Quantcast

രണ്ട് വർഷത്തിനുള്ളിൽ 2.78 ലക്ഷം ​ പേർ ഡൽഹിയിൽ നിന്ന് നിർബന്ധിത കുടിയൊഴി​പ്പിക്കലിന് ഇരയായെന്ന് കണക്കുകൾ

സൗന്ദര്യവൽക്കരണത്തിന്റെയും വികസന പദ്ധതികളുടെയും പേര് പറഞ്ഞാണ് രാജ്യതലസ്ഥാനത്ത് വൻ തോതിൽ നിർബന്ധിത കുടിയൊഴിപ്പിക്കലുകൾ നടന്നത്

MediaOne Logo

Anas Aseen

  • Updated:

    2024-03-05 17:19:36.0

Published:

5 March 2024 5:10 PM GMT

രണ്ട് വർഷത്തിനുള്ളിൽ 2.78 ലക്ഷം ​ പേർ ഡൽഹിയിൽ നിന്ന് നിർബന്ധിത കുടിയൊഴി​പ്പിക്കലിന് ഇരയായെന്ന് കണക്കുകൾ
X

ന്യൂഡൽഹി: രണ്ട് വർഷത്തിനുള്ളിൽ ഡൽഹിയിൽ നിന്ന് നിർബന്ധിത കുടിയൊഴി​പ്പിക്കലിന് ഇരയായത് 2.78 ലക്ഷം പേർ. 2022 നും 2023 നും ഇടയിലാണ് ഇത്രയും വലിയ കുടിയൊഴിപ്പിക്കൽ നടന്നതെന്നാണ് റിപ്പോർട്ട്. സൗന്ദര്യവൽക്കരണത്തിന്റെയും വികസന പദ്ധതികളുടെയും പേര് പറഞ്ഞാണ് രാജ്യതലസ്ഥാനത്ത് വൻ തോതിൽ നിർബന്ധിത കുടിയൊഴിപ്പിക്കലുകൾ നടന്നത്. ഡൽഹി ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ (HLRN) ഹൗസിംഗ് ആൻഡ് ലാൻഡ് റൈറ്റ്സ് നെറ്റ്‌വർക്കിൻ്റെ ‘ഇന്ത്യയി​ലെ നിർബന്ധിത കുടിയൊഴിപ്പിക്കൽ- 2022, 2023’ എന്ന റിപ്പോർട്ടിലാണ് ദേശീയ തലസ്ഥാനത്ത് നടന്ന 78 കുടിയൊഴിപ്പിക്കലുക​ളുടെ കണക്കുകൾ ഉള്ളത്.

2022 ൽ മാത്രം ഡൽഹിയിൽ 44 സ്ഥലങ്ങളിലാണ് ഒഴിപ്പിക്കൽ നടന്നത്. 2023 ൽ 17 സ്ഥലങ്ങളിലും കുടിയൊഴിപ്പിക്കലുകൾ നടന്നിട്ടുണ്ട്. ചിലയിടങ്ങളിൽ ഒന്നിലധികം തവണയാണ് കുടിയൊഴിപ്പിക്കൽ നടന്നത്. 2023 സെപ്റ്റംബറിൽ നടന്ന ജി20 ഉച്ചകോടിക്ക് മുമ്പുള്ള പൊളിച്ചുമാറ്റലുകളാണ് വൻ തോതിലുള്ള നിർബന്ധിത കുടിയൊഴിപ്പിക്കലുകളിലൊന്ന്. ഡൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റി (ഡിഡിഎ)യുടെ നേതൃത്വത്തിൽ 2023 ഏപ്രിൽ 1 മുതൽ ഡൽഹിയിൽ 49 നിർബന്ധിത പൊളിക്കലുകളാണ് നടന്നത്.അതിലൂടെ 229.137 ഏക്കർ ഭൂമി ‘വീണ്ടെടുത്തതായി’ അവർ അവകാശപ്പെടുന്നു..

കസ്തൂർബാ നഗർ, തുഗ്ലക്കാബാദ്, പ്രഗതി മൈതാനം, യമുന ഫ്ലഡ് പ്ലെയിൻസ്, ധൗല കുവാൻ തുടങ്ങിയ പ്രദേശങ്ങളിൽ സൗന്ദര്യവൽക്കരണത്തിന്റെ പേര് പറഞ്ഞ് വലിയൊരു വിഭാഗം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്.

സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി എട്ട് സർക്കാർ ഷെൽട്ടറുകളാണ് ഒഴിപ്പിച്ചത്. ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെൻ്റ് ബോർഡ് (DUSIB) സരായ് കാലെ ഖാനിലും യമുനയുടെ സമീപ പ്രദേശങ്ങളിലും നടത്തിയ കുടിയൊഴിപ്പിക്കലുകളിൽ കുറഞ്ഞത് 1,280 ആളുകളെയെങ്കിലും ബാധിച്ചുവെന്നാണ് ക​ണ്ടെത്തൽ.

ഭവാന വില്ലേജ്, ദീൻപൂർ വില്ലേജ്, ഗോകുൽപുരി, കർകർദൂമ, മംഗ്ലാപുരി, ഷഹ്ദാര, ശിവ് വിഹാർ, മദൻഗീർ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ആളുകളാണ് ഭവന രഹിതരായത്.

1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ വികസന പദ്ധതികളുടെ മറവിൽ കുടിയൊഴിക്കപ്പെട്ടതിലേറെയും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളാണെന്നാണ് കണക്കുകൾ. കുടിയിറക്കപ്പെട്ടവരിൽ 40 ശതമാനം ആദിവാസികളും 20 ശതമാനം ദലിതരുമാണ്. എന്നാൽ അവരിൽ മൂന്നിലൊന്ന് പേർക്ക് മാത്രമാണ് പുനരധിവാസം ലഭിച്ചത്.

കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിൽ നിരവധി തവണ ഡൽഹി ഹൈക്കോടതി ഇടപെട്ടിട്ടും നടപടികളുണ്ടായില്ല. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനെതിരെ ഹൈക്കോടതിയിൽ നടക്കുന്ന കേസുകളിലൊന്നിൽ 2017 മുതൽ ഭവനത്തിനായി കാത്തിരിക്കുന്ന കിദ്വായ് നഗറിലെ 400 പേരുടെ ​പരാതികളുണ്ട്. ഇത്തരത്തിൽ നിരവധി കേസുകളാണ് മണ്ണിനും വീടിനും ​​കോടതികളിൽ എങ്ങുമെത്താതെ നടക്കുന്നത്. പലരുടെയും പുനരധിവാസ പദ്ധതികൾ അട്ടിമറിക്കപ്പെട്ടതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഏകോപനമില്ലായ്മാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

കുടിയൊഴിപ്പിക്കലിലെ അസാധാരണ നടപടികളും വിമർശിക്കപ്പെടുന്നു. 2023 ജൂണിൽ പ്രഗതി മൈതാനം പൊളിക്കാൻ അധികൃതരെത്തിയത് പുലർച്ചെ 5 മണിക്കാണ്. അതിന് ചുറ്റും താമസിക്കുന്നവർക്ക് അവരുടെ കിടപ്പാടങ്ങളിൽ നിന്ന് അവശ്യവസ്തുക്കൾ ​പോലും ശേഖരിക്കാനായില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.പലർക്കും നിയമപരമായ പോരാട്ടങ്ങളും അന്യമാകുന്നുണ്ടെന്നും കണ്ടെത്തലുകൾ ഉണ്ട്.ഗ്യാസ്പൂരിലെയും പ്രഗതി മൈതാനിലെയും വീടുകൾ പൊളിക്കുന്നതിൽ ഇടപെടാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story