Quantcast

ബംഗാളില്‍ 27 ലക്ഷം പേര്‍ക്ക് വോട്ടില്ല, തൃണമൂല്‍ ശക്തികേന്ദ്രങ്ങളില്‍ കടുംവെട്ട്; തെര. കമ്മീഷനെ കാണാന്‍ മമത

വോട്ടര്‍മാര്‍ കൂട്ടത്തോടെ പുറത്തായതില്‍ സംസ്ഥാനത്ത് കനത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    7 April 2026 8:12 PM IST

ബംഗാളില്‍ 27 ലക്ഷം പേര്‍ക്ക് വോട്ടില്ല, തൃണമൂല്‍ ശക്തികേന്ദ്രങ്ങളില്‍ കടുംവെട്ട്; തെര. കമ്മീഷനെ കാണാന്‍ മമത
X

കൊല്‍ക്കത്ത: ബംഗാളില്‍ 27 ലക്ഷത്തിലേറെ വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്ത്. തിങ്കളാഴ്ച രാത്രി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്നാണ് ഇത്രയേറെ പേര്‍ പുറത്തായത്. ഇതുമായി ബന്ധപ്പെട്ട് കമ്മീഷനെ കാണാന്‍ അനുമതി തേടിയപ്പോള്‍ ആദ്യം മറുപടി ലഭിച്ചില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. വൈകുന്നേരം മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചതോടെ നാളെ രാവിലെ കാണാമെന്ന് മറുപടി ലഭിച്ചുവെന്നും തൃണമൂല്‍ നേതൃത്വം അറിയിച്ചു.

വോട്ടര്‍മാര്‍ കൂട്ടത്തോടെ പുറത്തായതില്‍ സംസ്ഥാനത്ത് കനത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മുര്‍ഷിദാബാദില്‍ നിന്ന് 4.55 ലക്ഷം പേരെയാണ് പട്ടികയില്‍ നിന്ന് വെട്ടിയത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്ന് 3.25 ലക്ഷം പേരും മാള്‍ഡയില്‍ നിന്ന് 2.39 ലക്ഷം പേരും സൗത്ത് 24 പര്‍ഗാനാസില്‍ നിന്ന് 2.22 ലക്ഷം പേരും പൂര്‍വ വര്‍ധമാനില്‍ നിന്ന് 2.09 ലക്ഷം പേരും പുറത്തായിട്ടുണ്ട്.

തൃണമൂല്‍ ശക്തികേന്ദ്രങ്ങളില്‍ നിന്നാണ് വന്‍തോതില്‍ വോട്ടര്‍മാര്‍ പുറത്തായത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ നിന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആധിപത്യമുള്ള മേഖലകളില്‍ നിന്നുമാണ് വലിയ തോതില്‍ വെട്ടിക്കുറക്കല്‍. മുര്‍ഷിദാബാദ്, നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ്, പൂര്‍വ വര്‍ധമാന്‍ എന്നിവ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണ്.

ചരിത്രത്തിലാദ്യമായാണ് ജില്ല തിരിച്ച് വോട്ടര്‍മാര്‍ വോട്ടു ചെയ്യാന്‍ യോഗ്യരാണോ അല്ലയോ എന്ന് രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് കമ്മിഷന്‍ പുറത്തുവിട്ടത്. 60 ലക്ഷത്തോളം വോട്ടര്‍മാരെ പട്ടികയിലുള്‍പ്പെടുത്തുന്ന കാര്യത്തില്‍ നേരത്തെ തീരുമാനമെടുത്തിരുന്നില്ല. അന്തിമ പട്ടികയില്‍ ഇവരില്‍ 32,68,119 വോട്ടര്‍മാര്‍ പട്ടികയില്‍ ഇടംനേടിയപ്പോള്‍ 27,16,393 പേരാണ് പുറത്തായത്. 22,163 വോട്ടര്‍മാരുടെ കാര്യത്തില്‍ ഇനിയും തീരുമാനമെടുക്കാനുണ്ട്. സുപ്രിം കോടതിയുടെ നിര്‍ദേശം അനുസരിച്ച്, വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്തായവര്‍ക്ക് ജുഡീഷ്യല്‍ ട്രിബ്യൂണലിനു മുന്നില്‍ ഇനിയും അപ്പീല്‍ നല്‍കാം.

TAGS :

Next Story