ഫെബ്രുവരി 28 മുതൽ 8.43 ലക്ഷം ഇന്ത്യക്കാർ ഗൾഫിൽ നിന്ന് തിരിച്ചെത്തി: വിദേശകാര്യ മന്ത്രാലയം
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ വൻതോതിലുള്ള ഏകോപന ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അഡീഷണൽ സെക്രട്ടറി (ഗൾഫ്)

ന്യൂഡൽഹി: ഫെബ്രുവരി 28 മുതൽ ഏകദേശം 8,43,000 ഇന്ത്യക്കാർ ഗൾഫിൽ നിന്ന് തിരിച്ചെത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്റർ-മിനിസ്റ്റീരിയൽ ബ്രീഫിങ്ങിൽ അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ മഹാജനാണ് ഇക്കാര്യം അറിയിച്ചത്. വ്യോമമേഖലയിൽ നിയന്ത്രണങ്ങളും പ്രവർത്തന തടസ്സങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ഗൾഫിലും പശ്ചിമേഷ്യയിലുമുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ വൻതോതിലുള്ള ഏകോപന ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യൻ മിഷനുകൾ 24 മണിക്കൂറും ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്നും ദുരിതബാധിത രാജ്യങ്ങളിലെ പൗരന്മാരെ സജീവമായി സഹായിക്കുന്നുണ്ടെന്നും മഹാജൻ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ദ്രുത ഏകോപനത്തിനായി സമർപ്പിത സംവിധാനം നിലവിലുണ്ടെന്നും മഹാജൻ പറഞ്ഞു. മന്ത്രാലയത്തിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനക്ഷമമാണെന്നും വിദേശത്തുള്ള ഇന്ത്യൻ മിഷനുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും വ്യക്തമാക്കി.
അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഇന്ന് ഏകദേശം 95 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സൗദിയിൽ നിന്നും ഒമാനിൽ നിന്നും വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ തുടരുമെന്നും മഹാജൻ പറഞ്ഞു.
ഖത്തർ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുകയാണ്, ഈ സാഹചര്യത്തിൽ ഖത്തർ എയർവേയ്സ് ഇന്ന് ഇന്ത്യയിലേക്ക് ഏകദേശം 8 മുതൽ 10 വരെ വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് പ്രതീക്ഷയെന്നും അറിയിച്ചു.
കുവൈത്ത് വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ ജസീറ എയർവേയ്സ്, കുവൈത്ത് എയർവേയ്സ് എന്നീ വിമാനക്കമ്പനികൾ സൗദിയിലെ ദമ്മാം വഴി ഷെഡ്യൂൾ ചെയ്യാത്ത സർവീസുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ വ്യോമാതിർത്തി തുറന്നിരിക്കുകയാണെന്നും അവിടെ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായി ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പറഞ്ഞു. സൗദിയിലെ ദമ്മാം വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്യാത്ത വിമാനസർവീസുകൾ നിലവിൽ ഗൾഫ് എയർ സർവീസ് നടത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
Adjust Story Font
16

