Quantcast

പാകിസ്താന് വേണ്ടി ചാരപ്രവർത്തനം; ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം അറസ്റ്റിലായത് യുട്യൂബർ ഉൾപ്പെടെ 12 പേർ

ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങില്‍ നിന്നാണ് കൂടുതല്‍ പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    21 May 2025 10:30 AM IST

പാകിസ്താന് വേണ്ടി ചാരപ്രവർത്തനം; ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം അറസ്റ്റിലായത് യുട്യൂബർ ഉൾപ്പെടെ 12 പേർ
X

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ സംഘർഷത്തിന് പിന്നാലെ, പാകിസ്താന് വേണ്ടി പ്രവർത്തിച്ചിരുന്ന വൻ ചാരശൃംഖലയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുടെ സുരക്ഷാ സേന തകർത്തത്. യൂട്യൂബർ ​ജ്യോതി മൽഹോത്രയുടെ പേരാണ് അതില്‍ പ്രധാനം. 12 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തത്.

ചാരവൃത്തി, അതിർത്തി കടന്നുള്ള കള്ളക്കടത്ത്, ശത്രുതാപരമായ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകൽ എന്നിവയുൾപ്പെടെ വിവിധ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷമാണ് ചാര ശൃംഖലയിലെ കണ്ണികളുടെ അറസ്റ്റുകൾ നടന്നത്.

സൈനിക നീക്കങ്ങൾ, സൈനിക കേന്ദ്രങ്ങൾ മറ്റ് പ്രധാന സ്ഥലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇവർ ശേഖരിച്ച് കൈമാറിയതായാണ് സുരക്ഷാ ഏജൻസികൾ പറയുന്നത്. ഓപ്പറേഷന്‍ സിന്ദൂരിന് ശേഷമാണ് ഇന്ത്യയുടെ സുരക്ഷാ സേനകള്‍ ചാരന്മാരെ കണ്ടെത്താനായി രംഗത്തിറങ്ങിയത്. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങില്‍ നിന്നാണ് കൂടുതല്‍ പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതുവരെ അറസ്റ്റിലായവരുടെ വിവരങ്ങള്‍( ടൈംസ് നൗ റിപ്പോർട്ട് പ്രകാരം)

1.ജ്യോതി മൽഹോത്ര(ഹരിയാന)

മെയ് 18 നാണ് ഹരിയാനയിലെ ഹിസാറിൽ നിന്ന് യൂട്യൂബർ ജ്യോതി മൽഹോത്രയെ അറസ്റ്റ് ചെയ്യുന്നത്. ജ്യോതി, മൂന്ന് തവണ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും അതില്‍ രണ്ടുതവണ സിഖ് തീർത്ഥാടന ഗ്രൂപ്പുകളോടൊപ്പമാണെന്നുമാണ് കണ്ടെത്തല്‍. പാക് എംബസി ജീവനക്കാരനായ ഡാനിഷുമായി അവർ ബന്ധം സ്ഥാപിക്കുകയും തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയെന്നുമാണ് ആരോപണം.

2.ഗസാല( പഞ്ചാബ്)

മെയ് 8 ന് പഞ്ചാബിലെ മലേർകോട്‌ലയിൽ നിന്നാണ് ഗസാലയെ അറസ്റ്റ് ചെയ്യുന്നത്. വിസ ലഭിക്കുന്നതിനായി 2025 ഫെബ്രുവരിയിൽ, പാകിസ്താന്‍ ഹൈക്കമ്മീഷൻ ഗസാല സന്ദർശിച്ചതായും അവിടെ വച്ച് ഡാനിഷ് എന്ന പാകിസ്ഥാൻ ഉദ്യോഗസ്ഥന് സൈനിക വിവരങ്ങള്‍ നല്‍കിയെന്നുമാണ് ആരോപണം. ഇതിന് പ്രതിഫലമായി യുപിഐ ഇടപാടുകളിലൂടെ 30,000 രൂപ പ്രതിഫലം വാങ്ങിയെന്നും ആരോപണമുണ്ട്.

3.ദേവേന്ദ്ര സിംഗ് ധില്ലൺ(ഹരിയാന)

മെയ് 12നാണ് ഹരിയാനയിലെ കൈതലിൽ നിന്ന് വിദ്യാർത്ഥി കൂടിയായ ദേവേന്ദ്ര സിംഗ് അറസ്റ്റിലാകുന്നത്. ആയുധങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനായിരുന്നു അറസ്റ്റ്. 2024ൽ തീർത്ഥാടനത്തിന് പാകിസ്ഥാൻ സന്ദർശിച്ചു. തുടർന്ന് അവിടെയുള്ള ചിലരുമായി അടുപ്പം സ്ഥാപിക്കുകയും അത് തുടരുകയും ചെയതുവെന്നുമാണ് ആരോപണം. പാട്യാല സൈനിക കേന്ദ്രത്തിന്റെ പുറത്ത് നിന്ന് എടുത്ത ചില ചിത്രങ്ങൾ ഇയാൾ കൈമാറിയതായും കണ്ടെത്തിയിരുന്നു.

4. ഷഹസാദ്( ഉത്തര്‍പ്രദേശ്)

മെയ് 18 നാണ് ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നാണ് ഷഹ്‌സാദ് എന്ന ബിസിനസുകാരൻ അറസ്റ്റിലാകുന്നത്. പാകിസ്താന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസിന് (ഐഎസ്ഐ) വേണ്ടി അതിർത്തി കടന്നുള്ള കള്ളക്കടത്തിലും ചാരവൃത്തിയിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് ആരോപണം.

5.നുമാൻ ഇലാഹി(ഉത്തര്‍പ്രദേശ്)

മെയ് 13 ന് ഹരിയാനയിലെ പാനിപ്പത്തിൽ നിന്നാണ് നുമാൻ ഇലാഹി അറസ്റ്റിലാകുന്നത്. സൈനിക നീക്കങ്ങളെയും ട്രെയിൻ റൂട്ടുകളെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ അദ്ദേഹം കൈമാറിയെന്നാണ് ആരോപണം. പാനിപ്പത്തിൽ സെക്യൂരിറ്റി ഗാർഡായാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.

6.മുര്‍താസ( ബിഹാര്‍ )

മെയ് 16 നാണ് പഞ്ചാബിലെ ജലന്ധറിൽ നിന്ന് മുർതാസ അറസ്റ്റിലാകുന്നത്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടെ, അതിർത്തിക്കപ്പുറത്തുള്ളവര്‍ക്ക് ഇന്ത്യൻ വാർത്താ ക്ലിപ്പുകളും ആഭ്യന്തര അപ്‌ഡേറ്റുകളും കൈമാറുന്ന ഒരു ആപ്പ് സൃഷ്ടിക്കുന്നതിൽ ഇയാളും ഉണ്ടെന്നാണ് ആരോപണം.

7.മുഹമ്മദ് തരീഫ്(ഹരിയാന)

ഹരിയാനയിലെ മേവാത്തിലെ കൻഗാർക്കയാണ് താരീഫിന്റെ നാട്. പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ പങ്കുവെച്ചുവെന്നാണ് താരീഫിനെതിരയാ ആരോപണം.

8.പ്രിയങ്ക സേനാപതി( ഒഡീഷ)

യൂട്യൂബര്‍ ജ്യോതിയുടെ അറസ്റ്റിനുശേഷമാണ് ഒഡീഷയിൽ നിന്നുള്ള വ്ലോഗർ പ്രിയങ്ക സേനാപതിയും പിടിയിലാകുന്നത്. മൂന്ന് നാല് മാസം മുമ്പ് പാകിസ്ഥാനിലെ കർതാർപൂർ സന്ദർശിച്ച പ്രിയങ്ക സേനാപതി, ജ്യോതിയുമായി സൗഹൃദം വളർത്തിയെടുത്തിരുന്നു. ഇതില്‍ ചാരപ്രവൃത്തി നടന്നുവെന്നാണ് ആരോപിക്കുന്നത്.

9. പാലക് ഷേർ മസിഹ്, സൂരജ് മസിഹ്(പഞ്ചാബ്)

പഞ്ചാബിലെ അമൃത്സറിൽ സൈനിക കന്റോൺമെന്റ് പ്രദേശങ്ങളുടെയും വ്യോമതാവളങ്ങളുടെയും തന്ത്രപ്രധാനമായ വിവരങ്ങളും ചിത്രങ്ങളും ചോർത്തിയതിന് ഈ മാസം ആദ്യമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അമൃത്സര്‍ സ്വദേശികളാണ് രണ്ടുപേരും.

10.സുഖ്പ്രീത് സിംഗ്(പഞ്ചാബ്)

പഞ്ചാബിലെ ഗുരുദാസ്പൂർ നിവാസിയാണ് സുഖ്പ്രീത് സിംഗ്. സൈനിക നീക്കങ്ങളുടെയും തന്ത്രപ്രധാന സ്ഥലങ്ങളുടെയും വിശദാംശങ്ങൾ ഉൾപ്പെടെയുള്ള സൈനിക വിവരങ്ങൾ പാകിസ്ഥാന്റെ ഐ‌എസ്‌ഐക്ക് ചോർത്തി നൽകിയെന്നാണ് ആരോപണം.

11.കരൺബീർ സിംഗ്( പഞ്ചാബ്)

സൈനിക നീക്കങ്ങളുടെയും തന്ത്രപ്രധാന സ്ഥലങ്ങളുടെയും വിശദാംശങ്ങൾ ഉൾപ്പെടെയുള്ള സൈനിക വിവരങ്ങൾ പാകിസ്ഥാന്റെ ഐ‌എസ്‌ഐക്ക് ചോർത്തി നൽകിയെന്നാണ് ഇദ്ദേഹത്തിനെയുള്ള ആരോപണവും.

12.അര്‍മാന്‍(ഹരിയാന)

ഇന്ത്യൻ സൈന്യത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയെന്നാരോപിച്ചാണ് ഹരിയാനയിലെ നൂഹിൽ നിന്നുള്ള 26 കാരനായ അർമാൻ അറസ്റ്റിലാകുന്നത്. ന്യൂഡൽഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഒരു ജീവനക്കാരൻ വഴിയാണ് വിവരങ്ങൾ കൈമാറിയതെന്നാണ് ആരോപിക്കപ്പെടുന്നത്.

TAGS :

Next Story