Quantcast

'വിരമിച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ നിയമനം, ജനാധിപത്യത്തിന് കളങ്കം': ജസ്റ്റിസ് എസ്.അബ്ദുൽ നസീറിനെ ഗവർണറായി നിയമിച്ചതിനെതിരെ എ.എ റഹീം എം.പി

ഇന്ത്യൻ നിയമ വ്യവസ്ഥ, മനുസ്മൃതിയുടെ മഹത്തായ പാരമ്പര്യം തുടർച്ചയായി അവഗണിക്കുകയാണെന്ന് അഭിപ്രായപ്പെട്ട ആളാണ് ജസ്റ്റിസ് അബ്ദുൽ നസീർ

MediaOne Logo

Web Desk

  • Updated:

    2023-02-12 08:57:04.0

Published:

12 Feb 2023 8:27 AM GMT

a a rahim mp criticises appointment of abdul nazeer as governor
X

എ എ റഹീം, ജസ്റ്റിസ് അബ്ദുല്‍ നസീര്‍

ഡല്‍ഹി: ജസ്റ്റിസ് എസ് അബ്ദുൽ നസീറിനെ ആന്ധ്രാ പ്രദേശ് ഗവർണറായി നിയമിച്ചതിനെതിരെ എ.എ റഹീം എം.പി. സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ച് ആറ് ആഴ്ച മാത്രം പൂർത്തിയാകുമ്പോഴാണ് ഗവർണറായുള്ള നിയമനം. ഭരണഘടനാ മൂല്യങ്ങൾക്ക് യോജിക്കാത്തതാണ് കേന്ദ്രനീക്കം. തീരുമാനം അപലപനീയമാണെന്നും ഇന്ത്യൻ ജനാധിപത്യത്തിന് കളങ്കമാണെന്നും എ.എ റഹീം വിമര്‍ശിച്ചു.

2021 ഡിസംബർ 26നു ഹൈദരാബാദിൽ നടന്ന അഖിൽ ഭാരതീയ അധിവക്ത പരിഷത്ത് നാഷണൽ കൗൺസിൽ മീറ്റിങ്ങിൽ ജസ്റ്റിസ് എസ് അബ്ദുൽ നസീര്‍ പങ്കെടുത്തത് വിവാദമായിരുന്നുവെന്ന് എ.എ റഹീം കുറിച്ചു. സംഘപരിവാർ അഭിഭാഷക സംഘടനയാണിത്. ആ പ്രസംഗത്തിൽ ഇന്ത്യൻ നിയമ വ്യവസ്ഥ, മനുസ്മൃതിയുടെ മഹത്തായ പാരമ്പര്യം തുടർച്ചയായി അവഗണിക്കുകയാണെന്ന് അഭിപ്രായപ്പെട്ട ആളാണ് ജസ്റ്റിസ് അബ്ദുൽ നസീർ. ഉന്നത നീതിപീഠത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു ന്യായാധിപൻ പുലർത്തേണ്ട ഉയർന്ന നിഷ്പക്ഷതയും ഭരണഘടനയോടുള്ള കൂറുമല്ല ഈ വാക്കുകളിൽ കണ്ടതെന്നും എ.എ റഹീം വിമര്‍ശിച്ചു. അയോധ്യ കേസിൽ അന്തിമ വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്നു ഇദ്ദേഹമെന്ന് ഓര്‍ക്കണമെന്നും റഹിം കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

സുപ്രിംകോടതിയിൽ നിന്നും ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീർ വിരമിച്ചത് ഇക്കഴിഞ്ഞ ജനുവരി നാലിന്. ഇന്നേയ്ക്ക് കഷ്ടിച്ച് വെറും ആറ് ആഴ്ച മാത്രമാകുന്നു. ഇന്ന് അദ്ദേഹത്തെ ആന്ധ്രാ പ്രദേശ് ഗവർണറായി നിയമിച്ചു. അയോധ്യ കേസിൽ അന്തിമ വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്നു ഇദ്ദേഹം എന്നോർക്കണം.

2021 ഡിസംബർ 26നു ഹൈദരാബാദിൽ നടന്ന അഖിൽ ഭാരതീയ അധിവക്ത പരിഷത്ത് നാഷണൽ കൗൺസിൽ മീറ്റിങ്ങിൽ അദ്ദേഹം പങ്കെടുത്തത് വിവാദമായിരുന്നു. സംഘപരിവാർ അഭിഭാഷക സംഘടനയാണിത്. അവിടുത്തെ പ്രസംഗത്തിൽ,"ഇന്ത്യൻ നിയമ വ്യവസ്ഥ, മനുസ്മൃതിയുടെ മഹത്തായ പാരമ്പര്യം തുടർച്ചയായി അവഗണിക്കുകയാണെന്ന്" അഭിപ്രായപ്പെട്ട ആളാണ് ശ്രീ അബ്ദുൽ നസീർ. ഉന്നത നീതിപീഠത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു ന്യായാധിപൻ പുലർത്തേണ്ട ഉയർന്ന നിഷ്പക്ഷതയും ഭരണഘടനയോടുള്ള കൂറുമല്ല ഈ വാക്കുകളിൽ കണ്ടത്. ഇപ്പോൾ അദ്ദേഹത്തിന് ഗവർണർ പദവി ലഭിച്ചിരിക്കുന്നു. ഭരണഘടനാപരമായ മൂല്യങ്ങൾക്ക് ചേർന്നതല്ല ഈ കേന്ദ്രസർക്കാർ നീക്കം.

ജസ്റ്റിസ് അബ്ദുൽ നസീറിനെ ഗവർണറായി നിയമിക്കാനുള്ള തീരുമാനം അങ്ങേയറ്റം അപലപനീയമാണ്. അത്തരം ഒരു വാഗ്ദാനം ജസ്റ്റിസ് അബ്ദുൽ നസീർ നിരസിക്കുകയാണ് വേണ്ടത്. നിയമ വ്യവസ്ഥയിലുള്ള വിശ്വാസം രാജ്യത്തിന് നഷ്ടപ്പെട്ട് കൂടാ. മോദി സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന് കളങ്കമാണ്.

TAGS :

Next Story