അമിതവേഗതയിലെത്തിയ ട്രക്ക് പിന്നില്‍ ഇടിച്ചു, നിയന്ത്രണം വിട്ട മിനി വാന്‍ ബസില്‍ ഇടിച്ചുകയറി; പൂനെയില്‍ ഒന്‍പത് മരണം
പൂനെ-നാസിക് ഹൈവേയില്‍ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം

മുംബൈ: പൂനെയില്‍ മിനി വാനും ബസും കൂട്ടിയിടിച്ച് ഒന്‍പത് പേർ മരിച്ചു. പൂനെ-നാസിക് ഹൈവേ നാരായണ്‍ഗാവില്‍ ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം. അമിതവേഗതയിലെത്തിയ ട്രക്ക് പിന്നില്‍ ഇടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട മിനി വാന്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മിനി വാനില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. ബസിനും ട്രക്കിനും ഇടയില്‍ കുടുങ്ങി മിനി വാന്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ചവരില്‍ ഭൂരിഭാഗവും ജുന്നാറിലെ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. ഹൈവേയിലെ അലെഫട്ടയ്ക്കും നാരായണ്‍ഗാവിനും ഇടയിലുള്ള വ്യത്യസ്ത സ്ഥലങ്ങളിലേക്ക് ഗ്രാമീണരെ കൊണ്ടുപോകുന്ന മിനി വാന്‍ ആണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
നാസിക്കില്‍ നിന്ന് പൂനെ വഴി മഹാബലേശ്വറിലേക്ക് പോവുകയായിരുന്ന ബസ് തകരാര്‍ മൂലം ഹൈവേയുടെ അരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അപകടസമയത്ത് ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. മിനി വാന്‍ ബസിനടുത്തെത്തിയപ്പോള്‍ അമിതവേഗതയിലെത്തിയ ട്രക്ക് മിനി വാനിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട മിനി വാന്‍ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Adjust Story Font
16