സൈലന്റ് അറ്റാക്ക് ഉണ്ടാകുമോ? രാവിലെ ഉണരുമ്പോൾ അറിയാനാകുന്ന മൂന്നു ലക്ഷണങ്ങൾ

ചില ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ ഹൃദയാഘാതം വേഗത്തില്‍ മനസ്സിലാക്കാം

MediaOne Logo

Web Desk

  • Updated:

    2022-09-27 06:49:54.0

Published:

27 Sep 2022 6:49 AM GMT

സൈലന്റ് അറ്റാക്ക് ഉണ്ടാകുമോ? രാവിലെ ഉണരുമ്പോൾ അറിയാനാകുന്ന മൂന്നു ലക്ഷണങ്ങൾ
X

ഒരു പ്രായം കഴിഞ്ഞു മതി ഹൃദയത്തിന്റെ ആരോഗ്യം എന്ന് കരുതുന്നവർ നിരവധിയാണ്. അതുകൊണ്ടു തന്നെ വ്യായാമത്തിലും ഭക്ഷണ ക്രമീകരണത്തിലും അലസത കാണിക്കുന്നവർ ധാരാളം. എന്നാൽ ഹൃദയാഘാതത്തിന് പ്രായമില്ലെന്നും നല്ല ശീലങ്ങൾ നേരത്തെ തന്നെ ആരംഭിക്കണമെന്നും ഡോക്ടർമാർ ഓർമപ്പെടുത്തുന്നു. വിവിധ പഠനങ്ങൾ പ്രകാരം, ചെറുപ്പക്കാർക്കിടയിലെ ഹൃദയാഘാത സാധ്യത കൂടി വരുന്ന സാഹചര്യമാണുള്ളത്. പ്രധാന വില്ലൻ ഭക്ഷണശീലം തന്നെ.

ഹൃദയാഘാതത്തിന് കാരണമാകുന്ന നിരവധി ലക്ഷണങ്ങളുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന ചില ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ ഇതു വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും. അവയിങ്ങനെ;

1- അമിതമായ വിയർപ്പ്

ഉണർന്നെണീക്കുമ്പോൾ വിയർപ്പിൽ കുളിച്ചാണ് കിടക്കുന്നതെങ്കിൽ ശ്രദ്ധിക്കണം. പ്രത്യേകിച്ച് മഴക്കാലത്തും ശൈത്യകാലത്തും. ധമനികൾ അടഞ്ഞു പോയതു കൊണ്ട് ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും രക്തമെത്തിക്കാൻ ഹൃദയം കൂടുതൽ സമ്മർദത്തോടെ ജോലി ചെയ്യുന്നതു കൊണ്ടാണ് അമിതമായി വിയര്‍ക്കുന്നത്. ശരീരത്തിലെ താപനില കുറയ്ക്കാനാണ് കൂടുതൽ വിയർക്കുന്നത്. രാവിലെയോ അർദ്ധരാത്രിയിലോ എഴുന്നേൽക്കുമ്പോൾ തണുത്ത വിയർപ്പ്, അല്ലെങ്കിൽ നനഞ്ഞ ചർമ്മം അനുഭവപ്പെടുകയാണെങ്കിൽ നിർബന്ധമായും ഡോക്ടറെ സമീപിക്കുക.

2- ഓക്കാനം

ഹൃദയാഘാതം ഉണ്ടാകുന്നതിന് മുമ്പ് ചെറിയ ദഹനക്കേടോ ഗ്യാസ്ട്രബ്ൾ സംബന്ധമായ പ്രശ്‌നങ്ങളോ അനുഭവപ്പെടാം. ദഹനപ്രശ്‌നങ്ങൾക്ക് കൂടുതൽ സാധ്യതയുള്ള പ്രായമായ ആളുകൾ, ഹൃദയാഘാതത്തിന്റെ ഈ ലക്ഷണങ്ങളെ നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ഭക്ഷണവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും പ്രശ്‌നമായി നിസ്സാരവത്കരിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇവയെ നിസ്സാരമായി കാണരുത്. ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടുക.

3- ഛർദ്ദി

വയറു വേദനയ്‌ക്കൊപ്പമാണ് മിക്കവാറും ഛർദ്ദിയുണ്ടാകുക. ചിലർക്ക് ഛർദ്ദി മാത്രവുമുണ്ടാകും. ഛർദ്ദിക്കുമ്പോൾ വയറിനുള്ളിൽ അടങ്ങിയിട്ടുള്ളതെല്ലാം ഭക്ഷണക്കുഴലിലൂടെ വായ വഴി പുറത്തെത്തുന്നു. അമിത ഛർദ്ദി നല്ല ആരോഗ്യലക്ഷണമല്ല. വൈദ്യസഹായം തേടുക.

4- മറ്റു ലക്ഷണങ്ങൾ

നെഞ്ചുവേദനയോ നെഞ്ചെരിച്ചിലോ ആണ് ഹൃദയാഘാതത്തിന്റെ പൊതുലക്ഷണം. ഇവ ഒരിക്കലും നിസ്സാരമായി കാണരുത്. ഇരുകൈകളുടെയും തോളിലൂടെ കൈകളിലേക്ക് വ്യാപിക്കുന്ന വേദന, നടുവേദന, വയറുവേദന, കഴുത്തിലും കീഴ്ത്താടിയിലുമുള്ള വേദന തുടങ്ങിയവയെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ശ്വസിക്കാൻ പ്രയാസം അനുഭവപ്പെടുന്നതും സൂക്ഷിക്കണം.

5- എന്തു ചെയ്യണം

ഹൃദയാഘാതം ഉണ്ടായാൽ ആദ്യം ചെയ്യേണ്ടത് അടിയന്തര മെഡിക്കൽ സഹായത്തിനായി ഫോൺ ചെയ്യുക എന്നതാണ്. രോഗിയോട് ശാന്തമായി സംസാരിക്കുക. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയും ധൈര്യവും നൽകുക. ഹൃദയാഘാതമുണ്ടായി രോഗി അബോധാവസ്ഥയിലേക്ക് വീണാൽ സിപിആർ നൽകണം. സിപിആർ വിദഗ്ധ പരിശീലനം ലഭിച്ചവർക്കു മാത്രം ചെയ്യാവുന്ന കാര്യമാണ്. ശാസ്ത്രീയമായി സിപിആർ ചെയ്തില്ലെങ്കിൽ രോഗിക്ക് അപകടമുണ്ടാകാം.

Summary: There are certain signs of silent heart attack, which can especially happen in the morning. Knowing these and paying attention to them if they happen is essential for immediate treatment.

TAGS :

Next Story