പ് എന്നിവ കൂടുതലായിരിക്കും. ഇവയിൽ പോഷകങ്ങൾ വളരെ കുറവുമാണ്.

എല്ലാ ദിവസവും ഒരേ ഭക്ഷണം തന്നെ നൽകുന്നതും ശരിയായ രീതിയല്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. കുട്ടികൾക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഉണ്ടാകാമെങ്കിലും വൈവിധ്യമില്ലായ്മ പോഷക ലഭ്യത കുറയ്ക്കുകയും കാലക്രമേണ ഭക്ഷണത്തോടുള്ള താൽപര്യം ഇല്ലാതാക്കുകയും ചെയ്യും.

ഫ്രൂട്ട്സ് നൽകുന്നതിന് പകരം പായ്ക്കറ്റ് ഫ്രൂട്ട് ജ്യൂസുകൾ നൽകുന്നതാണ് മറ്റൊരു പൊതുവായ പ്രശ്നം. ഫ്രൂട്ട്സ് കഴിക്കുന്നതിലൂടെ കുട്ടികൾക്ക് ഫൈബർ ലഭ്യതയുണ്ടാകുന്നു. അതിനാൽ ഇതാണ് കൂടുതൽ ആരോഗ്യകരം.

ആരോഗ്യകരമായ ലഞ്ച് ബോക്സ് ഒരുക്കാൻ ലളിതമായ വഴികൾ

* എല്ലാ ലഞ്ച് ബോക്സിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് മാതാപിതാക്കൾക്ക് ഇതിന് തുടക്കമിടാം. ഒരു പുഴുങ്ങിയ മുട്ട, പനീർ, മുളപ്പിച്ച ധാന്യങ്ങൾ അല്ലെങ്കിൽ തൈര് എന്നിവ ചേർക്കുന്നത് ഭക്ഷണത്തിന്‍റെ പോഷകഗുണം ഗണ്യമായി വർദ്ധിപ്പിക്കും.

* ദിവസവും ഒരു പഴമെങ്കിലും ഉൾപ്പെടുത്തുന്നത് മറ്റൊരു ലളിതമായ രീതിയാണ്. സാൻഡ്‌വിച്ചുകൾ, ചപ്പാത്തി റോളുകൾ, ഫ്രൈഡ് റൈസ് അല്ലെങ്കിൽ ദോശ ഫില്ലിംഗുകൾ എന്നിങ്ങനെ കുട്ടികൾ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളിൽ പച്ചക്കറികൾ ചേർക്കാം.

* പായ്ക്കറ്റിൽ കിട്ടുന്ന ലഘുഭക്ഷണങ്ങൾക്ക് പകരം വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങൾ, വറുത്ത കടല, പുഴുങ്ങിയ ചോളം അല്ലെങ്കിൽ ഫ്രൂട്ട്സ് എന്നിവ നൽകുന്നത് വലിയ മാറ്റമുണ്ടാക്കും.

ഭക്ഷണം കൂടുതൽ ആകർഷകമാക്കാം

ഭക്ഷണം മാത്രം നന്നായാൽ പോര, അതിലേക്ക് കുട്ടികളെ ആകർഷിക്കാൻ ചില പൊടിക്കൈകൾ കൂടി പ്രയോഗിക്കേണ്ടി വരും. വർണാഭമായതും കാഴ്ചയിൽ തന്നെ ഭംഗി നിറഞ്ഞതുമായ ഭക്ഷണങ്ങളാണ് അവർക്ക് ഇഷ്ടപ്പെടുക.

എല്ലാ ദിവസവും ഒരേ ഭക്ഷണം നൽകുന്നതിനേക്കാൾ, വ്യത്യസ്ത നിറങ്ങളും രൂപങ്ങളുമുള്ള വിഭവങ്ങൾ ലഞ്ച് ബോക്സിൽ നിറച്ചാൽ കുട്ടികളുടെ താൽപര്യം വർധിക്കും.

ഫ്രൂട്ട്സ് തെരഞ്ഞെടുക്കുമ്പോളടക്കം കുട്ടികളുടെ അഭിപ്രായങ്ങൾ കൂടി ചോദിച്ചറിയുക. കുട്ടികളെ നിർബന്ധിച്ച് ആരോഗ്യകരമായ ഭക്ഷണം കഴിപ്പിക്കുക എന്നതല്ല, മറിച്ച് ആരോഗ്യകരമായ ഭക്ഷണം അവർക്ക് ആസ്വാദ്യകരമാക്കുക എന്നതായിരിക്കണം മാതാപിതാക്കളുടെ ലക്ഷ്യം.

എങ്ങനെയുള്ള ലഞ്ച് ബോക്സ് കണ്ടെയ്നറുകളാണ് വാങ്ങേണ്ടത്?

ഭക്ഷണം നൽകാൻ ഉപയോഗിക്കുന്ന പാത്രവും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകമാണ്. പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടുള്ള ഭക്ഷണം പായ്ക്ക് ചെയ്യുന്നത് പരമാവധി ഒഴിവാക്കുക. സ്റ്റെയിൻലെസ്സ് സ്റ്റീൽ ലഞ്ച് ബോക്സുകളോ ഉയർന്ന ഗുണമേന്മയുള്ള ഫുഡ് ഗ്രേഡ് പാത്രങ്ങളോ ആണ് സുരക്ഷിതമായ ഓപ്ഷനുകൾ. ഇവ ഭക്ഷണത്തിന്‍റെ ഗുണനിലവാരം നിലനിർത്താൻ സഹായിക്കുമെന്ന് ഡോ. അരുൺ പറയുന്നു. രാവിലെ മുതൽ ലഞ്ച് ബ്രേക്ക് വരെ ഭക്ഷണം സുരക്ഷിതമായി ഇരിക്കാൻ ശരിയായ ലഞ്ച് ബോക്സ് തെരഞ്ഞെടുക്കുന്നതിലൂടെ സാധ്യമാകും.

ആരോഗ്യകരമായ ശീലങ്ങൾ ചെറുപ്പത്തിലേ ആരംഭിക്കുന്നു

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ കുട്ടിക്കാലത്താണ് രൂപപ്പെടുന്നതെന്നും അവ മുതിർന്ന പ്രായത്തിലും തുടരുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. മാതാപിതാക്കൾ ഇപ്പോൾ തീരുമാനിക്കുന്ന ഭക്ഷണ രീതികൾ വരും വർഷങ്ങളിൽ ഭക്ഷണവുമായുള്ള കുട്ടിയുടെ ബന്ധത്തെ സ്വാധീനിക്കുമെന്ന് ഡോ. അരുൺ പറയുന്നു. ആരോഗ്യകരമായ ലഞ്ച് ബോക്സ് എന്നാൽ എല്ലാം തികഞ്ഞതാകണമെന്നില്ല. പുതുമായർന്ന ഭക്ഷണങ്ങൾ ദിനേന ഉൾപ്പെടുത്തുക, പ്രോട്ടീൻ ഉറപ്പാക്കുക, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ കുറയ്ക്കുക, സുരക്ഷിതമായ പാത്രം തെരഞ്ഞെടുക്കുക തുടങ്ങിയ ലളിതമായ രീതികളിലൂടെ കുട്ടിയുടെ ആരോഗ്യത്തിൽ ദീർഘകാല സ്വാധീനം ചെലുത്താനാകും. നന്നായി ഒരുക്കിയ ലഞ്ച് ബോക്സ് എന്നാൽ ഒരു ദിവസത്തേക്കുള്ള ഭക്ഷണമെന്നല്ല, അത് കുട്ടിയുടെ ഭാവിയിലേക്കുള്ള നിക്ഷേപമെന്നാണ് കണക്കാക്കേണ്ടത്.

TAGS :

Next Story