Quantcast

'കൺജുറിംഗ്' സിനിമ കാണുന്നതിനിടെ ഭാര്യക്ക് കഥപറഞ്ഞു കൊടുത്ത് ഭര്‍ത്താവ്; തൊട്ടടുത്തിരുന്നവര്‍ക്ക് സഹികെട്ടു , ഒടുവില്‍ കയ്യാങ്കളി

യുവാവിന്‍റെ പരാതിയില്‍ ചിഞ്ച്‌വാഡ് പൊലീസ് കേസെടുത്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-09-10 11:50:43.0

Published:

10 Sept 2025 5:15 PM IST

കൺജുറിംഗ് സിനിമ കാണുന്നതിനിടെ ഭാര്യക്ക് കഥപറഞ്ഞു കൊടുത്ത് ഭര്‍ത്താവ്; തൊട്ടടുത്തിരുന്നവര്‍ക്ക് സഹികെട്ടു , ഒടുവില്‍ കയ്യാങ്കളി
X

പൂനെ: ഹോളിവുഡിലെ ഹൊറർ ഫ്രാഞ്ചൈസിയിലുള്‍പ്പെട്ട കൺജുറിംഗ് യൂണിവേഴ്‌സിന്‍റെ നാലാമത്തെ സിനിമ കഴിഞ്ഞആഴ്ചയാണ് പുറത്തിറങ്ങിയത്.ദി കൺജുറിംഗ്: ലാസ്റ്റ് റൈറ്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് വമ്പൻ കലക്ഷനാണ് ലഭിക്കുന്നത്. ഇന്ത്യയിലും സിനിമക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതേസമയം, പൂനെ കൺജുറിംഗ് സിനിമ കാണാനെത്തിയവര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. പിംപ്രി ചിഞ്ച്‌വാഡിലെ ഒരു സിനിമാ തിയേറ്ററിനുള്ളിൽ വെച്ച് 29 കാരനായ ഐടി ജീവനക്കാരനെ ദമ്പതികൾ ആക്രമിച്ചതായാണ് പരാതി.

സിനിമ തുടങ്ങിയത് മുതല്‍ ഒരാള്‍ തന്‍റെ ഭാര്യയോട് കഥ പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പ്രതിയും ഭാര്യയും പിൻ നിരയിലാണ് ഇരുന്നത്.ഇത് തൊട്ടടുത്തുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. കഥ പറയുന്നത് നിര്‍ത്തണമെന്നും സിനിമയുടെ സസ്പെന്‍സ് കളയരുതെന്നും ഐടി ജീവനക്കാരനും ഭാര്യയും ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിയും ഭാര്യയും ഇത് അവഗണിക്കുകയായിരുന്നു. മറ്റുള്ളവരെ ശല്യപ്പെടുത്തരുതെന്നും യുവാവ് വീണ്ടും ആവശ്യപ്പെട്ടു. ഇതിനെചോദ്യം ചെയ്തപ്പോള്‍ ഇയാളും ഭാര്യയും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്നും യുവാവ് പറയുന്നു. ഇതിലിടപെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിയും ഭാര്യയും തന്‍റെ ഭാര്യയെ ആക്രമിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. നിസാര പരിക്കേറ്റ ഇയാള്‍ പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയുമായിരുന്നു.ചിഞ്ച്‌വാഡ് പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story