അമ്മയ്ക്കൊപ്പം നടക്കുകയായിരുന്ന അഞ്ച് വയസുകാരനെ പുലി കടിച്ചുകൊന്നു
പുലിയെ പിടിക്കാൻ സ്ഥലത്ത് വനംവകുപ്പ് സംഘം പരിശോധന നടത്തുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അഹമ്മദാബാദ്: അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലനെ പുലി കടിച്ചുകൊന്നു. ഗുജറാത്തിലെ അംറേലി ജില്ലിയിലെ ഗോപാൽഗ്രാം ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് ദാരുണ സംഭവം.
കർഷകത്തൊഴിലാളിയുടെ മകനായ അഞ്ച് വയസുകാരൻ സാഹിൽ കതാരയാണ് മരിച്ചത്. ആക്രമണത്തിന് പിന്നാലെ പുലിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രദേശത്ത് മൂന്ന് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ഥലത്ത് വനംവകുപ്പ് സംഘം പരിശോധന നടത്തുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ ഒമ്പതോടെ, മാതാവിന്റെ കൂടെ പോവുകയായിരുന്നു കുട്ടി. സാഹിൽ പിന്നിലായതോടെ അടുത്തുള്ള പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന പുലി ചാടിപ്പിടിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നെന്ന് ഫോറസ്റ്റ് അസിസ്റ്റന്റ് കൺസെർവേറ്റർ പ്രതാപ് ചന്ദു പറഞ്ഞു.
ഏറെ നേരം നീണ്ട തിരച്ചിലിനൊടുവിൽ ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച് ബോധരഹിതനായി കിടക്കുന്ന കുട്ടിയെ കണ്ടെത്തി. തുടർന്ന് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
കഴിഞ്ഞമാസവും ഗുജറാത്തിൽ സമാന ആക്രമണം നടന്നിരുന്നു. നവംബർ 28ന് ദൽഖാനിയ വനമേഖലയിൽ ഒമ്പത് വയസുകാരിയെയാണ് പുലി ആക്രമിച്ചുകൊന്നത്.
Adjust Story Font
16

