Quantcast

2027 സെൻസസ് അടുത്ത ഏപ്രിൽ മുതൽ; ഇത്തവണ വിവരശേഖരണ രീതിയിൽ മാറ്റം; വിശദമായി അറിയാം

വിവരശേഖരണ പ്രക്രിയ കേന്ദ്രം പ്രത്യേക വെബ്‌സൈറ്റ് വഴി‌ നിരീക്ഷിക്കും.

MediaOne Logo

Web Desk

  • Published:

    12 Dec 2025 8:58 PM IST

2027 Census In 2 Phases From April 2026 Data Collection Methode Changed
X

ന്യൂഡൽഹി: 2027ലെ ദേശീയ സെൻസസ് 2026 ഏപ്രിൽ മുതൽ 2027 ഫെബ്രുവരി വരെ രണ്ട് ഘട്ടമായി നടക്കും. എസ്ഐആർ മാതൃകയിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ വീടുകളിലെത്തി ഫോമുകൾ നേരിട്ട് പൂരിപ്പിച്ചല്ല പുതിയ സെൻസസിന്റെ വിവരശേഖരണം. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന ആദ്യ സെൻസസാണ് ‌ഇത്തവണത്തേത്. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഇതിനുള്ള വിവര ശേഖരണം നടത്തുകയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

സെൻസസ് പ്രവർത്തനങ്ങൾക്കായി 11,718.24 കോടി രൂപ കേന്ദ്ര മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്. 2026 ഏപ്രിൽ മുതൽ സെപ്തംബർ വരെ വീടുകളുടെയും വാസസ്ഥലങ്ങളുടേയും കണക്കെടുപ്പും 2027 ഫെബ്രുവരി വരെ ജനസംഖ്യാ കണക്കെടുപ്പുമാണ് നടക്കുക. ‌ലഡാക്കിലും ജമ്മു കശ്മീരിലും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും 2026 സെപ്തംബറിലായിരിക്കും ജനസംഖ്യാ കണക്കെടുപ്പ്. ജാതി കണക്കെടുപ്പും ഇത്തവണത്തെ സെൻസസിൽ ഉൾപ്പെടുമെന്നതാണ് ശ്രദ്ധേയം.

ജനസംഖ്യാ കണക്കെടുപ്പിൽ മൊബൈൽ ആപ്പുകൾ വഴി 30 ലക്ഷത്തോളം ഉദ്യോഗസ്ഥരാണ് വിവരങ്ങൾ ശേഖരിക്കുക. വിവരശേഖരണ പ്രക്രിയ കേന്ദ്രം പ്രത്യേക വെബ്‌സൈറ്റ് വഴി‌ നിരീക്ഷിക്കും. സെൻസസിനായി, സർക്കാർ സ്കൂൾ അധ്യാപകരായ എന്യൂമറേറ്റർമാർ വിശദമായ ചോദ്യാവലികളുമായി ഓരോ വീടും സന്ദർശിക്കും.

സംസ്ഥാന സർക്കാരുകൾ നിയമിക്കുന്ന ഈ എന്യൂമെറേറ്റർമാർ, അവരുടെ പതിവ് ജോലികൾക്ക് പുറമെയായിരിക്കും സെൻസസ് ഫീൽഡ് ജോലികളും നിർവഹിക്കുക. ഫീൽഡ് ഉദ്യോഗസ്ഥരിൽ എന്യൂമെറേറ്റർമാർ, സൂപ്പർവൈസർമാർ, മാസ്റ്റർ ട്രെയ്‌നർമാർ, ചാർജ് ഓഫീസർമാർ, പ്രിൻസിപ്പൽ/ജില്ലാ സെൻസസ് ഓഫീസർമാർ എന്നിവരാണ് ഉൾപ്പെടുന്നത്. ഇവർക്ക് സെൻസസ് പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഓണറേറിയവും നൽകും.

2027 ലെ സെൻസസിന്റെ പ്രത്യേകതകൾ

ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന ആദ്യ സെൻസസ്: ആൻഡ്രോയിഡ്, ആപ്പിൾ ഐഒഎസ് ഫോണുകളിൽ ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചായിരിക്കും ഡാറ്റാ ശേഖരണം.

മുഴുവൻ പ്രക്രിയയും റിയൽ-ടൈം അടിസ്ഥാനത്തിൽ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സെൻസസ് മാനേജ്മെന്റ് & മോണിറ്ററിങ് സിസ്റ്റം (CMMS) പോർട്ടൽ. ജനങ്ങൾക്ക് ‘സ്വയം-എന്യൂമറേഷൻ’ (self-enumeration) തിരഞ്ഞെടുക്കാനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ശേഖരിച്ച ഡാറ്റ സുരക്ഷിതമാക്കാനാവശ്യമായ സുരക്ഷാ ഫീച്ചറുകളും ആപ്പിലുണ്ട്. ഹൗസ്-ലിസ്റ്റിങ് ബ്ലോക്ക് (HLB) ക്രിയേറ്റർ വെബ് മാപ്പ് ആപ്ലിക്കേഷനാണ് 2027 സെൻസസിലെ മറ്റൊരു പുതുമ. ചാർജ് ഓഫീസർമാരായിരിക്കും ഇത് ഉപയോഗിക്കുക.

സെൻസസ് ഡാറ്റ ഏറ്റവും താഴെയുള്ള ഭരണഘടനാ ഘടകം വരെ (ഗ്രാമം/വാർഡ് തലത്തിൽ) പങ്കുവയ്ക്കുമെന്നും കേന്ദ്രം പറയുന്നു. രാജ്യത്ത് 16ാമത്തേതും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തേയും സെൻസസാണ് 2027ലേത്. 2011ലാണ് അവസാനമായി സെൻസസ് നടന്നത്. അതിനു ശേഷം 2021ൽ നടക്കാനിരുന്ന സെൻസസ് കോവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.

TAGS :

Next Story