' വീടും കടയും തകർത്തത് നോട്ടീസ് പോലും നൽകാതെ, ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം' ; മഹാരാഷ്ട്രയിൽ ബുൾഡോസർ രാജ്
മഹാരാഷ്ട്രയിൽ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനിടെ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി ആരോപിച്ച് പതിനഞ്ചുകാരനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു

മുംബൈ: മഹാരാഷ്ട്രയിൽ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനിടെ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി ആരോപിച്ച് മുസ്ലിം കുടുംബത്തിന്റെ വീടും ആക്രിക്കടയും ബുൾഡോസർ ഉപയോഗിച്ച് തകർത്തു. സുപ്രീംകോടതി ഉത്തരവ് കാറ്റിൽപറത്തിയാണ് മഹാരാഷ്ട്ര സർക്കാരിന്റെ നടപടി. സംഭവത്തിൽ പതിനഞ്ച്കാരനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സിന്ധുദുർഗിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ സഹോദരനറെ കടയും ബുൾഡോസർ ഉപയോഗിച്ച് തകർത്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടി ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് പോലീസ് നടപടി. വിഎച്ച്പി പ്രവർത്തകനായ സച്ചിൻ വരദ്കർ ആണ് കുട്ടിക്കെതിരെ പരാതി നൽകിയത്. തിങ്കളാഴ്ച തന്നെ കുട്ടിക്കും മാതാപിതാക്കൾക്കുമെതിരെ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ ബുൾഡോസർ ഉപയോഗിച്ച് ഇവരുടെ കടകൾ പൊളിച്ച് കളയുകയായിരുന്നു.
നോട്ടിസുകളോ മുന്നറിയിപ്പുകളോ നൽകാതെയാണ് കുട്ടിയുടെ പിതാവിന്റെയും സഹോദരന്റെയും കടകൾ പൊളിച്ചതെന്ന് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട് ചെയ്തു. കുട്ടിയുടെ പിതാവ് നിയമവിരുദ്ധമായി കട നിർമ്മിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഭൂവുടമയിൽ നിന്ന് പരാതി ലഭിച്ചുവെന്നും, അതിനാലാണ് കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയതെന്നുമാണ് മാൽവാൻ മുനിസിപ്പൽ കൗൺസിൽ ചീഫ് ഓഫീസർ സന്തോഷ് ജിറാഗെയുടെ വിശദീകരണം. പരാതി ഭൂവുടമയിൽ നിന്ന് ലഭിച്ചതിനാലാണ് കുട്ടിയുടെ പിതാവിന് നോട്ടീസ് നൽകാതിരുന്നത്. പ്രദേശത്ത് ആളുകൾ തടിച്ച് കൂടിയതോടെ നടപടിയെടുക്കാൻ നിർബന്ധിതരായെന്നും ജിറാഗെ പറഞ്ഞു.
കുട്ടിയുടെ പിതാവിന്റെ കടയിൽ നിന്ന് 50 അടി അകലെയാണ് സഹോദരന്റെ കട. ഇതും മുന്നറിയിപ്പ് കൂടാതെ പൊളിച്ചിട്ടുണ്ട്. ഇരുവരുടെയും കടകൾ രണ്ട് വ്യത്യസ്ത ഉടമസ്ഥരുടെ സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത്. കൃത്യമായി പണവും വാടകയും നല്കിയതാണെന്നും, എന്തിനാണ് കട പൊളിച്ചതെന്ന് അറിയില്ലെന്നും സഹോദരൻ പ്രതികരിച്ചു.
ചൊവ്വാഴ്ച ജാമ്യം ലഭിച്ച 15 വയസ്സുകാരന്റെ മാതാപിതാക്കളെ ബുധനാഴ്ച സാവന്ത്വാഡി ജയിലിൽ നിന്ന് മോചിപ്പിച്ചു. നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ കുട്ടിയെ തിങ്കളാഴ്ച അമ്മാവന് കൈമാറിയിരുന്നു.
' വീടും കടയും തകർത്തത് നോട്ടീസ് പോലും നൽകാതെ, ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം' ; മഹാരാഷ്ട്രയിൽ ബുൾഡോസർ raj
Adjust Story Font
16

