Quantcast

മതം മാറ്റശ്രമം; മൂന്ന് ക്രിസ്ത്യൻ മിഷണറിമാരെ അറസ്റ്റു ചെയ്ത് നാടുകടത്തി

ഇന്ത്യൻ അധികൃതരുമായി സ്വീഡിഷ് എംബസി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ഇവരെ വിട്ടയച്ചത്

MediaOne Logo

Web Desk

  • Published:

    28 Oct 2022 6:38 AM GMT

മതം മാറ്റശ്രമം; മൂന്ന് ക്രിസ്ത്യൻ മിഷണറിമാരെ അറസ്റ്റു ചെയ്ത് നാടുകടത്തി
X

ഗുവാഹത്തി: വിസാചട്ടം ലംഘിച്ച് ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മൂന്ന് സ്വീഡിഷ് പൗരന്മാരെ അറസ്റ്റു ചെയ്ത് നാടുകടത്തി. ഹന്ന മൈക്കേല ബ്ലൂം, മാർക്കസ് ആർനെ ഹെന്റിക് ബ്ലൂം, സൂസന്ന എലിസബത്ത് ഹകാൻസൺ എന്നിവരെയാണ് അസം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം നാടുകടത്തിയത്. ഇന്ത്യൻ അധികൃതരുമായി സ്വീഡിഷ് എംബസി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ഇവരെ വിട്ടയയ്ക്കാൻ തീരുമാനിച്ചത്.

സന്ദർശക വിസയിൽ ഇന്ത്യയിലെത്തിയ ഇവർ മതപ്രബോധനത്തിലൂടെ നിരവധി പേരെ മതം മാറ്റിയതായി പൊലീസ് പറയുന്നു. പൊലീസ് ഇവർക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. നഹർകതിയ പട്ടണത്തിലെ തേയിലത്തോട്ടം മേഖലയിൽ മതപ്രചാരണം നടത്തുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മേഖലയിലെ മൈതാനത്ത് ഒക്ടോബർ 25-27 തിയ്യതികളിൽ ഇവരുടെ നേതൃത്വത്തിൽ മതാഘോഷ പരിപാടി നടന്നതായും പൊലീസ് പറഞ്ഞു. യുണൈറ്റഡ് ചർച്ചസ് ഫെലോഷിപ്പ്, ബ്ലസ് അസം മിഷൻ നെറ്റ്‌വർക്ക് എന്നീ സംഘടനകളുമായി സഹകരിച്ചായിരുന്നു പരിപാടി.

ഇവരെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് തോട്ടം തൊഴിലാളികൾ പൊലീസ് സ്റ്റേഷനു മുമ്പിൽ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചിരുന്നു. ചിലർ ഉച്ചത്തിൽ പ്രാർത്ഥന ചൊല്ലിയിരുന്നതായും ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്തു.

ടൂറിസ്റ്റ് വിസയിലെത്തുന്ന വിദേശികൾക്ക് ഇന്ത്യയിൽ മത പ്രബോധന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുവാദമില്ല. വിദേശനിയമത്തിലെ വകുപ്പ് 14 പ്രകാരമാണ് (വിസാ ഉപാധികളുടെ ലംഘനം) ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

TAGS :

Next Story