കർണാടകയിൽ 17,969 ഏക്കർ വഖഫ് സ്വത്തുക്കൾ കൈയേറിയിട്ടുണ്ട്- മന്ത്രി സമീർ അഹമ്മദ് ഖാൻ
മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവരാണ് കൈയേറ്റക്കാരിൽ ഭൂരിഭാഗവുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു

ബംഗളൂരു: കർണാടകയിൽ 17,969 ഏക്കർ വഖഫ് സ്വത്തുക്കൾ കൈയേറിയിട്ടുണ്ടെന്ന് കർണാടക വഖഫ്, ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീർ അഹമ്മദ് ഖാൻ. മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവരാണ് കൈയ്യേറ്റക്കാരിൽ ഭൂരിഭാഗവുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. അഫ്‌സൽപൂർ കോൺഗ്രസ് എംഎൽഎ എം വൈ പാട്ടീലിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
"സംസ്ഥാനത്തുടനീളമുള്ള ആകെ വഖഫ് സ്വത്തുക്കൾ 1,12,860 ഏക്കറാണ്.അതിൽ 20,054 ഏക്കർ മാത്രമാണ് ഞങ്ങളുടെ കൈയിലുള്ളത്. 17,969 ഏക്കർ ഭൂമി കൈയേറിയിട്ടുണ്ട്, 47,263 ഏക്കർ ഇനാം അബോളിഷൻ ആക്ടിന് കീഴിലും 23,627 ഏക്കർ ഭൂപരിഷ്കരണ നിയമത്തിന് കീഴിലും പോയിട്ടുണ്ട്," ഖാൻ പറഞ്ഞു. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൈയേറ്റങ്ങൾ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം വഖഫ് അദാലത്തുകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു.
'1,12,860 ഏക്കർ വഖഫ് ഭൂമി സർക്കാർ നൽകിയതല്ല, മറിച്ച് സ്വകാര്യ വ്യക്തികളും സംഘടനകളും സമൂഹത്തിന്റെ ക്ഷേമത്തിനായി നൽകിയതാണ്. വഖഫ് സ്വത്തുക്കളിൽ കൂടുതലും മുസ്‌ലിം സമൂഹം തന്നെയാണ് കയ്യേറ്റം നടത്തിയിരിക്കുന്നത്. കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനായി വഖഫ് അദാലത്തുകൾ നടത്തിയിരുന്നു. പക്ഷേ, ബിജെപി അതൊരു പ്രശ്നമാക്കി'- എന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ എതിർപ്പുകൾ വഖഫ് ഭൂമിയിലെ മുസ്‌ലിംകളുടെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലല്ലെന്നും കർഷകരുടെ ഭൂമി, എം.വിശ്വേശ്വരയ്യ പഠിച്ച സ്കൂളിൻ്റെ ഭൂമി, ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി എന്നിവ വഖഫ് ഭൂമിയായി ഏറ്റെടുക്കുന്നതിലാണെന്ന് പ്രതിപക്ഷ നേതാവ് ആർ.അശോക പറഞ്ഞു.
Adjust Story Font
16

