Quantcast

ഗുജറാത്തിൽ മലിനജലം കുടിച്ച് ​25 ഒട്ടകങ്ങൾക്ക് ദാരുണാന്ത്യം

ഗ്രാമം കടുത്ത കുടിവെള്ള പ്രതിസന്ധിയാണ് നേരിന്നതെന്ന് പ്രദേശവാസികളിലൊരാളായ​ റഹ്മാൻഭായ് ജാട്ട് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    23 May 2023 6:34 AM GMT

25 camels die after drinking polluted water in Gujarat
X

അഹമ്മദാബാദ്: മലിനജലം കുടിച്ചതിനെ തുടർന്ന് ​ഗുജറാത്തിൽ 25 ഒട്ടകങ്ങൾക്ക് ദാരുണാന്ത്യം. ബറൂച്ച് ജില്ലയിലെ കച്ചിപുര ​ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ ഒരു കുളത്തിൽ നിന്നും വെള്ളം കുടിച്ച ഒട്ടകങ്ങളാണ് ചത്തത്. കടുത്ത കുടിവെള്ള പ്രതിസന്ധി നേരിടുന്ന പ്രദേശത്തുകൂടി ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന പൈപ്പ് ലൈനിന്റെ ചോർച്ച മൂലം ജലം മലിനമായ കുളത്തിലെ വെള്ളമാണ് ഒട്ടകങ്ങൾ കുടിച്ചതെന്ന് ഗ്രാമവാസികൾ പറഞ്ഞു.

60 ഓളം കുടുംബങ്ങളിലായി 250ലേറെ പേർ താമസിക്കുന്ന കച്ചിപുരയിലെ ഗ്രാമവാസികൾ കന്നുകാലികളെ മേയ്ക്കുന്ന മാൽധാരി സമുദായത്തിൽ പെട്ടവരാണ്. ഒട്ടകങ്ങളും ഇവരുടെ ഉപജീവനമാർഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഗ്രാമം കടുത്ത കുടിവെള്ള പ്രതിസന്ധിയാണ് നേരിന്നതെന്ന് ​ഗ്രാമവാസികളിലൊരാളായ​ റഹ്മാൻഭായ് ജാട്ട് പറഞ്ഞു.

തങ്ങൾക്ക് ചില സ്വകാര്യ വിതരണക്കാരിൽ നിന്ന് വെള്ളമെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി ഇത് നിലച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കത്തുന്ന ചൂടിൽ നിന്ന് ആശ്വാസം നൽകാൻ, ഞായറാഴ്ച ഗ്രാമവാസികൾ ഒട്ടകങ്ങളെ അഞ്ച് കിലോമീറ്റർ അകലെയുള്ള ചഞ്ച്വെൽ തടാകത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു.

എന്നാൽ, വഴിമധ്യേ ഒരു ജലാശയത്തിൽ നിന്നും വെള്ളം കുടിച്ചപ്പോൾ ഒട്ടകങ്ങൾ ചത്തു വീഴുന്നതാണ് കണ്ടത്. ഇത് ഗ്രാമവാസികളെ ഞെട്ടിച്ചു. 30 ഒട്ടകങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ഇവയിൽ 25 ഒട്ടകങ്ങളുടെ ശവങ്ങൾ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു. ശേഷിക്കുന്ന ഒട്ടകങ്ങളെ ചികിത്സിച്ച് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതിയായ കുടിവെള്ള വിതരണത്തിനായി ഗ്രാമവാസികൾ സർക്കാരിനോട് ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ഉത്തരം ലഭിച്ചിട്ടില്ലെന്ന് പ്രാദേശിക സാമൂഹിക പ്രവർത്തകനായ മുസാഭായ് അലി കച്ചി പറഞ്ഞു. മലിനീകരണത്തിന്റെ കൃത്യമായ കാരണവും അതിന്റെ ഉത്തരവാദികളെയും കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള വിജിലൻസ് സംഘം തിങ്കളാഴ്ച സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.

അതേസമയം, സമീപത്തെ ഒരു രാസവ്യവസായ സ്ഥാപനങ്ങളും മലിനീകരണത്തിന് കാരണമായതായി കണ്ടെത്താനായിട്ടില്ലെന്നാണ് ബറൂച്ചിലെ മലിനീകരണ നിരീക്ഷണ വിഭാഗത്തിന്റെ റീജിയണൽ ഓഫീസർ മാർഗി പട്ടേലിന്റെ വാദം. സമീപത്ത് ഒഎൻജിസി കിണർ ഉണ്ടെങ്കിലും ചോർച്ചയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒട്ടകത്തിന്റെ ജഡങ്ങൾ കണ്ടെത്തിയ സ്ഥലത്തുനിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ലഭിച്ചാൽ അന്വേഷണത്തിൽ വ്യക്തത ലഭിക്കുമെന്നും അദ്ദേഹം വിശദമാക്കി.

25 ഒട്ടകങ്ങൾ ചത്തതായി ബറൂച്ചിലെ ഗവൺമെന്റ് വെറ്ററിനറി ഡോ. ഹർഷ് ഗോസ്വാമി സ്ഥിരീകരിച്ചു. അവ ചത്തതിന്റെ കൃത്യമായ കാരണം അനിശ്ചിതത്വത്തിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story