ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ അപകടം: സംഭവ ദിവസം വിറ്റത് 2,600 അധികം ടിക്കറ്റുകൾ
സഹായത്തിനായി ഉദ്യോഗസ്ഥർ എത്തിയില്ലെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ

ന്യൂഡൽഹി: ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച ദിവസം സാധാരണയെക്കാൾ അധിക ടിക്കറ്റുകൾ വിട്ടതായി റിപ്പോർട്ട്. ജനറൽ ക്ലാസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന അൺറിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം (യുടിഎസ്) പ്രകാരം പതിവിലും 2,600 കൂടുതൽ ജനറൽ ടിക്കറ്റുകൾ അപകടം ഉണ്ടായ ശനിയാഴ്ച വിറ്റിട്ടുണ്ട്. ടിക്കറ്റില്ലാത്ത യാത്രക്കാരെ കൂടി ചേർക്കുമ്പോൾ എണ്ണം ഇതിലും കൂടുമെന്നും റെയിൽവേ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ശനിയാഴ്ച വൈകുന്നേരം 6 നും 8 നും ഇടയിലാണ് പതിവിലും കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ എല്ലാ ദിവസവും വൈകുന്നേരം 6 നും 8 നും ഇടയിൽ ശരാശരി 7,000 ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടാറുണ്ട്. എന്നാൽ, സംഭവം നടന്ന ദിവസം, 9,600-ലധികം ജനറൽ ക്ലാസ് ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ടു. അന്ന് രാത്രി 9 മണിക്കും 9.20 നും ഇടയിലാണ് സ്റ്റേഷനിൽ തിക്കും തിരക്കും ഉണ്ടാകുകയും 18 പേർ മരിക്കുകയും ചെയ്തത്.
പ്ലാറ്റ്‌ഫോമിൽ മതിയായ എണ്ണം ജീവനക്കാരെ നിയമിക്കുകയും യാത്രക്കാർക്ക് വ്യക്തമായ അറിയിപ്പ് നൽകുകയും ചെയ്‌തിരുന്നെങ്കിൽ ഇത്രയും വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും റെയിൽവേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു. വലിയ തോതിൽ ടിക്കറ്റ് വിറ്റ് പോയത് മനസിലാക്കിയ നിർണ്ണായക മണിക്കൂറുകളിൽ കൃത്യമായ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
അതേസമയം, അപകടസ്ഥലത്ത് എവിടെയും റെയിൽവേ ഉദ്യോഗസ്ഥരുടെ സഹായം ലഭ്യമായിരുന്നില്ലെന്ന് ഇരകൾ പറയുന്നു. "അപകട സ്ഥലത്ത് ഒരു ഉദ്യോഗസ്ഥൻ പോലും ഉണ്ടായിരുന്നില്ല. ആളുകൾ സഹായത്തിനായി നിലവിളിക്കുന്നുണ്ടായിരുന്നു, പക്ഷേ ആരും ശ്രദ്ധിച്ചില്ല. ആളുകൾ എന്റെയും ഭാര്യയുടെയും മക്കളുടെയും മുകളിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. ഞാൻ ഒരുപാട് തവണ സഹായത്തിനായി നിലവിളിച്ചു. പക്ഷെ, പ്രതികരണം ഒന്നും ഉണ്ടായില്ല. എന്റെ ഭാര്യക്ക് അപ്പോഴും കുറച്ച് ജീവൻ ബാക്കി ഉണ്ടായിരുന്നു. റെയിൽവേ പോലീസ് ഉദ്യോഗസ്ഥരോട് അവളെ പരിശോധിക്കാൻ ഞാൻ അപേക്ഷിച്ചു. ജീവനുണ്ട്, പരിശോധിക്കൂ എന്ന് പറഞ്ഞു. എന്നാൽ സ്‌ട്രെച്ചർ കൊണ്ട് വന്നപ്പോഴേക്കും വളരെ വൈകിപ്പോയി," അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഉമേഷ് ഗിരി പറയുന്നു. ഉമേഷിന്റെ ഭാര്യ ശീലം ദേവി അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
Adjust Story Font
16

