Quantcast

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് 10 മരണം; നിരവധി പേർക്ക് പരിക്ക്

പട്ടാഞ്ചരുവിലെ സിഗാച്ചി കെമിക്കൽസ് പ്ലാന്റിലാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Published:

    30 Jun 2025 1:42 PM IST

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് 10 മരണം; നിരവധി പേർക്ക് പരിക്ക്
X

ഹൈദരാബാദ്: തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് 10 തൊഴിലാളികൾക്ക് ദാരുണാന്ത്യം. സംഗറെഡ്ഡി ജില്ലയിലെ പശമൈലാരം ഇൻഡസ്ട്രിയൽ ഏരിയയിൽ പട്ടാഞ്ചരുവിലെ സിഗാച്ചി കെമിക്കൽസ് പ്ലാന്റിലാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

സ്ഫോടനത്തെ തുടർന്ന് പ്ലാന്റിന്റെ ചില ഭാഗങ്ങൾ കത്തിനശിക്കുകയും ഫാക്ടറി പരിസരത്ത് വൻ തീപിടിത്തമുണ്ടാവുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ തൊഴിലാളികളിൽ പലരുടെയും നില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനുമായി അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു. ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

TAGS :

Next Story