ഭക്ഷണ പ്രിയരുടെ ശ്രദ്ധക്ക്; സമൂസ, ജിലേബി തുടങ്ങിയവയില്‍ മുന്നറിയിപ്പ് ലേബലുകള്‍ പതിപ്പിക്കില്ല, പകരം വരുന്നത് ആരോഗ്യ മുന്നറിയിപ്പ് ബോര്‍ഡുകള്‍
പൊതുജന ബോധവല്‍ക്കരണത്തിനായി വിവിധ സ്ഥാപനങ്ങളില്‍ മുന്നറിയപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും

- Published:
15 July 2025 7:07 PM IST

ന്യൂഡല്‍ഹി: സമൂസ, ജിലേബി, ലഡു എന്നീ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മുന്നറിയിപ്പ് ലേബലുകള്‍ പതിപ്പിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പകരം ഇവ വിതരണം ചെയ്യുന്ന പൊതു ഇടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്ന കാന്റീന്‍, കഫിറ്റീരിയ തുടങ്ങിയ സ്ഥലങ്ങളിലാണ് ആരോഗ്യ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക.
അമിത അളവില്‍ കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുള്ള സമൂസയും ജിലേബിയും പോലുള്ള ലഘു ഭക്ഷണങ്ങള്‍ കഴിക്കുന്നതിനെതിരെ മുന്നറിയിപ്പ് ലേബല്‍ നല്‍കണമെന്ന നിര്‍ദേശം ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് ആരോഗ്യ മന്ത്രാലയം വിശദീകരണവുമായി എത്തിയത്. വഴിയോര കച്ചവടക്കാര്‍ വില്‍പ്പന നടത്തുന്ന ഇത്തരം ഇന്ത്യന്‍ ലഘു ഭക്ഷണങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ നല്‍കില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജോലി സ്ഥലങ്ങളില്‍ ആരോഗ്യകരമായ തെരഞ്ഞെടുപ്പുകള്‍ പ്രാത്സാഹിപ്പിക്കുന്നതിനെ ലക്ഷ്യമിട്ട് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസമാണ് പൊതു ആരോഗ്യ ഉപദേശം പുറപ്പെടുവിച്ചത്. കാന്റീനുകള്‍, കഫ്റ്റീയകള്‍, മീറ്റിങ് റൂമുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇതുസംബന്ധിച്ചുള്ള ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവും ഇതില്‍ ഉള്‍പ്പെടുന്നു. പഞ്ചസാരയും കൊഴുപ്പും പല ഭക്ഷണങ്ങളിലും അമിതമായ അളവില്‍ അടങ്ങിയിട്ടുണ്ട്. ഇവയെ പ്രതിരോധിക്കാനാണ് ഇത്തരം മുന്നറിയിപ്പുകള്‍.
''കച്ചവടക്കാര്‍ വില്‍പ്പനനടത്തുന്ന ഭക്ഷണങ്ങളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുകള്‍ ഒരിക്കലും നല്‍കില്ല. കൂടാതെ ഇതിലേക്ക് ഇന്ത്യന്‍ ഭക്ഷണങ്ങളെ ഉള്‍പ്പെടുത്തില്ല. ഇന്ത്യയുടെ സമ്പന്നമായ തെരുവോര ഭക്ഷണ കച്ചവടങ്ങളെ ലക്ഷ്യമിട്ടുള്ള മുന്നറിയിപ്പല്ല ഇത്,'' കേന്ദ്രത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഏതെങ്കിലും ഒരു ഭക്ഷണ പദാര്‍ത്ഥത്തെ ലക്ഷ്യമിടുക എന്നതല്ല ഈ നിര്‍ദേശത്തിന്റെ ലക്ഷ്യം. മറിച്ച് ആരോഗ്യകരമായ ഭക്ഷണ ശീലത്തെ പ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് മുന്നറിയിപ്പ് നല്‍കിയതെന്നും പ്രസ്താവനയില്‍ പറയുന്നു. അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ ഇന്ത്യയില്‍ വര്‍ധിച്ചു.
ഇത്തരം രോഗങ്ങള്‍ വര്‍ധിക്കാനുള്ള കാരണം പഞ്ചസാര, കൊഴുപ്പ് എന്നിവ അമിത അളവില്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതാണ്. അതിനാല്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഇവ അമിത അളവില്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ അപായ സൂചന മുന്നറിയിപ്പ് നല്‍കാന്‍ നിര്‍ദേശിച്ചത്.
Adjust Story Font
16
