Quantcast

കുംഭമേളയിൽ കൊല്ലപ്പെട്ടത് 82 പേർ; സർക്കാർ കണക്ക് തള്ളി ബിബിസി

37 പേർ മരിച്ചെന്നാണ് യുപി സർക്കാറിന്റെ ഔദ്യോഗിക കണക്ക്

MediaOne Logo

Web Desk

  • Published:

    10 Jun 2025 1:02 PM IST

കുംഭമേളയിൽ കൊല്ലപ്പെട്ടത് 82 പേർ; സർക്കാർ കണക്ക് തള്ളി ബിബിസി
X

ഉത്തർപ്രദേശ്: 2025 ജനുവരി 29-ന് പ്രയാഗ്‌രാജിൽ നടന്ന കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരണപ്പെട്ടവരുടെ സംഖ്യ ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട കണക്കുകളേക്കാൾ വളരെ കൂടുതലാണെന്ന് ബിബിസി റിപ്പോർട്ട്. 37 പേർ മരിച്ചുവെന്നാണ് സർക്കാർ കണക്കെങ്കിലും ബിബിസിയുടെ അന്വേഷണത്തിൽ കുറഞ്ഞത് 82 മരണങ്ങളെങ്കിലും സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചാണ് ബിബിസി റിപ്പോർട്ട് തയ്യാറാക്കിയത്. ബിബിസി ഹിന്ദിയുടെ റിപ്പോർട്ടർമാർ 11 സംസ്ഥാനങ്ങളിലും 50-ലധികം ജില്ലകളിലുമായി 100-ലധികം കുടുംബങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

2025 ജൂൺ 10-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കുംഭമേളയിലെ തിക്കിലും തിരക്കിലും തങ്ങളുടെ പ്രിയപ്പെട്ടവർ മരിച്ചുവെന്ന് കുടുംബങ്ങൾ അവകാശപ്പെടുന്നു. കുറഞ്ഞത് 82 മരണങ്ങളുടെ വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും കുടുംബങ്ങൾക്ക് കാര്യമായ തെളിവുകൾ നൽകാൻ കഴിയുന്ന കേസുകൾ മാത്രമേ ഈ എണ്ണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളൂവെന്നും ബിബിസി പറഞ്ഞു.

ഉത്തർപ്രദേശ് സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് ₹25 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 19-ന് കുംഭമേള അപകടം 66 ഭക്തരെ ബാധിച്ചുവെന്നും 30 മരണങ്ങൾ സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി ആദിത്യനാഥ് നിയമസഭയിൽ പറഞ്ഞു. മറ്റ് സ്ഥലങ്ങളിൽ 7 മരണങ്ങൾ കൂടി ഉണ്ടായതായും അദ്ദേഹം പരാമർശിച്ചു. ഇതോടെ ഔദ്യോഗിക മരണസംഖ്യ 37 ആയി. എന്നാൽ ബിബിസിയുടെ അന്വേഷണത്തിൽ 36 കുടുംബങ്ങൾക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) അല്ലെങ്കിൽ ചെക്കുകൾ വഴി ₹25 ലക്ഷം നഷ്ടപരിഹാരം ലഭിച്ചപ്പോൾ 26 കുടുംബങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ 5 ലക്ഷം വീതം പണമായി നൽകിയതായി കണ്ടെത്തി. ഈ 26 കുടുംബങ്ങളെ ഔദ്യോഗിക മരണസംഖ്യയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. പൊലീസ് സംഘം ഈ കുടുംബങ്ങൾക്ക് ₹500 രൂപയുടെ നോട്ട് കെട്ടുകൾ കൈമാറുന്നത് കാണിക്കുന്ന വിഡിയോകളും ഫോട്ടോകളും കൈവശമുണ്ടെന്നും ബിബിസി അവകാശപ്പെടുന്നു.

TAGS :

Next Story