Quantcast

സൺസ്‌ക്രീൻ ഉപയോഗിക്കാതിരുന്നാൽ പുരുഷന്മാരുടെ ചർമ്മത്തിന് എന്ത് സംഭവിക്കും?

സ്ത്രീകള്‍ക്ക് മാത്രം ആവശ്യമുള്ള ഒന്നാണ് സൺസ്‌ക്രീൻ എന്നാണ് പലരുടെയും ചിന്ത

MediaOne Logo
സൺസ്‌ക്രീൻ ഉപയോഗിക്കാതിരുന്നാൽ പുരുഷന്മാരുടെ ചർമ്മത്തിന് എന്ത് സംഭവിക്കും?
X

ചര്‍മസംരക്ഷണത്തില്‍ സണ്‍സ്ക്രീനിന്‍റെ പ്രധാന്യം വലുതാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ സൺസ്‌ക്രീൻ എന്നത് വെറും ഒരു കോസ്‌മെറ്റിക് ഉൽപ്പന്നമാണെന്നും ഇത് സ്ത്രീകള്‍ മാത്രം ഉപയോഗിക്കേണ്ട ഒന്നാണെന്നും അതല്ലെങ്കില്‍ ബീച്ചിൽ പോകുമ്പോഴോ അവധിക്കാലത്തോ മാത്രം ഉപയോഗിക്കേണ്ട ഒന്നാണെന്നുമാണ് ഒട്ടുമിക്ക പുരുഷന്മാരുടെയും ധാരണ.എന്നാല്‍ ആ ധാരണ തീര്‍ത്തും തെറ്റാണ്. സ്ത്രീകളുടെ ചര്‍മ്മത്തിന് മാത്രമല്ല സണ്‍സ്ക്രീന്‍ ആവശ്യമായി വരുന്നത്. പുരുഷന്മാരുടെ ചര്‍മ്മത്തിനും ഇത് അത്യാവശ്യമാണ്. സ്ത്രീയായാലും പുരുഷനായാലും നിങ്ങള്‍ വെറുതെ ഒന്ന് പുറത്തിറങ്ങിയാല്‍ പോലും നിങ്ങളുടെ ചര്‍മ്മം അപകടത്തിലാണ്. അതിന് വേനല്‍ക്കാലമെന്നോ മഴക്കാലമെന്നോ വ്യത്യാസമില്ല. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് (UV) രശ്മികൾ ചർമ്മത്തിന് ഏൽപ്പിക്കുന്ന ആഘാതം നമ്മൾ വിചാരിക്കുന്നതിലും വലുതാണ്.

ഇത് മുഖം കരുവാളിക്കുക മാത്രമല്ല, മറിച്ച് ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഗൗരവകരമായ കാര്യമാണ്. കാർ ഓടിക്കുമ്പോഴോ ഓഫീസിൽ ജനാലയ്ക്കൽ ഇരിക്കുമ്പോഴോ പോലും ഗ്ലാസിനുള്ളിലൂടെ ഈ രശ്മികൾ നിങ്ങളെ തേടിയെത്തും. പുരുഷന്മാർ സൺസ്‌ക്രീൻ ഒഴിവാക്കിയാൽ സംഭവിക്കാവുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

അകാല വാർധക്യം

Dovepress എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, മുഖത്തുണ്ടാകുന്ന വാർധക്യ ലക്ഷണങ്ങളിൽ പ്രധാന വില്ലൻ വെയിൽ തന്നെയാണ്. മുഖത്തെ വാർധക്യത്തിന്റെ ഏകദേശം 80 ശതമാനവും അൾട്രാവയലറ്റ് വികിരണം മൂലമാണ് സംഭവിക്കുന്നത്.

സൺസ്‌ക്രീൻ ഉപയോഗിക്കാതെ വെയിൽ ഏൽക്കുമ്പോൾ ചർമ്മത്തിലെ കൊളാജൻ , ഇലാസ്റ്റിൻ എന്നിവ നശിക്കുന്നു. ചർമ്മത്തിന്റെ ഇലാസ്തികതയും യുവത്വവും നിലനിർത്തുന്നത് സഹായിക്കുന്ന ഇവ നശിക്കുന്നതോടെ മുഖത്ത് വരകളും ചുളിവുകളും വീഴും.കൂടാതെ ചർമ്മം തൂങ്ങാൻ തുടങ്ങുകയും പരുക്കനായി മാറുകയും ചെയ്യും.ഇതിന് പുറമെ ചർമ്മത്തിന്റെ നിറത്തിൽ വ്യത്യാസം വരുന്നതിനും കാരണമാകും.

സ്കിൻ കാൻസർ സാധ്യത വർധിക്കുന്നു

സൺസ്‌ക്രീൻ ഉപയോഗിക്കാത്തത് കേവലം സൗന്ദര്യപ്രശ്നം മാത്രമല്ല, അത് ജീവന് തന്നെ ഭീഷണിയായേക്കാം. സംരക്ഷണമില്ലാതെ വെയിൽ ഏൽക്കുന്നത് മെലനോമ (Melanoma) പോലുള്ള മാരകമായ ചർമ്മ അർബുദങ്ങൾക്ക് കാരണമാകും.

സ്ത്രീകൾ ചർമ്മസംരക്ഷണത്തിൽ പുലർത്തുന്ന ശ്രദ്ധ പുരുഷന്മാർ പലപ്പോഴും നൽകാറില്ല. അതിനാൽ തന്നെ ലക്ഷണങ്ങൾ അവഗണിക്കുകയും വൈകി മാത്രം രോഗനിർണയം നടത്തുകയും ചെയ്യുന്നത് പുരുഷന്മാരിൽ അപകടസാധ്യത വർധിപ്പിക്കുന്നു.സൺസ്‌ക്രീൻ ഉപയോഗിക്കാതെ നിരന്തരം വെയിൽ ഏൽക്കുന്നത് ചർമ്മകോശങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തുന്നു.

ഹൈപ്പർ പിഗ്മെന്റേഷനും കറുത്ത പാടുകളും

സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമ്മം സ്വയം സംരക്ഷിക്കാനായി മെലാനിൻ ഉൽപാദിപ്പിക്കും. ഇത് ചർമ്മം ഇരുണ്ട നിറമാകാനും, മുഖത്ത് കറുത്ത പാടുകൾ വരാനും കാരണമാകുന്നു. ഒരിക്കൽ വന്നു കഴിഞ്ഞാൽ ഇവ മാറ്റിയെടുക്കാൻ വലിയ ചെലവേറിയ ചികിത്സകൾ വേണ്ടിവന്നേക്കാം.ചെലവേറിയ ചികിത്സകൾ നൽകിയാലും ഇത് മാറ്റാൻ പ്രയാസമാണ് എന്നതാണ് മറ്റൊരു കാര്യം

ചർമ്മത്തിന്റെ സംരക്ഷണ കവചം ദുർബലമാകുന്നു

അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിന്റെ ഉപരിതലത്തെ മാത്രമല്ല, ആന്തരിക പാളികളെയും ബാധിക്കുന്നു. ഇത് ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പവും പ്രതിരോധശേഷിയും കുറയ്ക്കുന്നു. ഇതിന്‍റെ ഭാഗമായി ചർമ്മം അമിതമായി വരണ്ടുപോകുകയും ചർമ്മത്തിൽ അലർജിയും തടിപ്പും വരാൻ സാധ്യത കൂടുകയും ചെയ്യും. കൂടാതെ മുഖക്കുരുവും മറ്റ് ചർമ്മപ്രശ്നങ്ങളും വർധിക്കുന്നു.

അത്ര നിസാരമാക്കേണ്ട സൂര്യാതാപത്തെ

പല പുരുഷന്മാരും സൂര്യതാപത്തെ വളരെ നിസ്സാരമായാണ് കാണുന്നത്. 'മുഖമൊന്ന് ചുവന്നിട്ടല്ലേ ഒള്ളൂ അത് നാളെ മാറും" എന്നാകും നിങ്ങളുടെ ചിന്ത. എന്നാൽ ആവർത്തിച്ചുണ്ടാകുന്ന സൂര്യതാപം ചർമ്മകോശങ്ങൾക്ക് ശാശ്വതമായ കേടുപാടുകൾ വരുത്തുന്നു. വർഷങ്ങളായുള്ള ഇത്തരം ചെറിയ പൊള്ളലുകൾ പോലും ചർമ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും ഭാവിയിൽ ഗുരുതരമായ ചർമ്മപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

എന്തുകൊണ്ട് പുരുഷന്മാര്‍ ശ്രദ്ധിക്കണം

പുരുഷന്മാർ ദിവസവും സൺസ്‌ക്രീൻ ഉപയോഗിക്കാനുള്ള സാധ്യത വളരെ കുറവാണ്. യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പുരുഷന്മാർ കൂടുതൽ സമയം പുറംജോലികളിലോ യാത്രകളിലോ ഏർപ്പെടുന്നവരാണ്. ഇതിനെല്ലാം പുറമെ ചർമ്മസംരക്ഷണ കാര്യങ്ങളിൽ പലപ്പോഴും കൃത്യമായ ഒരു രീതി പിന്തുടരാൻ പുരുഷന്മാർക്ക് മടിയാണ്. ഈ കാരണങ്ങളെല്ലാം ചേർന്ന് ചർമ്മത്തിന് ദീർഘകാലാടിസ്ഥാനത്തിലുള്ള കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ഇക്കാര്യങ്ങള്‍ മറക്കരുത്

ശരിയായ സൺസ്‌ക്രീൻ തെരഞ്ഞെടുക്കുക. കുറഞ്ഞത് SPF 30 എങ്കിലും ഉള്ള, 'ബ്രോഡ് സ്പെക്ട്രം' എന്ന് രേഖപ്പെടുത്തിയ സൺസ്‌ക്രീൻ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഇത് യുവിഎ, യുവിബി രശ്മികളിൽ നിന്ന് ഒരുപോലെ സംരക്ഷണം നൽകും.

നിങ്ങൾ പകൽ സമയം കൂടുതൽ വീടിനുള്ളിൽ ആണെങ്കിൽ പോലും സൺസ്‌ക്രീൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

മുഖം, കഴുത്ത്, ചെവികൾ, കൈകൾ എന്നീ ഭാഗങ്ങളിലാണ് സൂര്യപ്രകാശം നേരിട്ട് ഏൽക്കാൻ സാധ്യത കൂടുതൽ. അതിനാൽ ഇവിടെ കൃത്യമായി പുരട്ടുക.

അമിതമായി വിയർക്കുകയോ കൂടുതൽ സമയം വെയിലത്ത് ചെലവഴിക്കുകയോ ചെയ്യുകയാണെങ്കിൽ കൃത്യമായ ഇടവേളകളിൽ വീണ്ടും പുരട്ടേണ്ടതുണ്ട്.

സൺസ്‌ക്രീൻ എന്നത് വെറുമൊരു സൗന്ദര്യവർദ്ധക വസ്തുവല്ല, മറിച്ച് ചർമ്മത്തിനുള്ള സംരക്ഷണ കവചം കൂടിയാണിത്. ദിവസവും രാവിലെ കുളിച്ചതിന് ശേഷം മുഖത്തും പുറത്തു കാണുന്ന ശരീരഭാഗങ്ങളിലും സൺസ്‌ക്രീൻ പുരട്ടുന്നത് ഒരു ശീലമാക്കുക. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ഇതിലും ലളിതമായ മറ്റൊരു മാർഗ്ഗമില്ല എന്ന് മറക്കാതിരിക്കുക.

ഭാവിയിൽ നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കാൻ ഇന്ന് മുതൽ തുടങ്ങാവുന്ന ഏറ്റവും ലളിതമായ ശീലമാണിത്. കാരണം, രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാൾ എപ്പോഴും നല്ലത് അത് വരാതെ തടയുന്നതാണ്.

TAGS :

Next Story