ഡല്‍ഹിയില്‍ വീണ്ടും ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നു; മൃതദേഹം സംസ്കരിക്കാന്‍ പ്രതി നിര്‍ബന്ധിച്ചെന്ന് മാതാപിതാക്കള്‍
കുട്ടി ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചതെന്ന് പറഞ്ഞ് മൃതദേഹം സംസ്കരിക്കാന്‍ പ്രതിയും കൂട്ടരും നിര്‍ബന്ധിച്ചെന്നാണ് മാതാപിതാക്കളുടെ ആരോപണം

ഡല്‍ഹിയില്‍ പതിമൂന്നുകാരിയായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടി ജോലിചെയ്തിരുന്ന വീട്ടുടമയുടെ ബന്ധു പ്രവീണ്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.
ജൂലൈ 17ന് പ്രവീണിന്റെ ഗുഡ്ഗാവിലെ വീട്ടില്‍ സഹായത്തിനായി പോയ പെണ്‍കുട്ടിയെ ആഗസ്റ്റ് 23നാണ് മരിച്ചനിലയില്‍ തിരികെ വീട്ടിലെത്തിച്ചത്. കുട്ടി ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചതെന്ന് പറഞ്ഞ് മൃതദേഹം സംസ്കരിക്കാന്‍ പ്രതിയും കൂട്ടരും നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഉദ്ധരിച്ച് ഇന്ത്യന്‍ എപ്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം സംസ്‌കരിക്കാനുള്ള എല്ലാ വസ്തുക്കളുമായിട്ടായിരുന്നു ഇവരെത്തിയതെന്നും മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ അയല്‍ക്കാരെത്തി ഈ നീക്കത്തെ തടഞ്ഞു.
കുട്ടിയുടെ മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടതിനാല്‍ മാതാപിതാക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റമോര്‍ട്ടത്തിലാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് വ്യക്തമായത്. ഡല്‍ഹിയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ കുടുംബം ബീഹാര്‍ സ്വദേശികളാണ്.
സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്.സി/എസ്.ടി ആക്ട് പ്രകാരം കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകളും ചുമത്തിയതായി പൊലീസ് അറിയിച്ചു. നിലവില്‍ അറസ്റ്റിലായിരിക്കുന്ന പ്രവീണിനെ കൂടാതെ വീട്ടുടമയുടെ ഭാര്യയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം അന്വേഷിച്ചുവരികയാണ്. വീട്ടുടമയുടെ ഭാര്യയുടെ സഹോദരനാണ് പ്രവീണ്‍.
Adjust Story Font
16

