Quantcast

ഒന്നും രണ്ടുമല്ല, രാജസ്ഥാനിൽ 26കാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 56 ബ്ലേഡുകൾ

ഏഴ് ഡോക്ടർമാർ മൂന്ന് മണിക്കൂർ നേരമെടുത്താണ് യുവാവിന്റെ വയറ്റിൽ നിന്നും ബ്ലേഡുകളെല്ലാം പുറത്തെടുത്തത്.

MediaOne Logo

Web Desk

  • Updated:

    2023-03-16 06:20:57.0

Published:

16 March 2023 6:08 AM GMT

56 Pieces Of Razor Blades Found In Mans Stomach During Surgery
X

ജയ്പൂർ: മുടിയും നാണയങ്ങളും മറ്റും വിഴുങ്ങുകയും ഡോക്ടർമാർ ഏറെ പണിപ്പെട്ട് അവ പുറത്തെടുക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ നാം കേട്ടിട്ടുണ്ട്. എന്നാൽ 56 റേസർ ബ്ലേഡുകൾ വിഴുങ്ങി കുടുങ്ങിയ ആളെ കുറിച്ചാണ് ഇവിടെ പറയുന്നത്. രാജസ്ഥാനിലെ ജാലോറിലാണ് ഞെട്ടിക്കുന്ന സംഭവം.

26കാരനായ യശ്പാൽ സിങ്ങാണ് കഥാനായകൻ. കടുത്ത വയറുവേദനയെ കൂടാതെ രക്തം ഛർദിക്കുകയും കൂടി ചെയ്തതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർ യുവാവിന്റെ വേദനയുടെ രഹസ്യം മനസിലാക്കിയത്. സഹതാമസക്കാരാണ് യശ്പാലിനെ ജോധ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് സോണോ​ഗ്രഫി പരിശോധനയ്ക്ക് വിധേയമാക്കുകയും വയറിനുള്ളിലുൾപ്പെടെ നിരവധി ബ്ലേഡുകൾ കിടക്കുന്നതായി കാണുകയും ചെയ്തു. ഉടൻ ഡോക്ടർമാർ എൻഡോസ്കോപി ചെയ്യുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ തീരുമാനിക്കുകയും ചെയ്തു.

ബ്ലേഡുകൾ വിഴുങ്ങിയതിന്റെ ഫലമായി യുവാവി‍ന്റെ കഴുത്തിൽ ഗുരുതരമായ മുറിവുകളും ശരീരമാസകലം വീക്കവും ഉണ്ടായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. നർസി റാം ദേവസി പറഞ്ഞു. ശരീരത്തിനുള്ളിൽ വിവിധ ഭാ​ഗങ്ങളിൽ മുറിവുകളുണ്ടായിരുന്നു. ഏഴ് ഡോക്ടർമാർ മൂന്ന് മണിക്കൂർ നേരമെടുത്താണ് യുവാവിന്റെ വയറ്റിൽ നിന്നും ബ്ലേഡുകളെല്ലാം പുറത്തെടുത്തത്.

ബ്ലേഡുകൾ എടുത്ത് രണ്ടായി മുറിച്ച ശേഷം പാക്കറ്റോടെ വിഴുങ്ങുകയായിരുന്നു എന്നാണ് മനസിലാവുന്നതെന്നും ഡോക്ടർ പറഞ്ഞു. ബ്ലേഡുകൾക്ക് ചുറ്റുമുള്ള പ്ലാസ്റ്റിക് വയറ്റിൽ എത്തിയപ്പോൾ അലിഞ്ഞുപോയി. ബ്ലേഡുകൾ വിഴുങ്ങിയതു മൂലം യുവാവിന് ഗുരുതരമായ മുറിവുകളും ആന്തരിക രക്തസ്രാവവും ഉണ്ടായി- ഡോക്ടർ വ്യക്തമാക്കി.

'യുവാവിന് ഉത്കണ്ഠയോ വിഷാദമോ ഉണ്ടായിരുന്നിരിക്കാം. അതിനാലാണ് മൂന്ന് പാക്കറ്റ് ബ്ലേഡുകൾ മുഴുവൻ വിഴുങ്ങിയത്'- ഡോക്ടർ പറഞ്ഞു.അതേസമയം, സംഭവമറിഞ്ഞ് യശ്പാലിന്റെ കുടുംബാംഗങ്ങൾ സ്തംഭിച്ചുപോയി.

അയാൾ റേസർ ബ്ലേഡുകൾ വിഴുങ്ങിയെന്നത് സംബന്ധിച്ച് തങ്ങൾക്ക് ഒരു സൂചനയും ഉണ്ടായില്ലെന്ന് അവർ പറഞ്ഞു. ഡോ.ദേവസിക്ക് പുറമെ ഒരു ഗൈനക്കോളജിസ്റ്റും ശിശുരോഗ വിദഗ്ധനും മറ്റ് ജീവനക്കാരും ഡോക്ടർമാരുടെ ഓപറേഷൻ സംഘത്തിലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു.

TAGS :

Next Story