1996ലെ ഗാസിയാബാദ് സ്ഫോടനക്കേസ്; 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസ് കുറ്റവിമുക്തൻ
1996 ഏപ്രില്‍ 27 നാണ് കേസിനാസ്പദമായ സംഭവം

ഡൽഹി: 1996ൽ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുണ്ടായ ബസ് ബോംബ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം പ്രതിയെ വെറുതെവിട്ടു. കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പഞ്ചാബ് സ്വദേശിയായ മുഹമ്മദ് ഇല്യാസിനെയാണ്, അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടത്.ജസ്റ്റിസ് സിദ്ധാർത്ഥ്, ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇല്യാസിനെ കുറ്റവിമുക്തനാക്കിയത്. പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും ഇന്ത്യന്‍ തെളിവ് നിയമപ്രകാരം പൊലീസ് രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴി പരിഗണിക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
1996 ഏപ്രില്‍ 27 നാണ് കേസിനാസ്പദമായ സംഭവം. രാവിലെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ബസ് യുപിയിലെ ഗാസിയാബാദിലെ മോദിനഗറില്‍ വച്ച് വൈകിട്ട് അഞ്ചുമണിയോടെ പൊട്ടിത്തെറിക്കുകയായിരുന്നു. 60 ലേറെ യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. 16 യാത്രക്കാര്‍ മരിക്കുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബസിന്‍റെ ഡ്രൈവര്‍ ഇരിക്കുന്ന സീറ്റിന് താഴെ സ്ഥാപിച്ച ആര്‍ഡിഎക്‌സ് റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് പൊലിസ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹങ്ങളില്‍ ലോഹക്കഷണങ്ങള്‍ പതിച്ചതായി കണ്ടെത്തി, ബോംബ് സ്‌ഫോടനത്തില്‍ നിന്നുള്ള അമിതമായ രക്തസ്രാവമാണ് ഷോക്കും രക്തസ്രാവവും മൂലമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു.
മുസഫര്‍നഗര്‍ സ്വദേശിയും ഫര്‍ണിച്ചര്‍ വ്യാപാരിയുമായ ഇല്യാസിനെ 1997 ജൂണിൽ ലുധിയാനയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. കേസില്‍ പാക് പൗരന്‍ മതീനും പ്രതിയായിരുന്നു. ഇല്യാസിനെ ജമ്മു കശ്മീരിലെ ചില സംഘടനകൾ പ്രേരിപ്പിച്ചതായും ബോംബ് സ്ഥാപിക്കാൻ ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപണം. പിതാവിന്റെയും സഹോദരന്റെയും സാന്നിധ്യത്തിലാണ് ബോംബ് സ്ഥാപിച്ചതെന്ന് ഇല്യാസ് സമ്മതിച്ചന്നൊണ് പൊലീസ് പറഞ്ഞത്.
2013-ൽ, വിചാരണ കോടതി സഹപ്രതികളായ തസ്ലീമിനെ കുറ്റവിമുക്തനാക്കിയെങ്കിലും ഇല്യാസ് , അബ്ദുൾ മതീൻ എന്നിവരെ ഐപിസിയിലെ വിവിധ വകുപ്പുകളും സ്ഫോടകവസ്തു നിയമവും പ്രകാരം കുറ്റക്കാരായി കണ്ടെത്തി.ഇരുവർക്കും ജീവപര്യന്തം കഠിനതടവും പിഴയും വിധിക്കുകയും ചെയ്തു.ഈ വിധിയെ ചോദ്യം ചെയ്ത് ഇല്യാസ് നൽകിയ ഹരജിയിലാണ് 12 വര്‍ഷത്തിന് ശേഷമുള്ള ഹൈക്കോടതി വിധി. ഇല്യാസിനെ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.
Adjust Story Font
16

