തെളിവുകളില്ല, അക്ഷർധാം ആക്രമണക്കേസിൽ മൂന്ന് പേരെ കുറ്റവിമുക്തരാക്കി അഹമ്മദാബാദ് പോട്ട കോടതി
അബ്ദുൽ റാഷിദ് സുലൈമാൻ അജ്‌മീരി , മുഹമ്മദ് ഫാറൂഖ് മുഹമ്മദ് ഹാഫിസ് ഷെയ്ഖ് , മുഹമ്മദ് യാസിൻ എന്ന യാസീൻ ഭട്ട് എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്

- Updated:
2026-01-26 16:32:09.0

അബ്ദുൽ റാഷിദ് സുലൈമാൻ അജ്‌മീരി
അഹമ്മദാബാദ്: അക്ഷർധാം ക്ഷേത്ര ആക്രമണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരെ ആറ് വർഷത്തിന് ശേഷം കുറ്റവിമുക്തരാക്കി അഹമ്മദാബാദിലെ പ്രത്യേക പോട്ട(POTA) കോടതി. അബ്ദുൽ റാഷിദ് സുലൈമാൻ അജ്‌മീരി , മുഹമ്മദ് ഫാറൂഖ് മുഹമ്മദ് ഹാഫിസ് ഷെയ്ഖ് , മുഹമ്മദ് യാസിൻ എന്ന യാസീൻ ഭട്ട് എന്നിവരെയാണ് വെറുതെവിട്ടത്.
സുപ്രിംകോടതി നേരത്തെ പരിശോധിച്ച് തള്ളിക്കളഞ്ഞതല്ലാതെ, പുതിയ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് ജഡ്ജി ഹേമന്ത് ആർ. റാവൽ അധ്യക്ഷനായ പ്രത്യേക പോട്ട കോടതി വ്യക്തമാക്കി. കേസിലെ മുഖ്യപ്രതികളെന്ന് ആരോപിക്കപ്പെട്ടവരെ തെളിവുകളുടെ അഭാവത്തിൽ സുപ്രിംകോടതി നേരത്തെ വെറുതെവിട്ട കാര്യവും പോട്ട കോടതി ഓര്‍മിപ്പിച്ചു. അതിനുശേഷവും പുതിയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, മൂന്ന് പേരെയും മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ സുപ്രിംകോടതി കുറ്റവിമുക്തരാക്കിയവരാണ് ജയിലിൽ കഴിയുന്ന മറ്റ് മൂന്ന് പേര്‍ക്ക് വേണ്ടി നിയമസഹായം നൽകണമെന്നാവശ്യപ്പെട്ട് ജംഇയ്യത്തുൽ ഉലമായെ ഹിന്ദിനെ സമീപിച്ചത്. തുടര്‍ന്ന് നടന്ന നിയമപോരാട്ടമാണ് മൂവരുടെയും മോചനത്തിലേക്ക് എത്തിയത്.
വിധിയെ സ്വാഗതം ചെയ്‌ത ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി, പ്രതികളുടെ മോചനം നീതിയുടെ വിജയമാണെന്ന് വ്യക്തമാക്കി. എന്നാല്‍ നീതി ലഭിക്കാൻ ആറു വർഷമെടുത്തെന്നും ഇത് സങ്കടപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2002 സെപ്തംബര്‍ 24ലെ ആക്രമണ സമയത്ത് അഹമ്മദാബാദ് സ്വദേശികളായ അബ്ദുൽ റഷീദ് സുലൈമാൻ അജ്‌മീരിയും ഹാഫിസ് ഷെയ്ഖും സൗദി അറേബ്യയിലായിരുന്നു. പിന്നീട് ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. 2019ൽ തിരിച്ചെത്തിയ ഇവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. സമാനമായ കുറ്റാരോപണങ്ങളാണ് ഈ കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് യാസിനും നേരിട്ടത്.
2002 സെപ്തംബര്‍ 24നാണ് ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രസമുച്ചയത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. 32 പേരാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറു പേരെയും 2014 മേയിൽ സുപ്രിംകോടതി വെറുതെ വിട്ടിരുന്നു. ഇവരിൽ മൂന്നു പേർക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഇവരെ കോടതി വെറുതെ വിട്ടത്. കൂടാതെ, നിഷ്കളങ്കരായ ആളുകളെ കേസിൽ കുടുക്കിയതിനും, നീതിയുക്ത അന്വേഷണം നടത്തുന്നതിൽ പരാജയപ്പെട്ടതിനും ഗുജറാത്ത് പൊലീസിനെയും അന്വേഷണ ഏജൻസികളെയും കോടതി കഠിനമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16
