7/11 മുംബൈ ട്രെയിൻ സ്ഫോടനം: പ്രതികളെ വെറുതെ വിട്ട ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു
പ്രതികൾ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്നും സുപ്രിം കോടതി

ന്യൂഡൽഹി: 7/11 മുംബൈ ട്രെയിൻ സ്ഫോടന കേസിൽ 12 പേരെ വെറുതെ വിട്ട ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി. പ്രതികൾ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്നും സുപ്രിം കോടതി. മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹരജിയിലാണ് സുപ്രിം കോടതിയുടെ സ്റ്റേ. ജസ്റ്റിസ്മാരായ എം.എം സുന്ദരേഷ്, എൻ കോടിശ്വർ സിംഗ് എന്നിവരാണ് ഹരജി പരിഗണിച്ചത്. മോചിതരായവരെ തിരികെ ജയിലിലേക്ക് അയക്കേണ്ടെന്ന നിർദേശം മഹാരാഷ്ട്ര സർക്കാരാണ് മുന്നോട്ട് വച്ചത്. സോളിസിറ്റർ ജനറൽ തുഷാർമേത്തയാണ് ഇക്കാര്യം കോടതിയിൽ പറഞ്ഞത്.
കുറ്റവിമുക്തരാക്കൽ നടപടി സ്റ്റേ ചെയ്യുന്നത് 'അപൂർവ്വങ്ങളിൽ അപൂർവ' സംഭവമാണെന്നും സുപ്രിം കോടതി അഭിപ്രായപ്പെട്ടു. 'എന്തിനാണ് ഇത്ര തിടുക്കം? എട്ട് പേരെ ഇതിനകം വിട്ടയച്ചിട്ടുണ്ട്. കുറ്റവിമുക്തരാക്കുന്നതിൽ സ്റ്റേ ഏർപ്പെടുത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണ്.' കോടതി പറഞ്ഞു.
2006 ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസിലെ 12 പേരെ വെറുതെവിട്ട ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായി മഹാരാഷ്ട്ര സർക്കാർ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി 12 പേരെ വെറുതെവിട്ടത്. 189 പേർ കൊല്ലപ്പെടുകയും 800ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2006 ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പേരെയും ജൂലൈ 21 തിങ്കളാഴ്ച ബോംബൈ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. പത്തൊൻപത് വർഷങ്ങൾക്ക് ശേഷമാണ് കോടതിയുടെ വിധി വരുന്നത്. 2015 ലാണ് വിചാരണ കോടതി 12 പ്രതികളെയും കുറ്റക്കാരായി കണ്ടെത്തിയത്. അഞ്ച് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവും വിധിച്ചു.
2006 ജൂലൈ 11 ന് 11 മിനിറ്റിനുള്ളിൽ ഏഴ് ബോംബ് സ്ഫോടനങ്ങളാണ് മുംബൈയിലെ പ്രത്യേക ലോക്കൽ ട്രെയിനുകളിൽ നടന്നത്. വൈകുന്നേരം 6.24നും 6.35നും ഇടയിൽ റിഗ്ഗ്ഡ് പ്രഷർ കുക്കറുകൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. ചർച്ച്ഗേറ്റിൽ നിന്നുള്ള ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റുകളിലാണ് ഇവ സ്ഥാപിച്ചിരുന്നത്. മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷൻ, ബാന്ദ്ര, ഖാർ റോഡ്, ജോഗേശ്വരി, ഭയാന്ദർ, ബോറിവാലി എന്നീ സ്റ്റേഷനുകൾക്ക് സമീപമാണ് അവ പൊട്ടിത്തെറിച്ചത്.
2015-ൽ വിചാരണ കോടതി ഈ കേസിൽ 12 പേരെ കുറ്റക്കാരായി കണ്ടെത്തി. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിന്റെ പ്രത്യേക കോടതി ഫൈസൽ ഷെയ്ഖ്, ആസിഫ് ഖാൻ, കമാൽ അൻസാരി, എഹ്തെഷാം സിദ്ദുഖി, നവീദ് ഖാൻ എന്നിവർക്ക് വധശിക്ഷ വിധിച്ചു. ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അൻസാരി, മുഹമ്മദ് അലി, ഡോ. തൻവീർ അൻസാരി, മജിദ് ഷാഫി, മുസമ്മിൽ ഷെയ്ഖ്, സൊഹൈൽ ഷെയ്ഖ്, സമീർ ഷെയ്ഖ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. എന്നാൽ ഹൈക്കോടതി വിധിയോടെ 12 പ്രതികളും കുറ്റമുക്തമാക്കപ്പെട്ടു.
Adjust Story Font
16

