കളിക്കുന്നതിനിടെ അബദ്ധത്തിൽ അലമാരയിൽ കുടുങ്ങി; ഏഴു വയസുകാരി ശ്വാസംമുട്ടി മരിച്ചു
കുട്ടികൾ വീടിനുള്ളിൽ ആയിരിക്കുമ്പോൾ പോലും മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസും പ്രാദേശിക അധികാരികളും ആവശ്യപ്പെട്ടു.

Photo| Special Arrangement
അഹമ്മദാബാദ്: ഗുജറാത്തിൽ വീട്ടിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ അലമാരയിൽ കുടുങ്ങിയ ഏഴ് വയസുകാരി ശ്വാസംമുട്ടി മരിച്ചു. മെഹ്സാന ജില്ലയിലെ കാഡിയിൽ വെള്ളിയാഴ്ചയാണ് സംഭവം.
മഹാരാഷ്ട്ര സ്വദേശികളായ തുഷാർഭായ് സൂര്യവൻഷി- സ്വാതിബെൻ ദമ്പതികളുടെ മകൾ ഐഷയാണ് മരിച്ചത്. രാവിലെ പിതാവ് ജോലിക്ക് പോയിരുന്നു. കഴുകിയ തുണികൾ വിരിക്കാനായി മാതാവ് ടെറസിലേക്ക് പോകുമ്പോൾ ടിവി കാണുകയായിരുന്ന മകളെ അവർ തിരിച്ചെത്തിയപ്പോൾ കണ്ടില്ല. വീട്ടിൽ എല്ലായിടത്തും നോക്കിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
ഇതോടെ വീട്ടിലെ തടി അലമാര തുറന്നുനോക്കിയ മാതാവ് കണ്ടത് അതിനകത്ത് അബോധാവസ്ഥയിൽ ഇരിക്കുന്ന പെൺകുട്ടിയെയാണ്. കുട്ടിയെ അയൽവാസികളുടെ സഹായത്തോടെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കളിച്ചുകൊണ്ടിരിക്കെ പെൺകുട്ടി അലമാരയിൽ കയറുകയും പാളികൾ അടഞ്ഞതോടെ ശ്വാസംമുട്ടി മരിച്ചതാകാമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികൾ വീടിനുള്ളിൽ ആയിരിക്കുമ്പോൾ പോലും മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസും പ്രാദേശിക അധികാരികളും ആവശ്യപ്പെട്ടു.
Adjust Story Font
16

