Quantcast

സംസ്കരിക്കാന്‍ പണമില്ല; ഒരു വര്‍ഷം മുന്‍പ് മരിച്ച അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പെണ്‍മക്കള്‍

വരാണസിയിലെ ലങ്കാ പൊലീസ് സ്റ്റേഷന്‍റെ കീഴിലുള്ള മദർവ ചിറ്റുപൂർ പ്രദേശത്തുനിന്നാണ് ഈ ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    30 Nov 2023 5:23 AM GMT

Daughters Found Living With Mother’s Dead Body
X

വരാണസി: ഒരു വര്‍ഷമായി അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിയുകയാണ് രണ്ട് പെണ്‍കുട്ടികള്‍. വരാണസിയിലെ ലങ്കാ പൊലീസ് സ്റ്റേഷന്‍റെ കീഴിലുള്ള മദർവ ചിറ്റുപൂർ പ്രദേശത്തുനിന്നാണ് ഈ ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2022 ഡിസംബര്‍ 8നാണ് 52കാരിയായ ഉഷ തിവാരി മരിക്കുന്നത്. അന്നു മുതല്‍ മൃതദേഹം സംസ്കരിക്കാതെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ് മക്കളായ പല്ലവിയും(27) വൈശ്വികും(18). ബുധനാഴ്ചയാണ് സംഭവം പുറംലോകമറിയുന്നത്. ലോക്കൽ പൊലീസ് വീടിനുള്ളിൽ കയറിയാണ് ഉഷയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി ലങ്കാ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ശിവകാന്ത് മിശ്ര പറഞ്ഞു. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

അസുഖം മൂലമാണ് ഉഷ മരിച്ചതെന്ന് മകള്‍ പൊലീസിനെ അറിയിച്ചു. എന്തുകൊണ്ടാണ് പൊലീസിനെ വിവരമറിയിക്കാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ പ്രതികരിച്ചില്ല. തങ്ങള്‍ക്ക് പണമോ സ്വത്തോ ഇല്ലെന്നും അവര്‍ പറഞ്ഞു.പെൺമക്കൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് വ്യക്തമാക്കി. മൃതദേഹത്തില്‍ നിന്നുള്ള ദുര്‍ഗന്ധം എങ്ങനെ കൈകാര്യം ചെയ്തതെന്ന് ചോദിച്ചപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ടെറസിലേക്ക് പോകാറുണ്ടെന്നാണ് പെണ്‍കുട്ടികള്‍ മറുപടി പറഞ്ഞത്. ബന്ധുക്കളെപ്പോലും അമ്മയുടെ മരണത്തെക്കുറിച്ച് അറിയിച്ചിരുന്നില്ല. ഇവര്‍ വീടിന്‍റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിക്കുകയും ബുധനാഴ്ച പൊലീസെത്തി വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു.

പോലീസുകാർ വീടിനുള്ളിൽ കയറിയപ്പോൾ ഉഷയുടെ അഴുകിയ മൃതദേഹം ഒരു മുറിയിലും പെൺകുട്ടികൾ ഇരുവരും മറ്റൊരു മുറിയിലും ഇരിക്കുകയായിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് പൊലീസ് ചോദിച്ചപ്പോൾ, അനുജത്തി പത്താം ക്ലാസിലാണ് പഠിക്കുന്നതെന്നും തനിക്ക് ബിരുദാനന്തര ബിരുദമുണ്ടെന്നുമാണ് മൂത്ത മകള്‍ പല്ലവി പറഞ്ഞത്. പിതാവ് രണ്ടുവര്‍ഷമായി തങ്ങളെ കാണാന്‍ വരാറില്ലെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞത്.

TAGS :

Next Story