റിപ്പബ്ലിക ദിനാഘോഷത്തിന് സ്ഥാപിച്ച സ്പീക്കർ ബോക്സുകൾ തലയിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു.

- Updated:
2026-01-28 16:49:26.0

മുംബൈ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി റോഡരികിൽ സ്ഥാപിച്ച സ്പീക്കർ ബോക്സുകൾ തലയിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. മുംബൈയിലെ വിഖ്രോളിയിലെ അംബേദ്കർ നഗറിൽ തിങ്കളാഴ്ചയാണ് ദാരുണ സംഭവം.
ജാൻവി രാജേഷ് സോങ്കർ എന്ന കുട്ടിയാണ് മരിച്ചത്. സ്പീക്കറുകൾ സ്ഥാപിച്ചിരുന്ന തെരുവിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയം തുണിക്കെട്ടുമായി ഒരാൾ റോഡിലൂടെ നടന്നുപോവുകയും തലയിരുന്ന ഈ കെട്ട് സ്പീക്കറുകളുടെ വയറിൽ തട്ടുകയുമായിരുന്നു.
ഇതോടെ, റോഡിന്റെ ഇരുവശത്തുമായി നിന്നിരുന്ന രണ്ട് സ്പീക്കർ ബോക്സുകൾ കുട്ടിയുടെ മേൽ പതിക്കുകയായിരുന്നെന്ന് വിഖ്രോളി പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്പീക്കറുകൾ പൊതുവിടത്തിൽ സുരക്ഷിതമായി സ്ഥാപിക്കുന്നതിൽ സംഘാടകർക്ക് വീഴ്ചയുണ്ടായെന്ന് നാട്ടുകാർ ആരോപിച്ചു. പൊതുപരിപാടികളിൽ സമാനമായ അപകടങ്ങൾ ഒഴിവാക്കാൻ കർശന സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ടാഗോർ നഗറിലാണ് പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത്. മൊബൈൽ ഫോൺ റിപ്പയറിങ് കട നടത്തുകയാണ് പിതാവ്.
അതേസമയം, കുട്ടിയുടെ മരണത്തിന് കാരണമായ സംഭവത്തിൽ പൊലീസ് കേസെടുത്തു. പരിപാടി സംഘടിപ്പിച്ച പ്രാദേശിക മണ്ഡൽ വിനോദ് കുമാർ, തുണിക്കെട്ട് കൊണ്ടുപോയ സയ്യദ് ഗുരാൻ എന്ന ആക്രിക്കച്ചവടക്കാരൻ എന്നിവർക്കെതിരെ അശ്രദ്ധ മൂലമുള്ള മരണം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16
