ഗോവയിലെ നിശാ ക്ലബ്ബിൽ വൻ തീപിടിത്തം; വിനോദ സഞ്ചാരികളടക്കം 23 പേർക്ക് ദാരുണാന്ത്യം
ക്ലബ്ബിന്‍റെ ഉടമകളെയും മാനേജ്‌മെന്റിനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്

ഗോവ: വടക്കൻ ഗോവയിലെ അർപോറയിൽ റോമിയോ ലെയ്‌നിലെ പ്രശസ്തമായ നിശാക്ലബ്ബായ ഇന്നലെ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തിൽ 23 പേർ മരിച്ചു.മരിച്ചവരിൽ മൂന്ന് വിനോദസഞ്ചാരികളും ക്ലബ്ബിലെ 19 ജീവനക്കാരും ഉള്‍പ്പെടും. ഏകദേശം 50 പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.. പരിക്കേറ്റവരെ ഗോവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അടുക്കള ഭാഗത്തിന് സമീപമുള്ള സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.എന്നാല്‍ ഇത് പൊലീസ് തള്ളിക്കളയുന്നുണ്ട്. ചെറിയ സ്ഫോടനമാണ് ഉണ്ടായതെങ്കിലും നിമിഷങ്ങൾക്കുള്ളിൽ കെട്ടിടം മുഴുവൻ തീപിടിച്ചെന്നും ക്ലബിലുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നും പൊലീസ് പറയുന്നു.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം രണ്ട് മണിക്കൂർ നീണ്ട തീവ്ര പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്. കത്തി നശിച്ച നിശാക്ലബ്ബ് സീൽ ചെയ്തിട്ടുണ്ട്. ഉടമകളെയും മാനേജ്‌മെന്റിനെയും ചോദ്യം ചെയ്തുവരികയാണ്.ക്ലബ്ബ് അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ പ്രസിഡന്റ് ദ്രൗപതി മുർമു,പ്രധാനമന്ത്രി നരേന്ദ്ര മോദി,ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് എന്നിവര്‍ അനുശോചനം അറിയിച്ചു.
തീപിടിത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തീപിടുത്തത്തിൽ നിരവധി പേര്‍ മരിച്ചതില്‍ അതിയായ ദുഃഖമുണ്ടെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞു."ദുഃഖിതരായ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. ഈ ദുഷ്‌കരമായ സമയത്ത് അവർക്ക് ശക്തി ലഭിക്കട്ടെ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർഥിക്കുന്നു" പ്രസിഡന്റ് എക്സില്‍ പങ്കുവെച്ച അനുശോചനക്കുറിപ്പില്‍ അറിയിച്ചു.
"ഗോവയിലെ അർപോറയിലുണ്ടായ തീപിടിത്തം അങ്ങേയറ്റം ദുഃഖകരമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. സ്ഥിതിഗതികളെക്കുറിച്ച് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിനോട് സംസാരിച്ചു. ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്". പ്രധാനമന്ത്രി പറഞ്ഞു.
Adjust Story Font
16

