Quantcast

ആൺസുഹൃത്തുമായുള്ള ബന്ധത്തെ എതിർത്ത മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ 16കാരി കസ്റ്റഡിയിൽ

പൊലീസ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം ഒക്ടോബർ 10ന് രാത്രി പെൺകുട്ടി ആകാശിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് ആരോപണം. ഉറങ്ങിക്കിടന്നിരുന്ന മുത്തശ്ശിയെ പെൺകുട്ടി ഉണർത്തിയെന്നും തുടർന്ന് ആകാശ് ആക്രമിച്ചെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബഹളം കേൾക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകിയെന്നും ആരോപണമുണ്ട്.

MediaOne Logo

Web Desk

  • Published:

    13 Oct 2026 3:02 PM IST

ആൺസുഹൃത്തുമായുള്ള ബന്ധത്തെ എതിർത്ത മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ 16കാരി കസ്റ്റഡിയിൽ
X

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ 16കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 23കാരനായ സുഹൃത്ത് ആകാശിനൊപ്പം ചേർന്ന് കൊലപാതകം നടത്തിയെന്നാണ് പെൺകുട്ടിക്കെതിരായ ആരോപണം. ഇരുവരും തമ്മിലുള്ള ബന്ധത്തെ മുത്തശ്ശി എതിർത്തതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിനുശേഷം ഒളിവിൽ പോയ ആകാശിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

മാണ്ഡ്യയിലെ കെ ആർ.പേട്ട് താലൂക്കിലെ ബുക്കനക്കരെ ഗ്രാമത്തിൽ ഒക്ടോബർ 11നാണ് 55കാരിയായ മഹാദേവമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണമെന്നാണ് ബന്ധുക്കൾ കരുതിയത്. എന്നാൽ കഴുത്തിൽ പാടുകൾ കണ്ടതോടെ സംശയം തോന്നി. തുടർന്ന് ബന്ധുവായ രവികുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം ഒക്ടോബർ 10ന് രാത്രി പെൺകുട്ടി ആകാശിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് ആരോപണം. ഉറങ്ങിക്കിടന്നിരുന്ന മുത്തശ്ശിയെ പെൺകുട്ടി ഉണർത്തിയെന്നും തുടർന്ന് ആകാശ് ആക്രമിച്ചെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബഹളം കേൾക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകിയെന്നും ആരോപണമുണ്ട്.

ആക്രമണത്തിന് ഉപയോഗിക്കാൻ ആകാശ് ഒരു വസ്തു ആവശ്യപ്പെട്ടപ്പോൾ പെൺകുട്ടി സ്കാർഫ് നൽകിയെന്നാണ് പൊലീസ് പറയുന്നത്. അത് കീറിയതോടെ വീട്ടിൽ നിന്ന് കയർ കൊണ്ടുവന്നതായും ആരോപണമുണ്ട്. കയർ ഉപയോഗിച്ച് മഹാദേവമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആകാശ് കടന്നുകളഞ്ഞെന്നാണ് പൊലീസിന്റെ സംശയം.

മുത്തശ്ശിയുടെ മരണം ആദ്യം സ്വാഭാവികമാണെന്നാണ് കുടുംബം കരുതിയത്. ഒക്ടോബർ 11ന് യശോധ എന്ന സ്ത്രീ വീട്ടിലെത്തി മഹാദേവമ്മയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. രാത്രി ഉറങ്ങുകയായിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് പെൺകുട്ടി പറഞ്ഞതെന്നാണ് റിപ്പോർട്ട്.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തതായി മാണ്ഡ്യ പൊലീസ് സൂപ്രണ്ട് ശോഭാ റാണി അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഒളിവിലുള്ള ആകാശിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

TAGS :

Next Story