നാഗ്പൂർ അക്രമം: എട്ട് വിഎച്ച്പി-ബജ്‌റംഗ് ദൾ പ്രവർത്തകർ പൊലീസിൽ കീഴടങ്ങി
മതവികാരം വ്രണപ്പെടുത്തിയതിന് നാഗ്പൂർ പൊലീസ് ഇവര്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തിരുന്നു

മുംബൈ: നാഗ്പൂർ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ് ദൾ എന്നിവയിലെ എട്ട് അംഗങ്ങൾ പൊലീസിന് മുമ്പാകെ കീഴടങ്ങി. കോട്വാലി പൊലീസിന് മുമ്പാകെയാണ് ഇവര്‍ കീഴടങ്ങിയത്.
മതവികാരം വ്രണപ്പെടുത്തിയതിന് നാഗ്പൂർ പൊലീസ് ഇവര്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത ഇവരെ കോടതിയിൽ ഹാജരാക്കി. മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും ബജരംഗ് ദള്ളും നടത്തിയ പ്രതിഷേധ പരിപാടികൾക്ക് പിന്നാലെയാണ് നാഗ്പൂരിൽ സംഘർഷങ്ങൾ ഉണ്ടായത്.
ശവകുടീരം നീക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 'കര്‍സേവ' നടത്തുമെന്ന് ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തും ഭീഷണിപ്പെടുത്തിയിരുന്നു.
കേസിൽ ഇതിനോടകം 50ലേറെ പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്ത് കലാപങ്ങൾക്ക് കാരണമായേക്കാവുന്ന ചെറിയ സംഭവങ്ങൾ പോലും ഗൗരവമായി കാണാനും മുളയിലെ നുള്ളാനും മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല, ജില്ലാ എസ്പിമാരോട് ആവശ്യപ്പെട്ടു.
അതേസമയം അക്രമത്തിന് പിന്നിലെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ന്യൂനപക്ഷ ഡെമോക്രാറ്റിക് പാർട്ടി (എംഡിപി)യുടെ പ്രാദേശിക നേതാവ് ഫാഹിം ഷമീം ഖാനെ നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഗണേഷ്പേത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ഖാന്റെ പേര് ഔദ്യോഗികമായി ഉൾപ്പെടുത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് അറസ്റ്റ്.
Adjust Story Font
16

