Quantcast

'ഗുജറാത്തിൽ 108 ദർഗകൾ തകർത്തു; ഒരു ക്ഷേത്രവും ഇനി മാറ്റാനാകില്ല'; മുന്നറിയിപ്പുമായി മന്ത്രി

''സോമനാഥ ക്ഷേത്രത്തിന്റെ പരിസരത്തെ കൈയേറ്റങ്ങൾ നീക്കംചെയ്തിട്ടുണ്ട്. ദാദയുടെ ബുൾഡോസർ ഏത് 20 അടിയുള്ള തെരുവിലും 80 മീറ്റർ വീതിയുള്ള റോഡിലും എത്തും''

MediaOne Logo

Web Desk

  • Published:

    22 Feb 2024 2:36 PM GMT

HarshSanghavi, Gujarat, mazars, Darghas, bulldozerraj
X

അഹ്‌മദാബാദ്: ഗുജറാത്തിൽ ബുൾഡോസർ നടപടികളിൽ 108 ദർഗകൾ തകർത്തുകളഞ്ഞെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘാവി. ഗൂഢാലോചനയിലൂടെ നടന്ന ഏത് കൈയേറ്റങ്ങൾക്കുനേരെയും നടപടികൾ തുടരുമെന്നും ഒരു ക്ഷേത്രവും ഇനി മാറ്റാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഗുജറാത്ത് നിയമസഭയിലാണ് ഹർഷ് സംഘാവി ഇക്കാര്യം അറിയിച്ചത്.

അഹ്‌മദാബാദിലെ ജമൽപൂരിലുള്ള ജൈന ക്ഷേത്രത്തിൽ കോൺഗ്രസ് ഭരണകാലത്ത് വിഗ്രഹങ്ങൾ മാറ്റിസ്ഥാപിച്ചെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണം എടുത്തുയർത്തിയായിരുന്നു സംഘാവിയുടെ സംസാരം. ''ഇപ്പോൾ ദാദായുടെ(മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ) ബുൾഡോസർ സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും കറങ്ങുകയാണ്. ഇനി ഒരു ക്ഷേത്രവും ഗൂഢാലോചനയിലൂടെ മാറ്റാനാകില്ല. ബുൾഡോസർ എവിടെയൊക്കെ എത്തുമെന്ന് ആർക്കും അറിയാനാകില്ല''-ഹർഷ് സംഘാവി പറഞ്ഞു.

''(ജുനദ്ഗഢിലെ) ഉപർകോട്ടിലെ ദർഗകളൊക്കെ എവിടെനിന്നും എപ്പോഴുമെല്ലാമാണ് ഉയർന്നുവന്നതെന്ന് ആർക്കും അറിയില്ല. ഇതൊക്കെ എങ്ങനെയാണ് പെട്ടെന്ന് നിർമിച്ചുകൊണ്ടിരിക്കുന്നത്? സംസ്ഥാനത്ത് ആകെ 108 ദർഗകളാണു തകർത്തുകളഞ്ഞത്. അവിടങ്ങളിൽ സർക്കാർ കെട്ടിടങ്ങൾ തുറക്കുകയും ചെയ്തു. സോമനാഥ(ക്ഷേത്രത്തിന്റെ) പരിസരത്തെ കൈയേറ്റങ്ങൾ നീക്കംചെയ്തു. ദാദയുടെ ബുൾഡോസർ ഏത് 20 അടിയുള്ള തെരുവിലും 80 മീറ്റർ വീതിയുള്ള റോഡിലും എത്തും. ഗൂഢാലോചനയിലൂടെ നടത്തിയ ഏതു കൈയേറ്റവും ബുൾഡോസർ തകർക്കും.''

നവരാത്രി സമയത്തെ ഗർഭ ആഘോഷങ്ങളെ കുറിച്ചും മന്ത്രി പ്രതികരിച്ചു. രാത്രിയിലുടനീളം നവരാത്രി ആഘോഷങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. സുപ്രിംകോടതിയെയും ഗുജറാത്ത് ഹൈക്കോടതിയെയും അവരുടെ ഭയവും പരിഗണിച്ച് സംഗീതശബ്ദങ്ങൾ കുറച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങൾക്ക് ഇവിടെ ഗർഭ നടത്താനായില്ലെങ്കിൽ പാകിസ്താനിൽ പോയി ചെയ്യണോ അവരെന്നും ഹർഷ് സംഘാവി ചോദിച്ചു.

Summary: ''108 mazars demolished, CM’s bulldozer moving across Gujarat, no temple can be removed while hatching a conspiracy'': Says Minister of State for Home Harsh Sanghavi

TAGS :

Next Story