അനധികൃത കുടിയേറ്റം: യുഎസ് നാടുകടത്തിയ 250 ഇന്ത്യക്കാരിൽ 40 ഗുജറാത്തുകാർ
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് അനധികൃത കുടിയേറ്റത്തിന് എതിരായ നടപടികൾ ശക്തമാക്കിയത്..

ടെക്‌സസ്: അനധികൃത കുടിയേറ്റക്കാരുമായുള്ള യുഎസ് സൈനിക വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. വിമാനം ഇന്ന് രാവിലെ അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങും. 250ൽ കൂടുതൽ ആളുകൾ വിമാനത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇവരിൽ 30-40 പേർ ഗുജറാത്തുകാരാണ്. ഇവരിൽ രണ്ടുപേർ അഹമ്മദാബാദ് സ്വദേശികളും ഗാന്ധിനഗർ, മെഹ്‌സാന എന്നിവിടങ്ങളിൽ നിന്നുള്ള 12 പേർ വീതവും സൂററ്റിൽ നിന്നുള്ള നാലുപേരും ഖേദ, വഡോദര, പഠാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആളുകളുമാണ് വിമാനത്തിലുള്ളതെന്ന് 'അഹമ്മദാബാദ് മിറർ' റിപ്പോർട്ട് ചെയ്തു.
ഇവരെ ഗുജറാത്തിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്യുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എങ്ങനെയാണ് ഇവർ യുഎസിൽ എത്തിയതെന്നും ആരാണ് ഏജന്റുമാരായി പ്രവർത്തിച്ചതെന്നും അന്വേഷിക്കും. ഇവർ മനുഷ്യക്കടത്തിന്റെ ഇരകളായതിനാൽ നിയമപരമായി മുന്നോട്ട് പോകുമെന്നും പൊലീസ് അറിയിച്ചു.
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് അനധികൃത കുടിയേറ്റത്തിന് എതിരായ നടപടികൾ ശക്തമാക്കിയത്.. 41,330 ഗുജറാത്തുകാർ അനധികൃതമായി യുഎസിലേക്ക് കുടിയേറിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇവരിൽ 5,340 പേർക്ക് അഭയം നൽകിയിരുന്നു. ബാക്കിയുള്ളവരെ നാടുകടത്താനുള്ള നീക്കത്തിലാണ് യുഎസ്. അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം ഇന്നലെയാണ് യുഎസിൽ നിന്ന് പുറപ്പെട്ടത്.
ഓരോ വർഷവും ആയിരക്കണക്കിന് ഗുജറാത്തികളാണ് കാനഡ, മെക്‌സിക്കോ അതിർത്തികൾ വഴി യുഎസിലേക്ക് അനധികൃതമായി കടക്കുന്നത്. നിരവധി മനുഷ്യക്കടത്ത് കേസുകൾ നിലവിൽ ഗുജറാത്ത് പൊലീസിന്റെ അന്വേഷണത്തിലാണ്. 2023 ഡിസംബറിൽ ചാർട്ടേർഡ് വിമാനം വഴി ഗുജറാത്തുകാരായ 60 അനധികൃത കുടിയേറ്റക്കാരെ ഫ്രാൻസ് തിരിച്ചയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സിഐഡി വിഭാഗം 14 മനുഷ്യക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്യുകയും നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Adjust Story Font
16