Quantcast

ഒറ്റയടിക്ക് നാലുകുപ്പി വെള്ളം കുടിച്ചു, കുഴഞ്ഞുവീണ് മരണം; വാട്ടർ ടോക്‌സിസിറ്റി നിസാരമല്ല

ഒരു ദിവസം കുടിക്കേണ്ട വെള്ളമാണ് യുവതി 20 മിനിറ്റിൽ കുടിച്ചുതീർത്തത്. ഒറ്റയടിക്ക് ധാരാളം വെള്ളം കുടിച്ചാൽ സംഭവിക്കുന്നത് എന്തെന്ന് അറിയണം...

MediaOne Logo

Web Desk

  • Published:

    12 Aug 2023 12:32 PM GMT

ഒറ്റയടിക്ക് നാലുകുപ്പി വെള്ളം കുടിച്ചു, കുഴഞ്ഞുവീണ് മരണം; വാട്ടർ ടോക്‌സിസിറ്റി നിസാരമല്ല
X

വെള്ളം കുടിച്ച് മരിച്ചു എന്ന് കേട്ടാൽ മുങ്ങി മരിച്ചതാണെന്ന് മാത്രം ചിന്തിക്കേണ്ട! അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് അമേരിക്കയിലെ ഒരു സ്ത്രീ മരിച്ച വാർത്ത അടുത്ത ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അധികമായാൽ അമൃതം വിഷം എന്ന് കേട്ടിട്ടില്ലേ.. അതുപോലെ തന്നെ വെള്ളവും അധികമായാൽ അപകടമാണ്. വാട്ടർ ടോക്സിസിസിറ്റി എന്ന അവസ്ഥയാണിത്. ജല വിഷബാധ, ഹൈപ്പർഹൈഡ്രേഷൻ, ഓവർഹൈഡ്രേഷൻ എന്നും അറിയപ്പെടാറുണ്ട്.

തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ മാരകമായേക്കാവുന്ന ഒരു അസ്വസ്ഥതയാണിത്. യുഎസിലെ ഇൻഡ്യാനയിൽ നിന്നുള്ള രണ്ട് കുട്ടികളുടെ അമ്മയായ ആഷ്‌ലി സമ്മേഴ്സ് ആണ് അപൂർവ രോഗാവസ്ഥ ബാധിച്ച് മരിച്ചത്. വളരെ വേഗത്തിൽ വെള്ളം കുടിച്ചതാണ് ഇവരുടെ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 20 മിനിറ്റിനുള്ളിൽ 1.8 ലിറ്റർ വെള്ളമാണ് ഇവർ കുടിച്ചുതീർത്തത്.

കുടുംബത്തോടൊപ്പം ഇൻഡ്യാനയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു ആഷ്‌ലി. കനത്ത ചൂടിൽ നിർജലീകരണം അനുഭവപ്പെട്ട ആഷ്‌ലി ഒറ്റയടിക്ക് നാലുകുപ്പി വെള്ളമാണ് കുടിച്ചുതീർത്തത്. തുടർന്ന് ഇവരെ ബാത്റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. വാട്ടർ ടോക്സിസിറ്റി മൂലമാണ് ആഷ്‌ലി മരണപ്പെട്ടതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

വാട്ടർ ടോക്സിസിസിറ്റി

തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ മാരകമായേക്കാവുന്ന അവസ്ഥയാണ് വാട്ടർ ടോക്‌സീമിയ എന്നുമറിയപ്പെടുന്ന വാട്ടർ ടോക്സിസിസിറ്റി. അമിതമായി വെള്ളം കുടിക്കുന്നതുവഴി ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ സാധാരണ ബാലൻസ് സുരക്ഷിതമായ പരിധിയിൽ കവിഞ്ഞ് പുറന്തള്ളപ്പെടുമ്പോൾ ഉണ്ടായേക്കാം. ആരോഗ്യപ്രശ്നങ്ങൾ മൂലം വൃക്കകൾ അമിത ജലം നിലനിർത്തുന്നതു മൂലവും ഇത് സംഭവിക്കാം.

വാട്ടർ ടോക്സിസിസിറ്റി മൂലം രക്തത്തിൽ ജലാംശത്തിന്റെ അളവ് വർധിക്കാൻ ഇടയാകും. സോഡിയം ഉൾപ്പടെ രക്തത്തിലുള്ള ഇലക്ട്രോലൈറ്റുകളെ ഇത് നേർപ്പിക്കുകയും ചെയ്യും.

വളരെ അപൂർവം കേസുകളിൽ മാത്രമാണ് വാട്ടർ ടോക്സിസിസിറ്റി മൂലം മരണം സംഭവിക്കുന്നത്. മരണത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ പലപ്പോഴും കായിക മത്സരങ്ങളിൽ പങ്കെടുത്ത ശേഷം അമിതമായി വെള്ളം കുടിക്കുന്നത് മൂലമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കഠിനമായ വ്യായാമം ചെയ്ത ശേഷം വെള്ളം ധാരാളം കുടിക്കുമ്പോഴും വാട്ടർ ടോക്സിസിസിറ്റി ഉണ്ടാകാം. ചിലയിടങ്ങളിൽ അമിതമായ അളവിൽ വെള്ളം കുടിക്കാൻ നിർബന്ധിതനാക്കുന്ന തരത്തിലുള്ള പീഡനരീതികൾ പോലും നിലവിലുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.

വെള്ളം, മറ്റേതൊരു പദാർത്ഥത്തെയും പോലെ, ചുരുങ്ങിയ സമയത്തിനുള്ളിൽ അമിതമായി ഉള്ളിൽ ചെന്നാൽ വിഷമായി കണക്കാക്കാം. സാധാരണയായി മിക്ക ആളുകൾക്കും ഒരുദിവസം 2 മുതൽ 4 ലിറ്റർ വരെ വെള്ളം മതിയാകും. ചില ന്യൂറോളജിക്കൽ അവസ്ഥകളോ മാനസിക വൈകല്യങ്ങളോ ഉള്ള ആളുകൾക്ക് അമിതമായ ദാഹം (പോളിഡിപ്‌സിയ) ഉണ്ടാകാം. 5 ലിറ്ററിൽ കൂടുതൽ വെള്ളം കുടിച്ചാൽ സോഡിയത്തിന്റെ അളവ് കുറയുകയും അനുബന്ധ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും.

ഹൃദയസ്തംഭനമോ വൃക്കരോഗമോ ഉള്ള രോഗികൾക്ക് വെള്ളം കുടിക്കുന്നതിന് നിയന്ത്രണം ആവശ്യമാണ്. അല്ലെങ്കിൽ അവരുടെ ശ്വാസകോശത്തിൽ വെള്ളം കെട്ടിനിൽക്കാനും ശ്വാസതടസ്സം ഉണ്ടാകാനും സാധ്യതയുണ്ട്.

ലക്ഷണങ്ങൾ

ഓക്കാനം, ഛർദ്ദി, വയറിലെ അസ്വസ്ഥത, തലവേദന, ആശയക്കുഴപ്പം, അപസ്മാരം തുടങ്ങിയവയാണ് വാട്ടർ ടോക്സിസിസിറ്റിയുടെ ന്യൂറോളജിക്കൽ ലക്ഷണങ്ങൾ. ഗുരുതരമായ കേസുകളിൽ കോമയും പിന്നീട് മരണവും സംഭവിക്കാം. ഒരാളുടെ പ്രായം, ഭാരം, പ്രവർത്തന നില തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് വെള്ളം കുടിക്കുന്നതിന്റെ അളവ് വ്യത്യാസപ്പെടുന്നു. സാധാരണയായി, കുറഞ്ഞ സമയത്തിനുള്ളിൽ അമിതമായ അളവിൽ വെള്ളം കുടിക്കുന്നത് അപകടകരമാണ്.

മയക്കം, പേശികൾക്ക് വേദനയും ബലക്ഷയവും, ഉയർന്ന രക്തസമ്മർദം, ഡബിൾ വിഷൻ, ആശയക്കുഴപ്പം, ശ്വാസതടസ്സം എന്നിവയും വാട്ടർ ടോക്സിസിറ്റിയുടെ ലക്ഷണമാണ്.

ചികിത്സ

ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ, പ്രത്യേകിച്ച് ഹൈപ്പോനാട്രീമിയ സാധാരണ നിലയിൽ നിലനിർത്തുകയാണ് പ്രധാനം. സാധാരണ ഉപ്പുവെള്ളം കുത്തിവച്ച് സോഡിയത്തിന്റെ അളവ് സാധാരണ നിലയിലാക്കാൻ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. വെള്ളം കുടിക്കുന്നത് കുറയ്ക്കുക, ഉപ്പിട്ട ഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയ രീതികൾ രോഗി പിന്തുടരുക. രോഗലക്ഷണങ്ങൾ വഷളായാൽ വൈദ്യസഹായം തേടുക.

TAGS :

Next Story