യുപിയിൽ മതംമാറ്റം ആരോപിച്ച് നാലുപേർ അറസ്റ്റിൽ; യേശുവിന്റെ ചിത്രങ്ങളും ബൈബിളും പിടിച്ചെടുത്തു
ഗീത ദേവി, മകൾ രഞ്ജന കുമാരി, സോനു, വിജയ് കുമാർ എന്നിവരാണ് അറസ്റ്റിലായത്

ജൗൻപൂർ: മതപരിവർത്തനത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷൻമാരെയുമാണ് പിടികൂടിയത്. സ്ത്രികൾ അമ്മയും മകളുമാണ്. ബൈബിൾ അടക്കമുള്ള പുസ്തകങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
സർക്കി ഗ്രാമത്തിലെ ഗീത ദേവി, മകൾ രഞ്ജന കുമാരി, സോനു, വിജയ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. കെരാക്കത്ത് സ്‌റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ആയൂഷ് ശ്രീവാസ്തവ പറഞ്ഞു.
ബൈബിൾ, ക്രിസ്ത്യൻ ഭക്തിഗാന പുസ്തകങ്ങൾ, മതപരമായ രജിസ്റ്ററുകൾ, ക്രിസ്തുവിന്റെ ചിത്രങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു. മൊബൈൽ ഫോണുകളിൽ നിന്ന് മതപരിവർത്ത പ്രവർത്തനവുമായി ബന്ധപ്പെട്ട ചാറ്റുകൾ, വീഡിയോകൾ, ഫോട്ടോകൾ എന്നിവ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
അറസ്റ്റിലായവർക്കെതിരെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം 2021ലെ വിവിധ വകുപ്പുകളടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ സംഘവുമായി ബന്ധമുള്ള മറ്റുള്ളവരെ കുറിച്ചും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ജമ്മു കശ്മീരിലെ ഉദ്ധംപൂർ ജില്ലയിലെ രാംനഗറിലെ കഠ്‌വയിൽ ക്രൈസ്തവ പുരോഹിതൻമാരെ മർദിച്ചിരുന്നു. ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

