Quantcast

രാജ്യത്ത് 58 എഞ്ചിനീയറിങ്, സാങ്കേതിക കോളജുകൾ അടച്ചുപൂട്ടി

രാജ്യത്തുടനീളമുള്ള വിവിധ സാങ്കേതിക, എൻജിനീയറിങ് കോളജുകളിലായി നിലവിലുണ്ടായിരുന്ന 950ലധികം കോഴ്‌സുകളും ഈ കാലയളവിൽ നിർത്തലാക്കി

MediaOne Logo

Web Desk

  • Published:

    6 July 2026 12:27 PM IST

രാജ്യത്ത് 58 എഞ്ചിനീയറിങ്, സാങ്കേതിക കോളജുകൾ അടച്ചുപൂട്ടി
X

ന്യൂഡൽഹി: 2025-26 അധ്യയന വർഷത്തിൽ രാജ്യത്തൊട്ടാകെ 58 എൻജിനീയറിങ്, സാങ്കേതിക കോളജുകൾ അടച്ചുപൂട്ടിയതായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ വ്യക്തമാക്കി. വിവിധ കാരണങ്ങളാലാണ് ഈ നടപടിയെങ്കിലും നിലവിൽ ഈ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളെ ഇത് ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

'പ്രോഗ്രസീവ് ക്ലോഷർ' എന്ന രീതിയിലാണ് ഈ കോളജുകൾക്ക് പൂട്ടാൻ അനുമതി നൽകിയിരിക്കുന്നത്. ഇതനുസരിച്ച്, ഈ അധ്യയന വർഷം മുതൽ പുതിയ വിദ്യാർഥികൾക്ക് ഈ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കില്ല. എങ്കിലും, നിലവിൽ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ കോഴ്സ് പൂർത്തിയാക്കുന്നതിന് യാതൊരു തടസവുമുണ്ടാകില്ലെന്ന് എഐസിടിഇ വൃത്തങ്ങൾ അറിയിച്ചു. കോഴ്സുകൾ പൂർണമായും അവസാനിപ്പിച്ച് വിദ്യാർഥികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റുന്ന 'കംപ്ലീറ്റ് ക്ലോഷർ' രീതിയിൽ നിന്നാണ് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നത്.

അടച്ചുപൂട്ടിയ 58 കോളജുകളിൽ വെറും മൂന്നെണ്ണം മാത്രമാണ് സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ. ബാക്കിയുള്ളവയെല്ലാം സ്വാശ്രയ സ്ഥാപനങ്ങളാണ്. ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾക്ക് താഴുവീണത്. ഇവിടെ 12 കോളജുകൾ വീതം പൂട്ടി. മധ്യപ്രദേശ് (8), തെലങ്കാന (4), പഞ്ചാബ് (4) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് കോളജുകൾ വീതം പൂട്ടിയപ്പോൾ ഗുജറാത്ത്, കർണാടക, പുണെ, തമിഴ്‌നാട് എന്നിവിടങ്ങളിൽ രണ്ട് വീതം കോളജുകളുടെ പ്രവർത്തനവും അവസാനിച്ചു. ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഓരോ സ്ഥാപനങ്ങൾ വീതവും അടച്ചുപൂട്ടിയിട്ടുണ്ട്.

എന്തുകൊണ്ട് പൂട്ടുന്നു?

തുടർച്ചയായി വിദ്യാർഥികളെ ലഭിക്കാത്തതാണ് ഭൂരിഭാഗം സ്ഥാപനങ്ങളും നേരിട്ട പ്രധാന പ്രതിസന്ധി. ഇതിനുപുറമെ, യോഗ്യരായ അധ്യാപകരെ നിയമിക്കാനും നിലനിർത്താനും കഴിയാത്തത്, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, എഐസിടിഇയുടെ പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വരുത്തിയ വീഴ്ചകൾ തുടങ്ങിയവയും ഈ തീരുമാനത്തിലേക്ക് നയിച്ചു. കോളജുകൾ പൂർണമായും പൂട്ടിയതിന് പുറമെ, രാജ്യത്തുടനീളമുള്ള വിവിധ സാങ്കേതിക, എൻജിനീയറിങ് കോളജുകളിലായി നിലവിലുണ്ടായിരുന്ന 950ലധികം കോഴ്‌സുകളും ഈ കാലയളവിൽ നിർത്തലാക്കിയിട്ടുണ്ടെന്നും എഐസിടിഇ അധികൃതർ കൂട്ടിച്ചേർത്തു.

TAGS :

Next Story