Quantcast

സങ്കടപ്പാട്ടുകൾ കേട്ട് സങ്കടപ്പെടാറുണ്ടോ! മനസിന് നൽകുന്നത് ആശ്വാസം മാത്രമല്ല...

പ്രത്യേകിച്ച് ഒരു പ്രശ്നവും കാണില്ല, എങ്കിലും എന്തെങ്കിലും സങ്കൽപിച്ച് പാട്ട് കേട്ട് കരയാത്തവർ ചുരുക്കമായിരിക്കും.

MediaOne Logo

Web Desk

  • Published:

    26 Jun 2023 2:09 PM GMT

sad music
X

ഒറ്റക്കിരുന്ന് സങ്കടപ്പെടുത്തുന്ന പാട്ടുകൾ കേട്ട് കറയാറുണ്ടോ നിങ്ങൾ! പ്രത്യേകിച്ച് ഒരു പ്രശ്നവും കാണില്ല ജീവിതത്തിൽ, എങ്കിലും എന്തെങ്കിലും സങ്കൽപിച്ച് പാട്ട് കേട്ട് കരയാത്തവർ ചുരുക്കമായിരിക്കും. ചില പാട്ടുകൾ കേട്ടാൽ അറിയാതെ കണ്ണിൽ നിന്ന് വെള്ളം വരാറില്ല. ഇതെന്താണിങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ!

മാനസികാരോഗ്യ പ്രശ്നങ്ങളുള്ള രോഗികൾക്ക് മ്യൂസിക് തെറാപ്പി നൽകാറുണ്ട്. വ്യാപകമായി പരീക്ഷിച്ച് വിജയിക്കുകയും ധാരാളം അഭിനന്ദനങ്ങൾ നേടുകയും ചെയ്ത ഒരു ചികിത്സാരീതിയാണിത്. മാനസികാരോഗ്യ വിദഗ്ധർ ധാരാളമായി ഈ ചികിത്സാരീതി നിർദേശിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ദുഃഖസംഗീതത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ജേർണൽ ഓഫ് എസ്‌തറ്റിക് എജ്യുക്കേഷനിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം പറയുന്നത്.

പാട്ടുകളുടെ വരികളാണ് പലപ്പോഴും ആളുകൾക്ക് കണക്ട് ചെയ്യാൻ പറ്റുന്നത്. ജീവിതത്തിലെ ഏതെങ്കിലും സാഹചര്യവുമായി അവ ബന്ധപ്പെട്ടിരിക്കും. ഈ വരികൾ കേൾക്കുമ്പോൾ പഴയ ഏതെങ്കിലും ഓർമകളാകും മനസിലേക്ക് ഓടിയെത്തുക. സങ്കടത്തിന്റെയും മറ്റ് സങ്കീർണ്ണമായ വികാരങ്ങളുടെയും ബന്ധത്തിലാണ് ദുഃഖസംഗീതത്തിന്റെ മൂല്യം കുടികൊള്ളുന്നതെന്ന് കോഗ്നിറ്റീവ് സയന്റിസ്റ്റും പ്രൊഫഷണൽ ഓപ്പറ ഗായികയുമായ ഡോ. താരാ വെങ്കിടേശൻ പറയുന്നു.

എങ്ങനെയാണ് വിഷാദഗാനങ്ങൾ മനസിനെ സ്വാധീനിക്കുന്നത്?

വിഷമം തോന്നാൻ വേണ്ടിയോ അല്ലെങ്കിൽ മനസിലുള്ള വിഷമം വർധിക്കാൻ വേണ്ടിയോ ചില പാട്ടുകൾ നാം തിരഞ്ഞെടുത്തത് കേൾക്കാറുണ്ട്. സ്പോട്ടിഫയിലെ സ്ലീപ്പിങ് പ്ലേയ് ലിസ്റ്റുകൾ ഇതിനൊരു ഉദാഹരമാണ്. അതായത് ആളുകളെ കരയിപ്പിക്കാൻ വേണ്ടി മാത്രം തിരഞ്ഞെടുത്ത ഗാനങ്ങൾ നിറച്ച പ്ലേയ് ലിസ്റ്റുകൾ വരെ സുലഭമാണ്. ഉറങ്ങാൻ മാത്രമല്ല ഏകാന്തതയോ ക്ഷീണമോ അനുഭവപ്പെടുമ്പോൾ പോലും ദുഃഖസംഗീതം തേടി ആളുകൾ എത്തുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. പാട്ട് കേട്ട് കരഞ്ഞാൽ മനസിന് കിട്ടുന്ന ആശ്വാസമാണ് പ്രധാന കാരണം.

ഫീലിങ്‌സ്...

ശരിക്കും വിഷാദഗാനങ്ങൾ പലപ്പോഴും നമുക്ക് ദുഖമുണ്ടാക്കുന്നില്ല. ചില സമയങ്ങളിൽ വിഷമമുണ്ടാകുന്നു എന്നത് വെറും തെറ്റിദ്ധാരണ മാത്രമാകാം. സങ്കീർണ്ണവും സമ്മിശ്രവുമായ വികാരങ്ങൾ ഉണർത്തുകയാണ് ഇത്തരം ഗാനങ്ങൾ ചെയ്യുന്നത്. വിഷാദഗാനങ്ങൾ കേൾക്കുന്ന ആളുകൾ പ്രധാനമായും മൂന്ന് തരത്തിലുള്ള വികാരങ്ങളാണ് അനുഭവിക്കുന്നത്. ദുഃഖം, വിഷാദം, മധുര ദുഃഖം (grief, melancholia and sweet sorrow). ദുഃഖവും നിരാശയും നെഗറ്റീവ് ഫീലിങ്‌സുകളാണ് ഉണ്ടാക്കുന്നതെങ്കിൽ വിഷാദവും മധുര ദുഃഖവും അനുഭവിക്കുന്നവരിൽ ഇതൊരുതരം ഗൃഹാതുരത്വവും ആശ്വാസവുമാണ് നൽകുന്നതെന്ന് പഠനത്തിൽ പറയുന്നു. മനസിന് വിശ്രമം നൽകാനും ആഴത്തിൽ സ്വാധീനിക്കാനും വിഷാദഗാനങ്ങൾ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.

ശരിക്കും ദുഃഖകരമായ സംഗീതത്തെ ഇത്ര അഗാധവും ആസ്വാദ്യകരവുമായ അനുഭവമാക്കി മാറ്റുന്നത് എന്താണ്? ഒരാളോട് നമ്മുടെ സങ്കടങ്ങൾ പറയുന്ന അതേ അനുഭവം തന്നെയാണ് ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്നതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

TAGS :
Next Story