കര്‍ണാടകയിൽ 80 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി,പണവും ആഭരണവും കവര്‍ന്നു ; 37 കാരൻ അറസ്റ്റിൽ
ശ്രീനിവാസപുരയിലെ ഗഫാർ ഖാൻ മൊഹല്ലയിൽ താമസിക്കുന്ന 37 കാരനായ ബാബ ജാൻ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്

കോലാര്‍: കർണാടക കോലാർ ജില്ലയിലെ ശ്രീനിവാസപുര പട്ടണത്തിൽ 80 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ശ്രീനിവാസപുരയിലെ ഗഫാർ ഖാൻ മൊഹല്ലയിൽ താമസിക്കുന്ന 37 കാരനായ ബാബ ജാൻ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ശ്രീനിവാസപുര പട്ടണത്തിലെ മുൾബാഗൽ റോഡിലെ വയലിനടുത്തുള്ള ഒരു ഗാരേജിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് വൃദ്ധയുടെ മൃതദേഹം കണ്ടെടുത്തത്. ശ്രീനിവാസപുരയിലെ പള്ളിയിൽ പോവുകയാണെന്ന് പറഞ്ഞ് രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ഇവര്‍. ശ്രീനിവാസപുരയിൽ രണ്ട് ദിവസം താമസിച്ച സ്ത്രീ, തിങ്കളാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് പ്രതി ഇവരെ ലക്ഷ്യം വയ്ക്കുന്നത്. തനിച്ചാണെന്ന് ഉറപ്പാക്കാൻ ബാബ ജാൻ വൃദ്ധയോട് സംസാരിച്ചു. തുടര്‍ന്ന് വൃദ്ധയെ വിജനമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം വൃദ്ധയുടെ ബാഗിൽ നിന്ന് 15,000 രൂപ മോഷ്ടിക്കുകയും ചെയ്തു.
സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്. ബാബാ ജാൻ വൃദ്ധയെ കൂട്ടിക്കൊണ്ടുപോകുന്നത് സമീപത്തുള്ള കടയിലെ ക്യാമറയിൽ പതിഞ്ഞിരുന്നു. വൃദ്ധയുടെ പണവും ആഭരണങ്ങളും കൊള്ളയടിക്കാൻ വേണ്ടിയായിരുന്നു കുറ്റകൃത്യം ചെയ്തതെന്ന് പ്രതി പിന്നീട് സമ്മതിച്ചു.സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.
Adjust Story Font
16

