മധ്യപ്രദേശിൽ ഒരു ദിവസം കാണാതാവുന്നത് 130ലധികം സ്ത്രീകളെയും പെൺകുട്ടികളേയും; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
2020നും 2026 ജനുവരി 28നും ഇടയിൽ സംസ്ഥാനത്തുടനീളം 2,74,311 സ്ത്രീകളെയും പെൺകുട്ടികളേയും കാണാതായി

- Published:
20 Feb 2026 8:45 AM IST

ഭോപ്പാൽ: മധ്യപ്രദേശിൽ ഓരോ ദിവസവും 130ലധികം സ്ത്രീകളെയും പെൺകുട്ടികളേയും കാണാതാവുന്നുവെന്ന് സർക്കാർ രേഖ. കോൺഗ്രസ് എംഎൽഎ വിക്രാന്ത് ഭൂരിയ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് സമർപ്പിച്ച ഔദ്യോഗിക രേഖയിലൂടെയാണ് ഈ ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്.
2020നും 2026 ജനുവരി 28നും ഇടയിൽ സംസ്ഥാനത്തുടനീളം 2,74,311 സ്ത്രീകളെയും പെൺകുട്ടികളേയും കാണാതായതായി മുഖ്യമന്ത്രി മോഹൻ യാദവ് സ്ഥിരീകരിച്ചു.
എല്ലാ വർഷവും ഏകദേശം 45,000 പേരെയാണ് കാണാതാവുന്നത്. എല്ലാ മാസവും ഏകദേശം 3,700 പേരെ കാണാതാവുന്നു. തുടർച്ചയായി ആറ് വർഷത്തേക്ക് എല്ലാ ദിവസവും ഏകദേശം 130 പേരെയും കാണാതാവുന്നു എന്നുമാണ് കണക്ക്.
ഇതിൽ 2,35,977 പേരെ കണ്ടെത്തിയതായാണ് സർക്കാർ പറയുന്നത്. 68,334 സ്ത്രീകളെയും പെൺകുട്ടികളെയും ഇനിയും കണ്ടെത്താനായിട്ടില്ല. 2020ൽ 30,000ത്തിൽ അധികം സ്ത്രീകളെ കാണാതായി. 2021ൽ ഈ സംഖ്യ 39,000 കടന്നു. 2023ൽ ഇത് വീണ്ടും 40,000 കവിഞ്ഞു. 2025ൽ 31,000 ൽ അധികം കേസുകൾ രജിസ്റ്റർ ചെയ്തു. 2026ലെ ആദ്യ ആഴ്ചകളിൽ തന്നെ 1,000ൽ അധികം സ്ത്രീകളെ കാണാതായതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇൻഡോർ, ഭോപ്പാൽ, ഗ്വാളിയോർ, ജബൽപൂർ, ഉജ്ജൈൻ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് സ്ഥിരമായി ഉയർന്ന സംഖ്യ രേഖപ്പെടുത്തുന്നത്. നിരവധി ഗോത്ര, അതിർത്തി ജില്ലകളിലും റിപ്പോർട്ട് ചെയ്യപ്പെട്ടതും കണ്ടെത്തിയതുമായ കേസുകൾ തമ്മിലുള്ള അന്തരം വലുതാണ്.
എപ്‌സ്റ്റീൻ ഫയലുകൾ പോലുള്ള അന്താരാഷ്ട്ര ചൂഷണങ്ങൾക്ക് തുല്യമായ ഒരു മാനുഷിക പ്രതിസന്ധിയാണ് ഇതെന്ന് വിക്രാന്ത് ഭൂരിയ എംഎൽഎ പറഞ്ഞു.
പതിനായിരക്കണക്കിന് സ്ത്രീകളെ കണ്ടെത്താനാകാതെ വരുമ്പോൾ, അത് വെറുമൊരു ക്രമസമാധാന പ്രശ്‌നമല്ല. ഇതൊരു ഘടനാപരമായ പരാജയമാണ്. കേവലമായ പതിവ് റിപ്പോർട്ടുകളായി ഇതിനെ കണക്കാക്കാൻ കഴിയില്ല. ഇതിന് ഉയർന്ന തലത്തിലുള്ള ഉത്തരവാദിത്തവും സുതാര്യതയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യതലസ്ഥാനത്ത് കാണാതാകുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. രണ്ടാഴ്ചയ്ക്കിടെ 807 പേരെയാണ് കാണാതായതെന്നായിരുന്നു ജനുവരി തുടക്കത്തിൽ പുറത്തുവന്ന ഡൽഹി പൊലീസ് റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു- 509 പേർ. ജനുവരി ഒന്ന് മുതൽ 15 വരെയുള്ള ദിവസങ്ങളിലെ കണക്കുകളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ഒരു ദിവസം ശരാശരി 54 പേരെ വീതമാണ് കാണാതായിരിക്കുന്നത്.
807 പേരിൽ 298 പേരാണ് പുരുഷന്മാർ. പ്രായപൂർത്തിയാകാത്ത 191 പേരെ കാണാതായപ്പോൾ 616 പേരാണ് മുതിർന്നവർ. ഒരു ദിവസം ശരാശരി 13 കുട്ടികളെ വീതമാണ് കാണാതായിരിക്കുന്നത്. കാണാതായ പ്രായപൂർത്തിയാകാത്തവരിൽ 146 പേരും പെൺകുട്ടികളാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയകാര്യം.
എട്ട് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികളിൽ എട്ട് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും ഉൾപ്പെടെ 13 കുട്ടികളെ കാണാതായി. ഇവരിൽ മൂന്ന് ആൺകുട്ടികളെ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.
കാണാതായ പ്രായപൂർത്തിയാകാത്തവരിൽ 169 പേരും 12-18 വയസ് പ്രായമുള്ളവരാണ്. ഇതിൽ 138 പേരും പെൺകുട്ടികളും 31 ആൺകുട്ടികളുമാണെന്നും ഇവരിൽ 29 പെൺകുട്ടികളെയും 19 ആൺകുട്ടികളേയും പിന്നീട് കണ്ടെത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു. മറ്റുള്ളവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കാണാതായ 616 പ്രായപൂർത്തിയായവരിൽ 363 പേരും സ്ത്രീകളാണ്. 253 പേരാണ് പുരുഷന്മാർ. ഇവരിൽ 90 പുരുഷന്മാരെയും 91 സ്ത്രീകളേയും പൊലീസിന് കണ്ടെത്താനായെങ്കിലും ബാക്കി 435 പേർ ഇപ്പോഴും കാണാമറയത്താണ്. രണ്ടാഴ്ചയ്ക്കിടെ കാണാതായവരിൽ ഇതുവരെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ 235 പേരെയാണ് കണ്ടെത്തിയിട്ടുള്ളത്. 572 പേരെ കണ്ടെത്താനുണ്ട്.
2025ൽ മാത്രം കാണാതായത് 24,508 പേർ
2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 24,508 പേരെയാണ് ഡൽഹിയിൽ നിന്നും കാണാതായത് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു യാഥാർഥ്യം. ഇതിൽ 60 ശതമാനവും (14,870 പേർ) സ്ത്രീകളാണ്. ബാക്കി 9,638 പേരാണ് പുരുഷന്മാർ. ഇതിൽ 15,421 പേരെ കണ്ടുപിടിക്കാനായെങ്കിലും 9,087 പേർ ഇപ്പോഴും എവിടെയാണെന്ന് വിവരമില്ല.
2016 മുതൽ 2026 വരെയുള്ള ഒരു ദശാബ്ദക്കാലത്തെ കണക്കെടുക്കുമ്പോൾ കാണാതാകുന്നവരുടെ എണ്ണം ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിൽ ആകെ 2,32,737 പേരെയാണ് കാണാതായതെന്ന് പൊലീസ് കണക്കിൽ പറയുന്നു. ഇതിൽ 1.8 ലക്ഷം പേരെ കണ്ടെത്തിയപ്പോൾ 52,000 പേരെക്കുറിച്ച് അറിവില്ല. 14,870 സ്ത്രീകളെ കാണാതായ 2025 ആണ് ഒരു പതിറ്റാണ്ടിൽ ഏറ്റവും കൂടുതൽ പേരെ കാണാതായ വർഷം.
Adjust Story Font
16
