Quantcast

'പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നു': വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും വിദ്വേഷ പ്രസംഗങ്ങള്‍ക്കുമെതിരെ 13 പ്രതിപക്ഷ പാര്‍ട്ടികള്‍

'രാജ്യത്തിന്റെ വൈവിധ്യങ്ങളെ പൂർണമായും ബഹുമാനിക്കുകയും ഉള്‍ക്കൊള്ളുകയും ആഘോഷിക്കുകയുമാണ് ചെയ്യേണ്ടത്'

MediaOne Logo

Web Desk

  • Published:

    16 April 2022 3:53 PM GMT

പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നു: വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും വിദ്വേഷ പ്രസംഗങ്ങള്‍ക്കുമെതിരെ 13 പ്രതിപക്ഷ പാര്‍ട്ടികള്‍
X

ഡല്‍ഹി: മൂന്ന് മുഖ്യമന്ത്രിമാര്‍ ഉൾപ്പെടെ 13 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ വർഗീയ കലാപങ്ങൾക്കും വിദ്വേഷ പ്രസംഗങ്ങൾക്കും എതിരെ ശബ്ദമുയർത്തി. വർഗീയ സംഘർഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്ദതയെ പ്രതിപക്ഷ പാർട്ടി നേതാക്കള്‍ അപലപിച്ചു. ജനങ്ങളോട് സമാധാനവും സൗഹാർദവും നിലനിർത്താൻ അഭ്യർഥിച്ച നേതാക്കള്‍, വർഗീയ അക്രമം നടത്തുന്നവരെ കർശനമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

"ഇന്ത്യയുടെ ബഹുവിധ വൈവിധ്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി ധാരാളം സംസാരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഭരണകാലത്ത്, നൂറ്റാണ്ടുകളായി നമ്മുടെ സമൂഹത്തെ നിർവചിക്കുകയും സമ്പന്നമാക്കുകയും ചെയ്ത സമ്പന്നമായ വൈവിധ്യം ഭിന്നിപ്പിക്കപ്പെടുന്നു. ഭക്ഷണം, വസ്ത്രധാരണം, വിശ്വാസം, ഉത്സവങ്ങൾ, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നമ്മുടെ സമൂഹത്തെ ധ്രുവീകരിക്കാൻ ഭരണ സംവിധാനത്തിലെ വിഭാഗങ്ങൾ ബോധപൂർവം ഉപയോഗിക്കുന്നു. രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിക്കുന്നതില്‍ ഞങ്ങൾ അതീവ ഉത്കണ്ഠാകുലരാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന വർഗീയ കലാപങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. വിദ്വേഷവും മുൻവിധിയും പ്രചരിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ മൌനം ഞെട്ടിച്ചു"- പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

സാമൂഹിക സൗഹാർദം ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുക എന്നതാണ് പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം. രാജ്യത്തിന്റെ വൈവിധ്യങ്ങളെ പൂർണമായും ബഹുമാനിക്കുകയും ഉള്‍ക്കൊള്ളുകയും ആഘോഷിക്കുകയുമാണ് ചെയ്യേണ്ടത്. സമാധാനം നിലനിർത്താനും വർഗീയ ധ്രുവീകരണത്തിന് മൂർച്ച കൂട്ടാൻ ആഗ്രഹിക്കുന്നവരുടെ ദുഷിച്ച ലക്ഷ്യം പരാജയപ്പെടുത്താനും ഞങ്ങൾ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. സമാധാനവും ഐക്യവും നിലനിർത്താൻ സ്വതന്ത്രമായും സംയുക്തമായും പ്രവർത്തിക്കാൻ രാജ്യത്തുടനീളമുള്ള ഞങ്ങളുടെ എല്ലാ പാർട്ടി യൂണിറ്റുകളോടും അഭ്യര്‍ഥിക്കുന്നു- പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെ.എം.എം അധ്യക്ഷനുമായ ഹേമന്ത് സോറൻ, മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ആർജെഡി അധ്യക്ഷൻ തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫ്രന്‍സ് പ്രസിഡന്‍റ് ഫാറൂഖ് അബ്ദുല്ല, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ, ഫോർവേഡ് ബ്ലോക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർ.എസ്.പിയുടെ മനോജ് ഭട്ടാചാര്യ, സി.പി.ഐ (എം.എൽ) ലിബറേഷന്‍റെ ദീപങ്കർ ഭട്ടാചാര്യ എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത്.



Summary- Leaders of 13 opposition parties, including three chief ministers, Saturday came together to speak out against the recent incidents of communal violence and hate speech

TAGS :

Next Story