Quantcast

ബംഗളൂരുവിൽ ഒറ്റയ്ക്ക് താമസിക്കാൻ മാസം ഒരു ലക്ഷം രൂപ വേണോ ? യുവതിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു

ബംഗളൂരുവിലെ പ്രതിമാസ ചെലവുകളെക്കുറിച്ച് ശ്രദ്ധ സൈനി എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്

MediaOne Logo

Web Desk

  • Published:

    17 Dec 2025 9:01 AM IST

ബംഗളൂരുവിൽ ഒറ്റയ്ക്ക് താമസിക്കാൻ മാസം ഒരു ലക്ഷം രൂപ വേണോ ? യുവതിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു
X

ബംഗളൂരു: ഇന്ത്യയിലെ ചെലവേറിയ നഗരങ്ങളിലൊന്നാണ് ബംഗളൂരൂ. മെട്രോ നഗരത്തിലെ വാടക്കൊള്ളയും ട്രാഫിക് ബ്ലോക്കും അതുമൂലമുള്ള ധനഷ്ടവുമെല്ലാം എപ്പോഴും വാര്‍ത്തകളിൽ നിറയാറുണ്ട്. ബംഗളൂരുവിലെ പ്രതിമാസ ചെലവുകളെക്കുറിച്ച് ശ്രദ്ധ സൈനി എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.

നഗരത്തിലേക്ക് താമസം മാറിയതിന് ശേഷം തന്‍റെ ദൈനംദിനച്ചെലവുകൾ കുത്തനെ കൂടിയെന്ന് യുവതി പറയുന്നു. വാടക, വൈദ്യുതി, വെള്ളം, അറ്റകുറ്റപ്പണികൾ, വൃത്തിയാക്കൽ, പലചരക്ക് സാധനങ്ങൾ എന്നിവയുൾപ്പെടെയുള്ള തന്‍റെ അടിസ്ഥാന ജീവിതച്ചെലവുകൾ പ്രതിമാസം ഏകദേശം 40,000 രൂപയാണെന്നും ജോലിക്ക് പോകാനും വൈകിട്ട് തിരികെ വരാനുമുള്ള ഓട്ടോ കൂലി 50 രൂപയാണെന്നും സൈനി വിശദീകരിക്കുന്നു. ഇതിനായി പ്രതിമാസം ഏകജേശം 1000 രൂപയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം വാരാന്ത്യങ്ങളിലെ ഔട്ടിങ്ങുകൾ, ഷോപ്പിങ്, സുഹൃത്തുക്കളെ കണ്ടുമുട്ടൽ എന്നിവക്കായി താൻ ക്യാബുകളെ ആശ്രയിക്കാറുണ്ടെന്നും സൈനി പറയുന്നു. 5000 രൂപയാണ് ഈയിനത്തിൽ ചെലവഴിക്കുന്നത്.

ബംഗളൂരുവിൽ ഭക്ഷണച്ചെലവും കൂടുതലാണ്. സൈനി പറയുന്നതനുസരിച്ച്, പുറത്ത് ഭക്ഷണം കഴിക്കുന്നതിനും സൊമാറ്റോ പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നതിനുമായി അവർ പ്രതിമാസം ഏകദേശം ₹ 6,000 ചെലവഴിക്കുന്നു. കൂടാതെ, ഐക്ലൗഡ്, ആപ്പിൾ മ്യൂസിക് പോലുള്ള ഓട്ടോ-ഡെബിറ്റ് സബ്‌സ്‌ക്രിപ്‌ഷനുകളും അവർക്കുണ്ട്, ഇവയ്ക്ക് ഒരുമിച്ച് പ്രതിമാസം ₹ 2,000 ചെലവാകും.

വസ്ത്രങ്ങൾ, മേക്കപ്പ്, ഷൂസ്, മറ്റ് വ്യക്തിഗത വസ്തുക്കൾ എന്നിവയുൾപ്പെടെ ഷോപ്പിങ്ങിനായി ഓരോ മാസവും ഏകദേശം ₹ 25,000 ചെലവഴിക്കുന്നുണ്ടെന്ന് സൈനി വെളിപ്പെടുത്തി . ഇതിനുപുറമെ, അവർ ഓരോ മാസവും ഏകദേശം 18,000 രൂപ ഇഎംഐ അടയ്ക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ പ്രതിമാസം ഒരു ലക്ഷം രൂപയാണ് ചെലവ്. ബംഗളൂരുവിലേക്ക് താമസം മാറ്റിയത് ഈയിടെയാണെന്നും തന്‍റെ ബജറ്റ് ഇപ്പോഴും നിയന്ത്രണത്തിലല്ലെന്നും പണം സേവ് ചെയ്യാൻ കഴിയുന്നില്ലെന്നും സൈനി പറയുന്നു.

നിരവധി പേരാണ് ഈ വീഡിയോയോട് പ്രതികരിച്ചത്. യുവതി അനാവശ്യമായി ചെലവഴിക്കുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോൾ മറ്റ് ചിലര്‍ സമാനമായ പ്രതിമാസ ബജറ്റുകൾ ചെലവുകൾ പങ്കുവച്ചു. '' ബംഗളൂരുവിലെ ജീവിതം ചെലവേറിയതാണ്, ഞാൻ ഒരു ചെറിയ ഡബിൾ ഷെയറിംഗ് റൂമിലാണ് താമസിക്കുന്നത്. 12000 രൂപയാണ് വാടക. ജിം ഫീസ്- 1500 രൂപ, മുട്ട-1500 , പാൽ- 1000, പ്രോട്ടീനും മറ്റ് സപ്ലിമെന്‍റും-3000 , ഓട്സ് ഡ്രൈഫ്രൂട്ട്സ്-2000, ചന്ന പരിപ്പ് സോയാബീൻസ് മത്തങ്ങ വിത്തുകൾ, ചിയ വിത്തുകൾ- 1000, പഴങ്ങൾ- 2000 രൂപ പിസ്സയും പനീറും ഈ മാസം ഷോപ്പിങ്ങിൽ ഉൾപ്പെടുത്തിയിട്ടില്ല. വസ്ത്രങ്ങൾക്കായി ഞാൻ 2500 ചെലവഴിച്ചു. ഏകദേശം 25,000 മുതൽ 26,000 വരെ," ഒരു ഉപയോക്താവ് വിശദീകരിച്ചു.

TAGS :

Next Story