Quantcast

50 വർഷം മുമ്പ് മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ യു.എസ് മ്യൂസിയത്തിൽ; തിരികെ വേണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്

ക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്ക് പകരം വ്യാജ വിഗ്രഹങ്ങൾ സ്ഥാപിച്ചതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    26 Oct 2022 7:52 AM GMT

50 വർഷം മുമ്പ് മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ യു.എസ് മ്യൂസിയത്തിൽ; തിരികെ വേണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്
X

ചെന്നൈ: 50 വർഷം മുമ്പ് മോഷ്ടിക്കപ്പെട്ട രണ്ട് പുരാതന വെങ്കല വിഗ്രഹങ്ങൾ തിരിച്ചുതരണമെന്നാവശ്യപ്പട്ട് തമിഴ്‌നാട് യുഎസ് ആസ്ഥാനമായുള്ള മ്യൂസിയത്തിനും ലേല കമ്പനിക്കും കത്തയച്ചു. തമിഴ്‌നാട് പൊലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ വിഭാഗവും വിഗ്രഹ വിഭാഗവുമാണ് കത്തയച്ചത്. തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലെ മന്നാർഗുഡി താലൂക്കിലെ ആലത്തൂർ അരുൾമിഗു വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്നാണ് വിഗ്രഹങ്ങൾ മോഷണം പോയത്.

ഈ വിഗ്രഹങ്ങൾ ലോസ് ആഞ്ചലസിലെ ലാക്മ മ്യൂസിയത്തിലുണ്ടെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് കണ്ടെത്തിയത്. തുടർന്നാണ് പുരാവസ്തുവിഭാഗം കത്തയച്ചത്. ക്ഷേത്രത്തിലെ മൂന്ന് ലോഹ വിഗ്രഹങ്ങൾക്ക് പകരം വ്യാജ വിഗ്രഹങ്ങൾ സ്ഥാപിച്ചതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ക്ഷേത്രത്തിലെ 'സോമസ്‌കന്ദർ' വിഗ്രഹവും 'നൃത്തം ചെയ്യുന്ന സംബന്ധർ' വിഗ്രഹവും സമാനമായ രീതിയിൽ മോഷണം പോയിരിക്കാമെന്ന് പരിശോധനയിൽ സൂചന ലഭിച്ചതായി വിഗ്രഹ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ക്ഷേത്ര അധികാരികളുടെ പക്കൽ രണ്ട് വിഗ്രഹങ്ങളുടെ ചിത്രങ്ങൾ ഇല്ലായിരുന്നു. വിഗ്രഹങ്ങളുടെ ചിത്രങ്ങൾ പങ്കിടണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരി (എഫ്‌ഐപി) വിഗ്രഹങ്ങളുടെ ചിത്രങ്ങൾ പങ്കിടുകയും ചെയ്തു. തുടർന്ന് ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലും ആർട്ട് ഗാലറികളിലും വിഗ്രഹങ്ങൾ തെരയാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. ഈ തെരച്ചിലിനൊടുവിലാണ് ഫ്രീർ സാക്ലർ മ്യൂസിയത്തിന്റെയും ക്രിസ്റ്റീസ് ഡോട്ട് കോമിന്റെയും വെബ്സൈറ്റിൽ നിന്ന് ഈ വിഗ്രഹങ്ങളുടെ സമാനമായ ചിത്രങ്ങൾ വിഗ്രഹവകുപ്പ് കണ്ടെത്തിയത്.

വിശദമായ പഠനത്തിന് ശേഷമാണ് മോഷണം പോയ അതേ വിഗ്രഹങ്ങളാണ് ഇതെന്ന വിദഗ്ധർ സ്ഥിരീകരിച്ചത്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് വിഗ്രഹങ്ങൾ തമിഴ്നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ഉടമസ്ഥാവകാശം കൈമാറണമെന്നും ആവശ്യപ്പെട്ട് കത്തയച്ചത്.

യുനെസ്‌കോ ഉടമ്പടി പ്രകാരം തിരുവാരൂർ ജില്ലയിലെ മന്നാർഗുഡിയിലുള്ള ആലത്തൂർ അരുൾമിഗു വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ വിഗ്രഹങ്ങൾ ഉടൻ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് തമിഴ്നാട് വിഗ്രഹ വകുപ്പ്.

TAGS :

Next Story