70 കാരൻ ആദ്യമായി ചെയ്ത വീഡിയോ കണ്ടത് 30 മില്യണിലധികം പേര്‍; എന്താണ് ഈ വീഡിയോയുടെ പ്രത്യേകത!
ജീവിതത്തില്‍ സന്തോഷവും മനസമാധാനവും തേടിയുള്ള അലച്ചിലില്‍ പ്രായമടക്കം ഒരു ഘടകവും പ്രതികൂലമായി ബാധിക്കുന്നില്ലെന്നതിന്റെ ചിരിക്കുന്ന ഉദാഹരണമാണ് വിനോദ് കുമാര്‍

- Published:
22 Jan 2026 5:02 PM IST

ജീവിതത്തിന്റെ ഉപ്പും മധുരവും കയ്പും നിറഞ്ഞ കാലഘട്ടം പിന്നിട്ട് വാര്‍ധക്യത്തിലെത്തുമ്പോള്‍ ചെറിയ വിഭാഗമാളുകളെങ്കിലും നേരിടാറുള്ള അസ്വസ്ഥതയാണ് ഏകാന്തതയുടെ വരിഞ്ഞുമുറുക്കല്‍. ഇതിനായിരുന്നോ താനിത്രയും കാലം ജീവിച്ചതെന്നും തനിക്കെന്തെല്ലാം കൈവിട്ടുപോയെന്നതുമടക്കം നിരവധി കാര്യങ്ങള്‍ ജീവിതസായാഹ്നത്തിലെ സ്മൃതിമണ്ഡലത്തില്‍ അസ്വസ്ഥതകളായി മുളപൊട്ടുക സ്വാഭാവികം.
മക്കളുടെയും പേരമക്കളുടെയും കൂടെ മനസമാധാനത്തോടെ ചെലവഴിക്കേണ്ട സമയങ്ങളില്‍ ഏകാന്തത വിരുന്നെത്തുമ്പോള്‍ ഭംഗിയായി സല്‍ക്കരിക്കാനാകാതെ കുഴങ്ങിനില്‍ക്കുന്ന നിരവധിപേരെയും ഈ ജീവിതത്തില്‍ പലപ്പോഴായി നാം കണ്ടിട്ടുണ്ടാവും.
എന്നാലിതാ, ജീവിതം അവസാനിച്ചുവെന്ന് പലരും വിധിയെഴുതിയിടത്ത് നിന്ന് സ്വന്തം ഉത്തരവാദിത്തത്തില്‍ സന്തോഷവും ആനന്ദവും കണ്ടെത്തുകയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിനോദ് കുമാര്‍ ശര്‍മയെന്ന എഴുപതുകാരന്‍. മുന്‍പൊരിക്കലും വ്ലോഗ് ചെയ്ത് പരിചയമില്ലാത്ത, ഡിജിറ്റല്‍ സാക്ഷരത തീരെയില്ലാത്ത ഈ എഴുപതുകാരന്‍ പക്ഷേ, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് ആദ്യവീഡിയോക്ക് തന്നെ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുകയാണ് കാഴ്ചക്കാര്‍. അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ 72 മണിക്കൂറിനുള്ളില്‍ ഏകദേശം 30 മില്യണിലധികം പേരാണ് കണ്ടത്.
മുന്‍പൊരിക്കലും വീഡിയോ ചെയ്ത് തനിക്ക് പരിചയമില്ലെന്ന് ഇദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. എങ്ങനെയാണ് വീഡിയോ ചെയ്യേണ്ടെതെന്ന് തനിക്കറിയില്ലെന്നും കയ്യിലുള്ള ഒഴിവുസമയങ്ങളെ എങ്ങനെ ചെലവഴിക്കാമെന്ന് ചിന്തിച്ചപ്പോള്‍ മനസിലുദിച്ച ബുദ്ധിയാണിതെന്നും വീഡിയോയില്‍ വിനോദ് പറയുന്നുണ്ട്.
'ഞാന്‍ വിനോദ് കുമാര്‍. ഉത്തര്‍പ്രദേശുകാരാണ്. എങ്ങനെയാണ് വ്‌ലോഗ് നിര്‍മിക്കേണ്ടതെന്ന് തനിക്കറിയില്ല. ഒരുപാട് ഒഴിവുസമയങ്ങളാണ് ഈ പ്രായത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. അതെങ്ങനെ ചെലവഴിക്കാമെന്ന് ചിന്തയില്‍ നിന്നാണ് ഇങ്ങനെയൊരു ബുദ്ധി ലഭിച്ചത്. എല്ലാവര്‍ക്കും ഇഷ്ടമാകുമെങ്കില്‍ മാത്രം ഞാന്‍ തുടരും'. അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കി.
കാഴ്ചക്കാര്‍ക്ക് പുറമെ, രണ്ട് മില്യണിലധികം ലൈകും പിന്തുണ നല്‍കിക്കൊണ്ടുള്ള ആയിരക്കണക്കിന് കമന്റുകളുമായി വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 'അങ്കിള്‍, ഞങ്ങള്‍ അങ്ങയോടൊപ്പമുണ്ട്, താങ്കള്‍ ഞങ്ങളെ സന്തോഷിപ്പിച്ചു, പഠനത്തിന് അങ്ങനെ പ്രത്യേകിച്ച് പ്രായമെന്ന മാനദണ്ഡമില്ല, ഇത് നിങ്ങള്‍ ഭംഗിയായി ചെയ്തു'...എന്നിങ്ങനെ നീളുകയാണ് അഭിനന്ദന പ്രവാഹം.
ജീവിതത്തില്‍ സന്തോഷവും മനസമാധാനവും തേടിയുള്ള അലച്ചിലില്‍ പ്രായമടക്കം ഒരു ഘടകവും പ്രതികൂലമായി ബാധിക്കുന്നില്ലെന്നതിന്റെ ചിരിക്കുന്ന ഉദാഹരണമാണ് വിനോദ് കുമാര്‍.
Adjust Story Font
16
