Quantcast

കുംഭമേളയിൽ പങ്കെടുക്കാൻ കഴിയില്ല; തടവുകാരെ ജയിലിൽ 'കുളിപ്പിച്ച്' അധികൃതർ

ഗംഗാജലത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജലം ജയിലിലെത്തിച്ച് തടവുകാർ പുണ്യസ്‌നാനം നടത്താൻ സൗകര്യമൊരുക്കിയത്

MediaOne Logo

Web Desk

  • Published:

    23 Feb 2025 1:05 PM IST

90,000 Uttar Pradesh inmates take holy dip with water from Mahakumbh in prison
X

12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയാണ് പ്രയാഗ്‌രാജിലേത്. സൂര്യ, ചന്ദ്ര, വ്യാഴ ഗ്രഹങ്ങൾ പ്രത്യേക രാശിയിൽ എത്തുന്ന, 144 വർഷത്തിലൊരിക്കൽ മാത്രമുണ്ടാകുന്ന അപൂർവതയും ഇത്തവണത്തെ കുംഭമേളയ്ക്കുണ്ട്. എന്നാലിത്തവണത്തെ കുംഭമേള വാർത്തകളിൽ നിറഞ്ഞ പല വിവാദങ്ങളിലൂടെ ആയിരുന്നു. തിക്കിലും തിരക്കിലും പെട്ട് തീർഥാടകർ മരിച്ചതും ത്രിവേണി സംഗമത്തിലെ അണുബാധയുമൊക്കെ കുംഭമേളയെ അന്താരാഷ്ട്രതലത്തിലെത്തിലുമെത്തിച്ചു.

ഇതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിവാദമാണ് ഗംഗാജലത്തിലെ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം. പ്രയാഗ്‌രാജിൽ പലയിടത്തും ഗംഗ കോളിഫോം ബാക്ടീരിയയാൽ മലിനപ്പെട്ടിരിക്കുന്നു എന്ന യു.പി മലിനീകരണ നിയന്ത്രണബോർഡിന്റെ റിപ്പോർട്ട് വലിയ വിവാദത്തിന് തന്നെ തിരികൊളുത്തി.

മനുഷ്യവിസർജ്യത്തിൽ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയ ഗംഗാജലത്തിൽ ധാരാളമായി ഉണ്ടെന്നായിരുന്നു സിപിസിബി റിപ്പോർട്ട്. കുംഭമേളയിലെ പ്രധാന സ്ഥലങ്ങളൊന്നും സ്‌നാനം നടത്താൻ പ്രാപ്തമല്ലെന്നും സിപിസിബി ചൂണ്ടിക്കാട്ടി. ത്രിവേണി സംഗമത്തിൽ കോടിക്കണക്കിന് പേർ സ്‌നാനം ചെയ്യുന്നതിനാൽ ബാക്ടീരിയയുടെ അളവ് കൂടുകയേ ഉള്ളൂവെന്നും ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ മറുവാദവുമായി സർക്കാരും സെലിബ്രിറ്റികളുമടക്കം പലരുമെത്തിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല.

ഗംഗയുടെ ശുദ്ധിയെ സംബന്ധിച്ച് വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ ഇപ്പോഴിതാ ഇത് സംബന്ധിച്ച ഒരു വേറിട്ട വാർത്തയാണ് ഉത്തർപ്രദേശിൽ നിന്നുമെത്തുന്നത്. അശുദ്ധമെന്ന് വാർത്ത വന്ന ഗംഗാജലം യു.പിയിലെ ജയിലുകളിലെത്തിച്ചു എന്നതാണ് ആ വാർത്ത. ഉത്തർപ്രദേശിലെ 90,000ത്തോളം ജയിലുകളിൽ തടവുകാർക്ക് പുണ്യസ്‌നാനം ചെയ്യാനാണ് ഇത്തരമൊരു നീക്കം നടത്തിയത്. ത്രിവേണി സംഗമത്തിൽ നിന്നുള്ള പുണ്യജലം ജയിലുകളിലെത്തിച്ച് തടവുകാർക്ക് പുണ്യസ്‌നാനം നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു.

ലഖ്‌നൗ, അയോധ്യ, അലീഗഢ് എന്നിവിടങ്ങളിലെ തടവുകാരാണ് കുംഭമേളയിൽ പങ്കെടുക്കാതെ തന്നെ പുണ്യസ്‌നാനം ചെയ്യാൻ അവസരം ലഭിച്ചവർ. ഗംഗ, യമുന, സരസ്വതീ നദികൾ ചേരുന്ന ത്രിവേണി സംഗമത്തിലെ ജലത്തിൽ കുളിച്ചാൽ പാപങ്ങളിൽ നിന്ന് മുക്തി നേടാം എന്നാണ് ഹൈന്ദവ വിശ്വാസം. കുംഭമേളയിലെ പ്രധാന ചടങ്ങും, ഷാഹി സ്‌നാൻ, അമൃത് സ്‌നാൻ എന്നൊക്കെ അറിയപ്പെടുന്ന ഈ പുണ്യസ്‌നാനമാണ്. ഈ ചടങ്ങ് നിർവഹിക്കാൻ ജയിൽപ്പുള്ളികൾക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യു.പി സർക്കാർ ജയിലുകളിൽ പുണ്യസ്‌നാനത്തിന് സൗകര്യമൊരുക്കിയത്. പുറത്തുള്ളവർക്ക് ഈ ചടങ്ങ് യഥേഷ്ടം നിർവഹിക്കാം എന്നിരിക്കെ തടവുകാർക്കും അതിന് സാധിക്കണം എന്നതായിരുന്നു ചിന്ത എന്ന് യുപി ജയിൽ വകുപ്പ് മന്ത്രി ദാരാ സിങ് ചൗഹാൻ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്-

'പുണ്യസ്‌നാനം നടത്താൻ തടവുകാർക്ക് അവസരമൊരുക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് യു.പി. ജയിലിന് പുറത്തുള്ളവർക്ക് എപ്പോൾ വേണമെങ്കിലും കുംഭമേളയിൽ പങ്കെടുക്കാം. പക്ഷേ തടവുകാരുടെ അവസ്ഥ അതല്ല. എത്രത്തോളം വിശ്വാസമുണ്ടെങ്കിലും ജയിലിലെ നാല് ചുവരുകൾക്കുള്ളിൽ അവരത് ചുരുക്കണം. അങ്ങനെയാണ് ഇത്തരമൊരു സാധ്യതയെ കുറിച്ച് ചിന്തിക്കുന്നത്. തങ്ങൾക്ക് പുണ്യസ്‌നാനം നടത്തണമെന്ന് തടവുകാർ പറഞ്ഞതോടെ അതെങ്ങനെ ഒരുക്കണം എന്നായി ഞങ്ങളുടെ ചിന്ത. ഞങ്ങളതിന് അവസരമൊരുക്കി എന്നേ ഉള്ളൂ.. തടവുകാർ ഇങ്ങോട്ട് ആവശ്യപ്പെട്ടത് കൊണ്ടുതന്നെ സനാതനധർമത്തിൽ പൂർണമായും അവർക്ക് പങ്കാളികളാകാനായി'

ജയിൽ അധികൃതരുടെ പ്രത്യേക മേൽനോട്ടത്തിലാണ് തടവുകാർ സ്‌നാനം പൂർത്തിയാക്കിയത്. ജയിലുകൾക്കുള്ളിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്തായിരുന്നു ചടങ്ങുകൾ. ത്രിവേണി സംഗമത്തിൽ നിന്നുള്ള ജലം പ്രത്യേക ടാങ്കുകളിൽ നിറച്ചിരുന്നു. ചെറിയ മൺകലങ്ങളിൽ സാദാജലത്തിനൊപ്പം പുണ്യജലം കൂട്ടിച്ചേർത്താണ് തടവുകാർ സ്‌നാനം പൂർത്തിയാക്കിയത്. ശേഷം പൂജയും മറ്റ് പ്രാർഥനകളും നടത്തി. അലിഗഢ് ജയിലിൽ നിന്നുള്ള ഷാഹി സ്‌നാനിന്റെ വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

എല്ലാ മാർഗനിർദേശങ്ങളും പാലിച്ചാണ് തങ്ങൾ ജയിലിൽ പുണ്യസ്‌നാനത്തിന് സൗകര്യമൊരുക്കിയതെന്നും എല്ലാ മതവിഭാഗങ്ങളിലുമുള്ള ആളുകൾ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു എന്നും അലിഗഢ് ജയിൽ സൂപ്രണ്ട് ബ്രിജേന്ദ്ര സിങ് യാദവ് പ്രതികരിച്ചു. അയോധ്യയിൽ 757 തടവുകാർ ജയിലിൽ പുണ്യസ്‌നാനം നടത്തി എന്നാണ് കണക്ക്.

ഫെബ്രുവരി 17നാണ് ഗംഗയിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് വന്നത്. റിപ്പോർട്ട് വലിയ കോളിളക്കം സൃഷ്ടിച്ചെങ്കിലും തികഞ്ഞ അവജ്ഞയോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോർട്ട് തള്ളി. ഗംഗയിലെ ജലം കുടിക്കാൻ വരെ നല്ലതാണെന്നായിരുന്നു യോഗിയുടെ പ്രതികരണം. മലിനീകരണ ബോർഡിന്റെ റിപ്പോർട്ടിന് പിന്നാലെ മന്ത്രിമാരും കലാസാമുദായിക രംഗത്തെ പ്രമുഖരുമടക്കം പുണ്യസ്‌നാനം നടത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.

TAGS :

Next Story