Quantcast

ഓടിക്കൊണ്ടിരുന്ന ബസ് ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

15 എൽപിജി സിലിണ്ടറുകൾ ബസിലുണ്ടായിരുന്നെന്നും ഇവയിൽ രണ്ടെണ്ണം തീപിടിത്തത്തിൽ പൊട്ടിത്തെറിച്ചതായും ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥർ പറ‍ഞ്ഞു.

MediaOne Logo

Web Desk

  • Published:

    28 Oct 2025 4:01 PM IST

2 Burnt To Death As Jaipur Bus Catches Fire After Touching High-Tension Wire
X

Photo| Special Arrangement

ജയ്പ്പൂർ: യാത്രക്കാരുമായി പോവുകയായിരുന്ന ബസിന്റെ മുകൾഭാ​ഗം ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ച് രണ്ട് പേർ‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ജയ്പ്പൂരിലാണ് ദാരുണാപകടം. ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന് രാജസ്ഥാനിലെ ടോഡി ​ഗ്രാമത്തിലെ ഒരു ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യാൻ എത്തിയ 10 തൊഴിലാളികൾ ഈ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്. ഒമ്പത് പേർക്ക് പരിക്കേറ്റു. അ‍ഞ്ച് പേരുടെ നില ​ഗുരുതരമാണ്.

ബറേലി സ്വദേശികളായ പിതാവും മകനുമായ നസീം (50), സഹിനാം (20) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നസ്മ, സിതാര, നഹീം, അസർ, അൽതാഫ് എന്നിവർക്കാണ് ​ഗുരുതരമായി പൊള്ളലേറ്റത്. ഇവർ ജയ്പ്പൂരിലെ സവായ് മാൻ സിങ് ആശുപത്രിയിലും മറ്റ് നാല് പേർ ഷാഹ്പുര സബ് ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

11,000 കിലോവോൾട്ട് വൈദ്യുതി ലൈൻ പൊട്ടി ബസിന് മുകളിൽ വീണതിനെ തുടർന്നാണ് വൈദ്യുതാഘാതവും തീപിടുത്തവും ഉണ്ടായത്. ​അപകടമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥർ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബസിന് മുകളിൽ അമിത ലഗേജ് ഉണ്ടായിരുന്നെന്നും അത് ഹൈടെൻഷൻ വയറിൽ ഇടിച്ചതോടെ ലൈൻ പൊട്ടി ബസിന് മുകളിൽ വീഴുകയും തീപിടിക്കുകയുമായിരുന്നെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പറഞ്ഞു. 15 എൽപിജി സിലിണ്ടറുകൾ ബസിലുണ്ടായിരുന്നെന്നും ഇവയിൽ രണ്ടെണ്ണം തീപിടിത്തത്തിൽ പൊട്ടിത്തെറിച്ചതായും ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥർ പറ‍ഞ്ഞു.

എത്ര ആളുകൾ ബസിലുണ്ടായിരുന്നെന്ന കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ 25 പേരെ രക്ഷിച്ചിട്ടുണ്ട്. രണ്ട് പേർ സംഭവസ്ഥലത്ത് വച്ച് മരിച്ചു- ഉദ്യോ​ഗസ്ഥൻ പറഞ്ഞു. അപകടാവസ്ഥയിലായ വൈദ്യുതി ലൈൻ മാറ്റാൻ വൈദ്യുതി വിഭാ​ഗം ഉദ്യോ​ഗസ്ഥരോട് പറഞ്ഞെങ്കിലും അവർ ​ഗൗനിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

TAGS :

Next Story