തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് ആറ് മാസത്തിനിടെ 84 ലക്ഷം പേർ പുറത്ത്; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്
ആധാർ അധിഷ്ഠിത പ്രതിഫല സംവിധാനം നടപ്പാക്കിയതോടെയാണ് പലരും പദ്ധതിയിൽനിന്ന് പുറത്തായത്

ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് 84.4 ലക്ഷം പേരെ ഒഴിവാക്കിയതായി റിപ്പോർട്ട്. 2024 ഏപ്രിലിനും സെപ്റ്റംബറിനും ഇടയിലാണ് ഇത്രയുമധികം പേരെ ഒഴിവാക്കിയത്. അക്കാദമിക് വിദഗ്ധരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും കൂട്ടയ്മയായ ലിബ് ടെക് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. അതേസമയം, 45 ലക്ഷം പുതിയ തൊഴിലാളികളെ ഇതിൽ ഉൾപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
തമിഴ്നാട്ടിലാണ് ഏറ്റവുമധികം പേർ പുറത്തായത്, 14.7 ശതമാനം. രണ്ടാം സ്ഥാനത്തുള്ള ഛത്തീസ്ഗഢിൽ 14.6 ശതമാനം പേർ പുറത്തായി. കഴിഞ്ഞ രണ്ട് വർഷങ്ങളിലും 80 ലക്ഷം പേർ പുറത്തായെന്ന റിപ്പോർട്ട് സംഘടന നേരത്തേ പുറത്തുവിട്ടിരുന്നു.
ഈ വർഷം ആന്ധ്രാ പ്രദേശിൽ തെറ്റായിട്ടാണ് 15 ശതമാനം പേരെ പുറത്താക്കിയതെന്ന് ലിബ് ടെക്കിനെ ഉദ്ധരിച്ചുകൊണ്ട് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു. ആധാർ അധിഷ്ഠിത പ്രതിഫല സംവിധാനം (എബിപിഎസ്) കേന്ദ്രം നടപ്പാക്കിയതോടെയാണ് പലരും തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് പുറത്തുപോയതെന്ന് പഠനത്തിൽ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 27 ശതമാനം തൊഴിലാളികളും എബിപിഎസിന് അർഹരല്ല. ഇതിനാൽ തന്നെ ഇത്തരക്കാർക്ക് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകാൻ കഴിയാത്ത സാഹചര്യമാണ്.
ജോബ് കാർഡുമായി ആധാർ ലിങ്ക് ചെയ്യുക, ആധാർ കാർഡിലെയും ജോബ് കാർഡിലെയും പേരുകൾ ഒരുപോലെയാകുക, ബാങ്ക് അക്കൗണ്ടുമായി ആധാറിനെ ബന്ധിപ്പിക്കുക, നാഷനൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഇത് ഉൾപ്പെടുത്തുക എന്നിവ ചെയ്താൽ മാത്രമാണ് എബിപിഎസിന് അർഹരാകൂ. ഗ്രാമങ്ങളിലുള്ള തൊഴിലാളികൾക്ക് ഇതിന് പ്രാപ്യമല്ലാത്ത അവസ്ഥയാണ്. അതിനാൽ തന്നെ തൊഴിൽ നഷ്ടം ഇവരുടെ ജീവിതത്തെ കൂടിയാണ് ബാധിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വ്യക്തികൾ ജോലി ചെയ്ത ദിവസങ്ങളിലും വലിയ കുറവ് വന്നിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി അന്യമാകുന്നതോടെ ഗ്രാമങ്ങളിൽനിന്ന് കുടിയേറ്റം വർധിക്കാൻ കാരണമാകുമെന്നും പഠനത്തിൽ പറയുന്നു. ഈ വർഷം ജനുവരിയിലാണ് ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം കേന്ദ്ര സർക്കാർ നിർബന്ധമാക്കിയത്.
2023 ഒക്ടോബറിൽ 14.3 കോടി സജീവ തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയിലുണ്ടായിരുന്നു. എന്നാൽ, ഈ വർഷം ഒക്ടോബറിൽ എട്ട് ശതമാനം കുറഞ്ഞ് ഇത് 132 ദശലക്ഷമായി മാറിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിലോ നിലവിലെ സാമ്പത്തിക വർഷമോ ഒരു ദിവസമെങ്കിലും ജോലി ചെയ്തവരെയാണ് സജീവ തൊഴിലാളികളായി പരിഗണിക്കുന്നത്. അതേസമയം, ഓരോ സാമ്പത്തിക വർഷവും തൊഴിലാളികളുടെ എണ്ണത്തിൽ മാറ്റമുണ്ടാകാറുണ്ടെന്ന് പറഞ്ഞാണ് കേന്ദ്ര സർക്കാർ എണ്ണം കുറയുന്നതിനെ ന്യായീകരിക്കുന്നത്.
‘തൊഴിലുറപ്പ് പദ്ധതിയെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നു’
പുതിയ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മോദി സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രം വ്യവസ്ഥാപിതമായി ഇല്ലാതാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ ജീവനാഡിയായതിനാൽ തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റിൽ വകയിരുത്തുന്ന തുക വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബജറ്റ് വിഹിതം നിരന്തരം വെട്ടിക്കുറക്കുകയാണ്. ഇതിനാൽ തന്നെ തൊഴിലാളികൾക്ക് മതിയായ കൂലി ലഭിക്കുന്നില്ല. ഇപ്പോൾ സാങ്കേതിക വിദ്യ തെറ്റായ രീതിയിൽ നടപ്പാക്കുന്നതിലൂടെ തൊഴിലാളികൾക്ക് ജോലിയും അവരുടെ ന്യായമായ കൂലിയും നിഷേധിക്കപ്പെടുകയാണെന്നും ജയറാം രമേശ് പറഞ്ഞു.
ജനുവരിയിലാണ് ആധാർ അധിഷ്ഠിത പേയ്മന്റ് സംവിധാനം തൊഴിലുറപ്പ് പദ്ധതിയിൽ നിർബന്ധമാക്കിയത്. ഈ നയംമാറ്റം സൃഷ്ടിച്ച വിനാശകരമായ ആഘാതത്തിന്റെ കണക്ക് നമ്മുടെ മുന്നിലുണ്ട്. നാഷനൽ മൊബൈൽ മോണിറ്ററിങ് സംവിധാനവുമായി സംയോജിപ്പിച്ചാണ് എബിപിഎസ് നടപ്പാക്കിയിട്ടുള്ളത്. ഈ രണ്ട് നയങ്ങളും ആവശ്യാനുസരണം ജോലി ചെയ്യാനുള്ള അവകാശത്തിൻമേലുള്ള ലംഘനമാകുന്നു. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഉറപ്പുനൽകുന്ന വേതനവും നിഷേധിക്കപ്പെടുകയാണ്. ഗ്രാമീണ വികസന മന്ത്രാലയം എബിപിഎസും എൻഎംഎംഎസും അടിയന്തരമായി അവസാനിപ്പിക്കണം. തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതവും തൊഴിലാളികളുടെ കൂലിയും വർധിപ്പിക്കണമെന്നും ജയറാം രമേശ് പറഞ്ഞു.
Adjust Story Font
16

