അഹമ്മദാബാദിൽ വിമാനത്തിൽനിന്ന് ബോംബ് ഭീഷണി കത്ത് കണ്ടെത്തി
യാത്രക്കാരോട് അന്വേഷണത്തിനായി എയർപോർട്ടിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്

അഹമ്മദാബാദ്: വിമാനത്തിൽ ബോംബ് ഭീഷണി കത്ത് കണ്ടെത്തിയതിനെ തുടർന്ന് അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതീവ ജാഗ്രത. സൗദി അറേബ്യയിലെ ജിദ്ദയിൽനിന്ന് തിങ്കളാഴ്ച രാവിലെ 9.30ന് അഹമ്മദാബാദിൽ ഇറങ്ങിയ ഇൻഡിഗോ വിമാനത്തിലാണ് ഭീഷണി കത്ത് ഉണ്ടായിരുന്നത്. യാത്രക്കാർ ഇറങ്ങിയശേഷം നടന്ന സുരക്ഷാ പരിശോധനയിൽ കത്ത് കണ്ടെത്തുകയായിരുന്നു.
‘അഹമ്മദാബാദ് സിറ്റി പൊലീസ്, ബോംബ് സ്ക്വാഡ്, സിഐഎസ്എഫ് എന്നിവയുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണെന്ന് അഹമ്മദാബാദ് ജോയിന്‍റ് കമ്മീഷണർ ഓഫ് പൊലീസ് ക്രൈം ശരദ് സിംഗാൾ പറഞ്ഞു. വിമാനത്തിലെ യാത്രക്കാരോട് അന്വേഷണത്തിനായി എയർപോർട്ടിൽ തുടരാൻ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യൻ വിമാനങ്ങൾക്ക് നേരെ വലിയ രീതിയിലുള്ള വ്യാജ ബോംബ് ഭീഷണികളാണ് ഉയർന്നിരുന്നത്. 2024ൽ മാത്രം 728 ബോംബ് ഭീഷണികളാണ് ലഭിച്ചത്. ഇതിൽ 714 എണ്ണവും ആഭ്യന്തര സർവീസുകൾക്ക് നേരെയായിരുന്നുവെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു.
ബോംബ് ഭീഷണി വർധിച്ചതോടെ കടുത്ത നടപടിയുമായി മുന്നോട്ടുപോവുകയാണ് കേന്ദ്ര സർക്കാർ. ഭീഷണി സന്ദേശവുമായി ഫോൺ വിളിക്കുന്നവരെ വിമാനയാത്രയിൽനിന്ന് വിലക്കുക, കൂടുതൽ എയർ മാർഷലുകളെ ഉൾപ്പെടുത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കും.
Adjust Story Font
16

