Quantcast

കൊലപാതകക്കേസ് പ്രതികൾ ജയിലിൽ പ്രണയത്തിലായി; വിവാഹത്തിന് പരോൾ അനുവദിച്ച് കോടതി

രാജസ്ഥാനിലെ ആള്‍വാറിലാണ് സംഭവം

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-01-23 09:37:34.0

Published:

23 Jan 2026 2:57 PM IST

കൊലപാതകക്കേസ് പ്രതികൾ ജയിലിൽ പ്രണയത്തിലായി; വിവാഹത്തിന് പരോൾ അനുവദിച്ച് കോടതി
X

ജയ്പൂര്‍: അടിയും ഇടിയും കൊലപാതകവും പ്രണയവും നിറഞ്ഞ ഒരു ത്രില്ലര്‍ സിനിമയിൽ പോലും ഇത്തരത്തിലൊരു ട്വിസ്റ്റ് ഉണ്ടാകില്ല. സിനിമാക്കഥയെ പോലും വെല്ലുന്ന വിധത്തിലായിരുന്നു പ്രിയ സേത്തിന്‍റെയും ഹനുമാൻ പ്രസാദിന്‍റെയും പ്രണയം. കാരണം ഇവര്‍ സാധാരണക്കാരല്ല, കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കുറ്റവാളികളാണ്. തടവറക്കുള്ളിലെ പ്രണയത്തിനൊടുവിൽ ഇവര്‍ വിവാഹിതരാവുകയാണ്. വിവാഹത്തിനായി കോടതി 15 ദിവസത്തെ പരോളും അനുവദിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ആള്‍വാറിലാണ് സംഭവം. രാജസ്ഥാൻ ഹൈക്കോടതിയാണ് അടിയന്തര പരോൾ അനുവദിച്ചത്.

വരന്റെ ജന്മനാടായ ആൽവാർ ജില്ലയിലെ ബറോഡമിയോയിലാണ് സേത്തിന്റെയും പ്രസാദിന്റെയും വിവാഹം നിശ്ചയിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശർമ്മ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മോഡലാണ് പ്രിയ സേത്ത്. സങ്കനേർ തുറന്ന ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് അവർ. ആറ് മാസം മുമ്പ് ഇതേ ജയിലിൽ വെച്ചാണ് പ്രസാദിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.

2018ലെ കൊലപാതകക്കേസിലാണ് പ്രിയ ശിക്ഷിക്കപ്പെട്ടത്. 2018 മെയ് 2ന്, കാമുകന്‍റെയും മറ്റൊരു പുരുഷന്‍റെയും സഹായത്തോടെയാണ് പ്രിയ സേത്ത് കൊലപാതകം നടത്തിയത്. ദുഷ്യന്ത് ശര്‍മ്മയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ചോദിച്ചുവാങ്ങി കാമുകനായ ദിക്ഷാന്ത് കമ്രയുടെ കടം വീട്ടുക എന്നതായിരുന്നു പദ്ധതി.ഇതുപ്രകാരം യുവതി ടിൻഡറിൽ സിങ്ങുമായി സൗഹൃദത്തിലാവുകയും ബജാജ് നഗറിലെ ഒരു ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. തുടർന്ന് സിങ്ങിന്‍റെ പിതാവില്‍ നിന്ന് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. അദ്ദേഹം 3 ലക്ഷം രൂപ നല്‍കി. എന്നാല്‍ ശര്‍മ്മയെ വിട്ടയച്ചാല്‍ പൊലീസ് തങ്ങളുടെ അരികില്‍ എത്തുമെന്ന് പ്രതികള്‍ കരുതി.പൊലീസിന്‍റെ പിടിയിൽ പെടാതിരിക്കാൻ സേത്തും കാമ്രയും സുഹൃത്ത് ലക്ഷ്യ വാലിയയും ചേർന്ന് സിങ്ങിനെ കൊലപ്പെടുത്തി. മൃതദേഹം ഒരു സ്യൂട്ട്കേസിനുള്ളിലാക്കി ആമേർ കുന്നുകളിൽ ഉപേക്ഷിച്ചു.

മൃതദേഹം തിരിച്ചറിയാതിരിക്കാൻ മുഖത്ത് നിരവധി തവണ കുത്തുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തു. മേയ് 3ന് രാത്രി ആമേർ കുന്നുകളിൽ നിന്ന് സിങ്ങിന്‍റെ മൃതദേഹം കണ്ടെടുത്തു. ഇതിന് പിന്നാലെ പ്രിയയെും കൂട്ടാളികളെയും ഫ്ലാറ്റിൽ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തന്നെക്കാൾ 10 വയസ് കൂടുതലുള്ള കാമുകിയുടെ ഭർത്താവിനെയും കുട്ടികളെയും കൊലപ്പെടുത്തിയ കേസിലാണ് പ്രസാദ് ശിക്ഷ അനുഭവിക്കുന്നത്. കാമുകി സന്തോഷ് ആൽവാറിൽ തായ്‌ക്വോണ്ടോ കളിക്കാരിയായിരുന്നു. 2017 ഒക്ടോബർ 2 ന് രാത്രിയിൽ, ഭർത്താവിനെയും കുട്ടികളെയും കൊല്ലാൻ അവൾ അയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. പ്രസാദ് ഒരു കൂട്ടാളിയുമായി അവിടെയെത്തി, മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഭർത്താവ് ബൻവാരി ലാലിനെ കൊലപ്പെടുത്തി.

സന്തോഷിന്റെ മൂന്ന് കുട്ടികളും അവരോടൊപ്പം താമസിച്ചിരുന്ന അനന്തരവനും യാദൃച്ഛികമായി കൊലപാതകത്തിന് സാക്ഷിയായി. പിടിക്കപ്പെടുമെന്ന് ഭയന്ന് അവള്‍ തന്റെ മക്കളെയും അനന്തരവനെയുമടക്കം കൊല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇരുവര്‍ക്കും പരോൾ അനുവദിച്ച തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ദുഷ്യന്ത് ശർമ്മ കേസിൽ ഇരയുടെ കുടുംബത്തിന്‍റെ അഭിഭാഷകൻ സന്ദീപ് ലോഹരിയ പറഞ്ഞു.

TAGS :

Next Story